മാനഭംഗത്തിനു ശ്രമിച്ച അക്രമിയില്‍ നിന്നു രക്ഷപെടാന്‍ വീട്ടമ്മ ട്രെയിനില്‍ നിന്നു ചാടി

സിലിഗുരി (പശ്ചിമ ബംഗാള്‍): മദ്യലഹരിയില്‍ കടന്നുപിടിക്കാന്‍ ശ്രമിച്ച സഹയാത്രക്കാരായ അക്രമികളില്‍നിന്ന് രക്ഷപ്പെടാന്‍ പത്തുമാസം പ്രായമായ കുഞ്ഞുമായി യുവതി ട്രെയിനില്‍നിന്ന് ചാടി. സാരമായി പരിക്കേറ്റ ഇവര്‍ റെയില്‍വേ ആശുപത്രിയില്‍ ചികിത്സയിലാണ്. പശ്ചിമ ബംഗാളിലെ അലിപുര്‍ദ്വാറില്‍ ബുധനാഴ്ചയാണ് സംഭവം.
ഭര്‍ത്താവിനൊപ്പം യാത്രചെയ്യുകയായിരുന്ന കൂച്ച്‌ബെഹര്‍ ജില്ലയിലെ ദിന്‍ഹത്തയില്‍നിന്നുള്ള യുവതിക്ക് നേരെയാണ് മദ്യപിച്ച് ലക്കുകെട്ട ഒരു സംഘം സഹയാത്രികര്‍ ആക്രമണം അഴിച്ചുവിട്ടത്. ചുടുകട്ട നിര്‍മാണ ഫാക്ടറിയിലെ ജീവനക്കാരായ യുവതിയും ഭര്‍ത്താവും ഖാസിയാബാദില്‍നിന്നാണ് ട്രെയിനില്‍ കയറിയത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലായിരുന്നു യാത്ര. ട്രെയിന്‍ സിലിഗുരി സ്റ്റേഷനിലത്തെിയപ്പോള്‍ ഭൂരിഭാഗം യാത്രക്കാരും ആര്‍.പി.എഫ് ഉദ്യോഗസ്ഥരും ഇറങ്ങിയതിനാല്‍ കമ്പാര്‍ട്ട്‌മെന്റ് ശൂന്യമായി. ഇതോടെ 10 യുവാക്കളുടെ സംഘം യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഭര്‍ത്താവ് തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേതുടര്‍ന്നാണ് ഇവര്‍ കുഞ്ഞിനേയും കൊണ്ട് പുറത്തേക്ക് ചാടിയത്. ഇവര്‍ക്കൊപ്പം ഭര്‍ത്താവും ചാടി. സാരമായി പരിക്കേറ്റിട്ടും കൊടും കാട്ടിലൂടെ രണ്ട് കിലോമീറ്റര്‍ നടന്നാണ് അടുത്ത സ്റ്റേഷനിലത്തെി റെയില്‍വേ അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് മൂവരേയും അലിപുര്‍ദ്വാറിലെ റെയിവേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരുത്തരവാദപരമായി പെരുമാറിയ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്കെതിരെയും റെയില്‍വേ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ട്രെയിന്‍ യാത്രക്കാരായ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ റെയില്‍വേയുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന വിമര്‍ശവും ഉയര്‍ന്നിട്ടുണ്ട്.

Top