സെൻകുമാർ പിണറായിക്കു ടിപി ആയതിനു പിന്നിൽ: സിപിഎമ്മിനും സർക്കാരിനും സെൻകുമാർ വിരുദ്ധജ്വരം ബാധിച്ചത് ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ടിപി എന്ന പേര് സിപിഎമ്മിനെയും പിണറായി വിജയനെയും വിടാതെ പിൻതുടരുകയാണ്. ടി.പി ചന്ദ്രശേഖരനു പിന്നാലെ ഇപ്പോൾ സിപിഎമ്മിനും പിണറായി വിജയനും ഭയം സൃഷ്ടിക്കുന്നത് ടി.പി സെൻകുമാർ എന്ന സംസ്ഥാന പൊലീസ് മേധാവിയാണ്. പൊലീസിനെ ഭരിക്കാൻ ഇ ടി.പി എത്തും മുൻപു തന്നെ ഇദ്ദേഹത്തോടെ പിണറായി വിജയനും സിപിഎമ്മിനും കലിപ്പു തുടങ്ങിയിരുന്നു. ഇതിന്റെ കാരണങ്ങൾ ഇങ്ങനെ ;
2004ൽ ഐജിയായിരിക്കെ, എംജി കോളേജിൽ എബിവിപി പ്രവർത്തകർക്കെതിരെ പൊലീസ് നടപടിയ്ക്കിടയ്ക്ക് വിദ്യാർത്ഥികളെ ക്ലാസ്സുമുറിയിൽ കയറി തല്ലിയതിന് അദ്ദേഹം കോൺസ്റ്റബിളിന്റെ കോളറിനുപിടിച്ച് വിലക്കിയത് വലിയ വിവാദമായിരുന്നു. പൊതുജനങ്ങൾ മാത്രമല്ല, പൊലീസും നിയമം പാലിക്കണമെന്നായിരുന്നു സെൻകുമാറിന്റെ അന്നത്തെ മറുപടി. 2006ൽ ഇടതു മന്ത്രിസഭ അധികാരത്തിലേറിയ ഉടൻ തന്നെ സെൻകുമാറിനെ പൊലീസ് വകുപ്പിൽ നിന്നു മാറ്റി കെഎസ്ആർടിസി എംഡിയായി നിയമിച്ചു. 2010ൽ ട്രാൻസ്പോർട്ട് കമ്മീഷണറായും.
പിന്നീട് 2011ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭ അധികാരത്തിൽ വന്ന ഉടനെ സെൻകുമാറിനെ വീണ്ടും പൊലീസ് വകുപ്പിലേക്ക് എത്തിച്ചു. 2012-2013 കാലത്ത് ഇന്റലിജൻസ് എഡിജിപിയായിരുന്നപ്പോൾ ദരിദ്രരെയും ഉപേക്ഷിക്കപ്പെട്ടവരെയും കുറിച്ചുള്ള വാർത്താശകലങ്ങൾ ശേഖരിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് അയച്ചു കൊടുത്തു. അവർക്കായി ഒരു സ്ഥിരം ഫണ്ട് മുഖ്യമന്ത്രി ഉടൻ തന്നെ തുടങ്ങുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ജയിലിൽ ഫെയ്സ്ബുക്കും മൊബൈൽ ഫോണും ഉപയോഗിക്കുന്നത് വിവാദമായതിനെത്തുടർന്ന് ഉമ്മൻചാണ്ടി സർക്കാർ ജയിൽ ഡിജിപി സ്ഥാനത്തുനിന്ന് അലക്സാണ്ടർ ജേക്കബിനെ മാറ്റി. പകരം സെൻകുമാറിന് ജയിൽ ഡിജിപിയുടെ അധികച്ചുമതല കൂടി നൽകി.
മുസ്ലീം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ, ആർഎസ്സ്എസ്സ് പ്രവർത്തകൻ കതിരൂർ മനോജ് വധക്കേസുകളിൽ പി ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്കെതിരായ അന്വേഷണത്തിലെ കർശന നിലപാട് കാരണം പിന്നെയും സെൻ കുമാർ സിപിഎമ്മിന്റെ വിരോധം നേടി. ജയിൽ ഡിജിപിയുടെ ചാർജ് വഹിച്ചപ്പോൾ ടിപി കേസിലെ പ്രതികൾ അനുഭവിച്ചുവന്ന സൗകര്യങ്ങൾ അവസാനിപ്പിക്കാൻ നടപടിയെടുത്തതും അപ്രീതിക്ക് കാരണമായി.
ഇതിന്റെയൊക്കെ തുടർച്ചയായാണ് പിണറായി വിജയൻ സർക്കാർ അധികാരത്തിലേറിയ ഉടനെ തന്നെ, 2016 ജൂൺ 1ന്, സെൻകുമാറിനെ പൊലീസ് ഹൗസിങ് കോർപ്പറേഷൻ എംഡിയായി സ്ഥലം മാറ്റി 1983 ബാച്ച് ഐപിഎസ് ഓഫീസറായ ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയായി നിയമിച്ചത്.
സംഭവബഹുലമായ കരിയർ
1983 ബാച്ച് ഐപിഎസ് ഓഫീസറായ ടിപി സെൻകുമാർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലാണ് പഠിച്ചത്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നിയമബിരുദവും നേടിയിട്ടുള്ള സെൻകുമാർ 1981ൽ ഇന്ത്യൻ എക്കണോമിക് സർവീസിൽ പ്രവേശനം നേടിയിരുന്നു.
തുടക്കത്തിൽ തലശ്ശേരിയിലും കണ്ണൂരിലും ഏഎസ്പി. 1991 മുതൽ 1995 വരെ ഗവർണറുടെ ഏഡിസി. പിന്നീട് ഒരു വർഷത്തോളം കൊച്ചി പൊലീസ് കമ്മീഷണർ. 2004ൽ വിജിലൻസ് ഐജി.

2005ൽ എംജി കോളേജിൽ എബിവിപി പ്രവർത്തകർക്കെതിരെ പൊലീസ് നടപടിക്കിടയ്ക്ക് വിദ്യാർത്ഥികളെ ക്ലാസ്സുമുറിയിൽ കയറി തല്ലിയതിന് കോൺസ്റ്റബളിന്റെ കോളറിനുപിടിച്ച് വിലക്കിയത് വലിയ വിവാദമായിരുന്നു. പൊതുജനങ്ങൾ മാത്രമല്ല, പൊലീസും നിയമം പാലിക്കണമെന്നായിരുന്നു സെൻകുമാറിന്റെ മറുപടി.

2006ൽ ഇടതു മന്ത്രിസഭ അധികാരത്തിലേറിയപ്പോൾ സെൻകുമാറിനെ പൊലീസ് വകുപ്പിൽ നിന്നു മാറ്റി കെഎസ്ആർടിസി എംഡിയായി നിയമിച്ചു. 2010ൽ ട്രാൻസ്പോർട്ട് കമ്മീഷണറായും.

2011ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭ അധികാരത്തിലേറിയപ്പോൾ വീണ്ടും പൊലീസ് വകുപ്പിലേക്ക്. 2012-2013 കാലത്ത് ഇന്റലിജൻസ് എഡിജിപിയായിരുന്നപ്പോൾ ദരിദ്രരെയും ഉപേക്ഷിക്കപ്പെട്ടവരെയും കുറിച്ചുള്ള വാർത്താശകലങ്ങൾ ശേഖരിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് അയച്ചു കൊടുത്തു. അവർക്കായി ഒരു സ്ഥിരം ഫണ്ട് മുഖ്യമന്ത്രി ഉടൻ തന്നെ തുടങ്ങുകയും ചെയ്തു.

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ജയിലിൽ ഫെയ്സ്ബുക്കും മൊബൈൽ ഫോണും ഉപയോഗിക്കുന്നത് വിവാദമായതിനെത്തുടർന്ന് ഉമ്മൻചാണ്ടി സർക്കാർ ജയിൽ ഡിജിപി സ്ഥാനത്തുനിന്ന് അലക്സാണ്ടർ ജേക്കബിനെ മാറ്റി സെൻകുമാറിന് ജയിൽ ഡിജിപിയുടെ അധികച്ചുമതല കൂടി നൽകി.
2015 മേയ് 31ന് ഡിജിപി ബാലസുബ്രഹ്മണ്യം വിരമിച്ചതിനെത്തുടർന്ന് കേരള പൊലീസ് മേധാവിയായി നിയമിതനായി.

സീനിയോറിറ്റിയിൽ മഹേഷ് കുമാർ സിംഗ്ലയെ മറികടന്നാണ് ഉമ്മൻ ചാണ്ടി മന്ത്രിസഭ, സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചത്. പ്രകാശ് സിങ് കേസിൽ സുപ്രീം കോടതി വിധി പ്രകാരം ഡിജിപിയായി നിയമിക്കപ്പെടുന്നയാൾ രണ്ട് വർഷമെങ്കിലും ആ പദവിയിലിരിക്കണമെന്നാണ്. ഇത് കണക്കിലെടുത്താണ് രണ്ട് വർഷംകൂടി സർവീസ് ഉള്ള സെൻകുമാറിനെ ഡിജിപിയായി നിയമിച്ചത്.

മുസ്ലീം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ, ആർഎസ്സ്എസ്സ് പ്രവർത്തകൻ കതിരൂർ മനോജ് വധക്കേസുകളിൽ പി ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്കെതിരായ അന്വേഷണത്തിലെ കർശന നിലപാട് സിപിഎമ്മിന്റെ വിരോധം നേടി. ജയിൽ ഡിജിപിയുടെ ചാർജ് വഹിച്ചപ്പോൾ ടിപി കേസിലെ പ്രതികൾ അനുഭവിച്ചുവന്ന സൗകര്യങ്ങൾ അവസാനിപ്പിക്കാൻ നടപടിയെടുത്തതും അപ്രീതിക്ക് കാരണമായിരുന്നു.

2016 ഏപ്രിൽ 10ന് ഉണ്ടായ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ടു മറികടന്ന് കുറ്റാരോപിതരായ പൊലീസുദ്യോഗസ്ഥരെ സംരക്ഷിക്കാൻ ശ്രമിച്ചതും, പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതിയെ കണ്ടെത്താൻ കഴിയാഞ്ഞതും സെൻകുമാറിന് വിനയായി. ഇത് ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയൻ സർക്കാർ അധികാരത്തിലേറിയ ഉടനെ തന്നെ, 2016 ജൂൺ 1ന്, സെൻകുമാറിനെ പൊലീസ് ഹൗസിങ് കോർപ്പറേഷൻ എംഡിയായി സ്ഥലം മാറ്റിയിട്ട് 1983 ബാച്ച് ഐപിഎസ് ഓഫീസറായ ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയായി നിയമിച്ചത്.

തന്നെ തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ച് സെൻകുമാർ നീണ്ട അവധിയിൽ പ്രവേശിക്കുകയും സർക്കാർ നടപടിക്കെതിരെ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും അനുകൂലവിധിയുണ്ടായില്ല. തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചു.
എട്ടു മാസത്തിനു ശേഷം, തന്നെ സർവീസിൽ തിരികെയെടുക്കണമെന്ന് സെൻകുമാർ സർക്കാരിനോട് അപേക്ഷിച്ചതിനെത്തുടർന്ന് 2017 ഫെബ്രുവരി 17ന് ഐഎംജി ഡയറക്ടർ ജനറലായി നിയമിച്ചു. 2017 ജൂൺ 30 വരെ സെൻകുമാറിന് സർവീസുണ്ട്.

സെൻകുമാർ രാഷ്ട്രീയ എതിരാളിയല്ല, കാര്യപ്രാപ്തി ഇല്ലാത്ത ഉദ്യോഗസ്ഥനായതിനാലാണ് സ്ഥലം മാറ്റിയതെന്ന് 2017 മാർച്ച് 23ന് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. സർക്കാർ സത്യവാങ്മൂലം കളവാണെന്ന് രേഖകൾ സഹിതം സെൻകുമാർ മാർച്ച് 25ന് എതിർ സത്യവാങ്മൂലം നൽകി.

സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്നും മാറ്റിയതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാനും, പുറ്റിങ്ങൽ, ജിഷ കേസുകളുടെ അന്വേഷണ പുരോഗതി അറിയിക്കാനും മാർച്ച് 30ന് സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

2017 ഏപ്രിൽ 10 രേഖകൾ സമർപ്പിക്കാൻ സാവകാശത്തിനായി കേസ് രണ്ട് ദിവസം നീട്ടി വെയ്ക്കണമെന്ന സംസ്ഥാന സർക്കാർ അപേക്ഷ സുപ്രീം കോടതി തള്ളി, കേസ് പരിഗണിച്ചു.
2017 ഏപ്രിൽ 24 ടി.പി.സെൻകുമാറിനെ ഡി.ജി.പി സ്ഥാനത്തുനിന്ന് നീക്കിയ സംസ്ഥാന സർക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കി. സെൻകുമാറിനെ മാറ്റാനുള്ള സർക്കാർ തീരുമാനം രാഷ്ട്രീയ പ്രേരിതമാകാമെന്ന നിരീക്ഷണവും കോടതി വിധിയിൽ.
2017 ഏപ്രിൽ 27 സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് നിയമസെക്രട്ടറിയുടെ റിപ്പോർട്ട്. പുനപരിശോധന ഹർജിക്ക് സാധ്യതയില്ലെന്നും നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് ചീഫ് സെക്രട്ടറിയെ അറിയിച്ചു.
2017 ഏപ്രിൽ 28 സെൻകുമാർ കേസിലെ വിധിയിൽ വ്യക്തതതേടി സംസ്ഥാന സർക്കാർ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയുടെ നിയമോപദേശം തേടി.
2017 ഏപ്രിൽ 29 ഡി.ജി.പിയാക്കാനുള്ള വിധി നടപ്പാക്കാൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ തടസ്സം നിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ടി.പി.സെൻകുമാർ സുപ്രീംകോടതിയിൽ കോടതി അലക്ഷ്യഹർജി സമർപ്പിച്ചു.
2017 ഏപ്രിൽ 30 ടി.പി.സെൻകുമാറിനെ പൊലീസ് മേധാവിയായി വീണ്ടും നിയമിക്കുന്നകാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി. സുപ്രീം കോടതി വിധി വന്നാൽ പിറ്റേ ദിവസം തന്നെ നടപ്പാക്കാനാകില്ലെന്നും പിണറായി വിശദീകരിച്ചു.
2017 മേയ് 03 വിധിയിൽ വ്യക്തത തേടിയും ഭേദഗതി തേടിയും സർക്കാർ സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചു.
2017 മേയ് 5 വ്യക്തത തേടിയുള്ള സർക്കാരിന്റെ അപേക്ഷ സുപ്രീം കോടതി തള്ളി, 25000 രൂപ പിഴയും കേരള സർക്കാരിനുമേൽ ചുമത്തി.

Top