കൊച്ചി: പ്രവാസി ഭാര്യമാരെ പ്രത്യേകം പരിഗണിച്ച് ഹയര്‍ സെക്കന്‍ഡറി വകുപ്പ്. സാധാരണ ഹയര്‍ സെക്കന്‍ഡറി വകുപ്പിലെ അദ്ധ്യാപക സ്ഥലംമാറ്റങ്ങളെക്കുറിച്ച് പരക്കെ പരാതികളാണ്. പക്ഷേ, പ്രവാസികളുടെ ഭാര്യമാര്‍ ഹാപ്പിയാണ്. അവരോട് വകുപ്പ് കാട്ടുന്ന സ്‌നേഹവും അനുകമ്പയും തന്നെ കാരണം. ഇക്കൊല്ലത്തെ ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപക സ്ഥലംമാറ്റപ്പട്ടികയില്‍ അന്ധര്‍ക്ക് പോലുമില്ലാത്ത പരിഗണനയാണ് പ്രവാസികളുടെ ഭാര്യമാര്‍ക്ക് ലഭിച്ചതെന്നാണ് ആക്ഷേപം.
അംഗപരിമിതരുള്‍പ്പടെ പ്രത്യേക പരിഗണന വേണ്ടവരെ കാസര്‍കോട്ടേക്കും ഇടുക്കിക്കും വയനാട്ടിനുമൊക്കെ പറപ്പിച്ചപ്പോള്‍, ഗള്‍ഫുകാരുടെ ഭാര്യമാരില്‍ പലര്‍ക്കും മാറ്റം ചോദിച്ച സ്ഥലങ്ങളില്‍. കരട് സ്ഥലംമാറ്റപ്പട്ടികയിലെ 390 പേരില്‍ 100 പേരും അവരാണ് .
ഓണ്‍ലൈന്‍ വഴിയായിരുന്നു ഇക്കുറി നടപടി ക്രമങ്ങള്‍. മുന്‍ഗണനാ പട്ടികയില്‍ പട്ടിക വിഭാഗക്കാര്‍, അന്ധര്‍, വികലാംഗര്‍, ബുദ്ധിമാദ്ധ്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍, മിശ്രവിവാഹിതര്‍, വികലാംഗകള്‍, വിധവ/വിഭാര്യന്‍ എന്നിവരുടെ ആദ്യ ഓപ്ഷന്‍ പരിഗണിക്കണമെന്നാണ് ചട്ടം. ഏറ്റവും അവസാനമാണ് പ്രവാസിയുടെ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്. എന്നാല്‍,ഇച്ഛിച്ച സ്ഥലത്തേക്ക് മാറ്റം കിട്ടിയ 76 ഇംഗ്ലീഷ് അദ്ധ്യാപകരില്‍ 25 പേരും പ്രവാസി ഭാര്യമാര്‍. മിശ്രവിവാഹിതരായ 60 പേരും പട്ടികയില്‍ ഇടം ലഭിച്ചു. ബുദ്ധിമാന്ദ്യമുള്ളവരുടെ മാതാപിതാക്കള്‍ വിഭാഗത്തില്‍ ഒരാളും അന്ധരില്‍ മൂന്ന് പേരും.
പട്ടിക വിഭാഗക്കാര്‍ -159. പ്രവാസിയുടെ ഭാര്യ/ ഭര്‍ത്താവ് -100. മിശ്രവിവാഹിതര്‍ -60. വിധവ/ വിഭാര്യന്‍ -24. വികലാംഗര്‍ -9. എക്സ് സര്‍വീസ് -5. സ്വാതന്ത്ര സമരസേനാനിയുടെ മക്കള്‍ -3. അന്ധര്‍/ ബധിരര്‍ -3. ബുദ്ധിമാന്ദ്യമുള്ളവുടെ മാതാപിതാക്കള്‍ -1. മറ്റുള്ളവര്‍ 10 ( ജവാന്മാരുടെ ആശ്രിതര്‍, ബുദ്ധിമാന്ദ്യമുള്ളവര്‍ തുടങ്ങിയവര്‍)