കോഴിക്കോട്: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം ആസ്പദമാക്കി സിനിമയെടുത്ത സംവിധായകന് പോലീസിന്റെ ക്രൂരതയ്ക്ക് ഇരയാകുന്നു. സംവിധായകന്‍ മൊയ്തു താഴത്തിന്റെ പാസ്പോര്‍ട്ട് പോലീസ് തടഞ്ഞുവെച്ചതായി പരാതി. ടി.പി 51 എന്ന സിനിമയെടുത്തത് മുതല്‍ തനിക്ക് ഭീഷണിയുണ്ടായിരുന്നതായും തന്റെ പാസ്പോര്‍ട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് വെരിഫിക്കേഷന്‍ വന്നപ്പോള്‍ തടഞ്ഞുവെച്ചുവെന്നുമാണ് മൊയ്തു താഴത്ത് ആരോപിക്കുന്നത്.
വളപ്പില്‍ മൊയ്തുവെന്ന സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ പേരിലായിരുന്നു പാസ്പോര്‍ട്ട്. പോലീസ് അന്വേഷണം വന്ന സമയത്ത് താങ്കള്‍ ടി.പി 51 സിനിമയെടുത്തത മൊയ്തു താഴത്തല്ലേയെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ചോദിക്കുകയും താങ്കളുടെ പേരില്‍ ക്രമിനല്‍ കേസുണ്ടെന്ന് പറഞ്ഞ് തിരിച്ചയക്കുകയുമായിരുന്നുവെന്ന് മൊയ്തു പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്നെ കോടതി വെറുതെവിട്ട കേസിന്റെ പേരിലാണ് പാസ്പോര്‍ട്ട് തിരിച്ചയച്ചത്. ഇത് സിനിമയെടുത്തതിന്റെ വൈരാഗ്യത്തില്‍ പോലീസുകാരന്‍ മനപൂര്‍വം ചെയ്തതാണെന്നും മൊയ്തു താഴത്ത് ആരോപിച്ചു.