കൊച്ചി:ആരാണ് തൃപ്തി ദേശായി..?ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായി പഴയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണെന്നും പിന്നീട് അവര്‍ ബി.ജെ.പിയുമായി സഖ്യമായെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു .അതുകൊണ്ട് തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയോ പറഞ്ഞാല്‍ അവര്‍ കൊച്ചിയില്‍ നിന്നും മടങ്ങിപ്പോയ്‌ക്കോളുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു. നിലയ്ക്കലില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല യുവതീപ്രവേശം തലക്കെട്ടുകളില്‍ നിറഞ്ഞപ്പൊഴൊക്കെ തലക്കെട്ടുകളില്‍ തൃപ്തി ദേശായിയുമുണ്ട്. ഇപ്പോഴിതാ അത് പുതിയ തലങ്ങളിലേക്ക് കടന്നിരിക്കുന്നു. ആരാണ് ഈ തൃപ്തി ദേശായി…?ലിംഗസമത്വത്തിനുവേണ്ടി വാദിക്കുന്ന ആക്ടിവിസ്റ്റാണ് തൃപ്തി ദേശായി. പുണൈ ആസ്ഥാനമായി ഭൂമാതാ ബ്രിഗേഡ് എന്നപേരില്‍ 2010 ല്‍ ഒരു സംഘടനയുണ്ടാക്കിയതോടെയാണ് തൃപ്തി ദേശായി എന്ന പേര് ദേശീയതലത്തില്‍ ശ്രദ്ധേയമാകുന്നത്. ക്ഷേത്രങ്ങളിലെ ആരാധനകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കുന്നതിനെതിരായാണ് ഇവരുടെ പ്രധാന പോരാട്ടം. മഹാരാഷ്ട്രയിലെ ശനി ശിഖ്നാപൂര്‍ ക്ഷേത്രത്തിലും ഹാജി അലി ദര്‍ഗയിലും സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനായി സമരം ചെയ്തതോടെ ഇത്തരം പോരാട്ടങ്ങളുടെ മുഖമായി തൃപ്തിയുടെ ഭൂമാതാ ബ്രിഗേഡ് മാറി.
ശനി ക്ഷേത്രത്തില്‍ വനിതകളെ കയറ്റില്ലെന്ന 400 വര്‍ഷം പഴക്കമുള്ള ആചാരമാണ് ഭൂമാതാ ബ്രിഗേഡ് തിരുത്തിയത്. നാനൂറോളം സ്ത്രീകളുമായി ക്ഷേത്രത്തില്‍ പ്രവേശനത്തിനെത്തിയ തൃപ്തിയെ നാട്ടുകാര്‍ തടഞ്ഞു. ഹര്‍ജിയുമായി തൃപ്തി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ക്ഷേത്രപ്രവേശനത്തിന് ലിംഗവിവേചനം പാടില്ലെന്ന് തൃപ്തിയെ ശരിവച്ച് കോടതി ഉത്തരവ് വന്നതോടെ തൃപ്തിയുടെ സമരം ഫലം കണ്ടു. കോടതി ഉത്തരവോടെ ഹാജി അലി ദര്‍ഗയിലും സ്ത്രീകള്‍ക്ക് പ്രവേശനം ലഭിച്ചു. കോലാപ്പൂരിലെ മഹാലക്ഷ്മി ക്ഷേത്രത്തില്‍ തൃപ്തിയുടെ പ്രവേശനം രോഷാകുലരായ പുരോഹിതരുടെ ആക്രമണം വകവയ്ക്കാതെയായിരുന്നു.
ഈറനോടെയെത്തുന്ന പുരുഷന്‍മാര്‍ക്കുമാത്രം പ്രവേശനമുണ്ടായിരുന്ന നാസിക്കിലെ ത്രയംബകേശ്വര്‍ ക്ഷേത്രത്തില്‍ ഇൗറനുടുത്ത് പൊലീസ് പിന്തുണയോടെ തൃപ്തി ചരിത്രം തിരുത്തി. പ്രതിഷേധക്കൊടുങ്കാറ്റ് പ്രതീക്ഷിച്ചുതന്നെയാണ് ശബരിമലയിലേക്കുള്ള വരവും. യുവതീപ്രവേശം അനുവദിച്ച് സുപ്രീംകോടതി വിധിയെത്തിയ ഉടന്‍ ദര്‍ശനത്തിനെത്തുമെന്ന് തൃപ്തി പ്രതികരിച്ചിരുന്നു.
വൃശ്ചികം ഒന്നിന് ഏഴംഗ സംഘവുമായി ശബരിമല കയറാന്‍ വരുമ്പോള്‍, തൃപ്തി ദേശായിക്ക് 33 വയസ്. ഒപ്പമുള്ളവര്‍, മാനിഷ രാഹുല്‍ തിലേക്കര്‍-42 വയസ്. ഭൂമാത് ബ്രിഗേഡ് അംഗം. മിനാക്ഷി രാമചന്ദ്ര ഷിന്‍ഡേ-46 വയസ്, സ്വാതി കിഷന്‍ റാവു വട്ടംമാര്‍-44 വയസ്, സവിത ജഗന്നാഥ് റൗട്ട്-29 വയസ്, സംഗീത ഡോന്‍ഡിറാം തൊണാപെ-42 വയസ്, ലക്ഷ്മി ഭാനുദാസ് മോഹിതെ-43 വയസ്. തൃപ്തി ദേശായി പറയുന്നത്: താനും വിശ്വാസിയാണെന്നാണ്. എന്നാല്‍, അന്ധമായ വിശ്വാസം തനിക്കില്ലെന്നും അവര്‍ പറയാറുണ്ട്.
ശനി ശിഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച് ചരിത്രം സൃഷ്ടിച്ചാണ് തൃപ്തി ദേശായി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. മൂര്‍ത്തിയെ പ്രതിഷ്ഠിച്ചിരുന്ന തുറന്ന പ്ലാറ്റ്ഫോമില്‍ കയറാന്‍ ഒരുസ്ത്രീ എന്ന നിലയില്‍ അനുവാദമില്ല. എന്നാല്‍, പുരുഷന്മാര്‍ക്ക് കയറാം. 11,111 രൂപ അടച്ചാല്‍ മതി. ഇതുപൊളിക്കാന്‍ ദേശായി തീരുമാനിച്ചു. ഗ്രാമത്തിലേക്ക് ആയിരം സ്ത്രീകളുമായി മാര്‍ച്ച് ചെയ്യാനായിരുന്നു പദ്ധതി. ആരെങ്കിലും തടഞ്ഞാല്‍, ഹെലികോപ്ടര്‍ വഴി തൂങ്ങിഇറങ്ങി പ്ലാറ്റ്ഫോമില്‍ ലാന്‍ഡ് ചെയ്യാനായിരുന്നു പ്ലാന്‍.
ശനി ശിംഘ്‌നാപൂര്‍ നിവാസികളും വലതുപക്ഷ മതസംഘടനകളും ശക്തമായി എതിര്‍ത്തെങ്കിലും ദേശായി വഴങ്ങിയില്ല. റിപ്പബ്ലിക് ദിനത്തില്‍ ആയിരം സ്ത്രീകളെയും കൂട്ടി പൂണെയില്‍ നിന്ന് ഗ്രാമത്തിലേക്ക്. പുനെ-അഹമ്മദാബാദ് അതിര്‍ത്തിയില്‍ സുപ എന്ന ഗ്രാമത്തില്‍ വച്ച് പൊലീസ് തടഞ്ഞു. പൊലീസ് വന്ന് എല്ലാവരും എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, ഒരു സ്ത്രീയും എഴുന്നേറ്റില്ല. തങ്ങള്‍ രക്തസാക്ഷികളായാലും വേണ്ടില്ല, അവിടെ തന്നെ തുടരുമെന്നും ദര്‍ശനത്തിന് അനുവദിക്കാതെ സ്ഥലം വിടില്ലെന്നും ഉറപ്പിച്ചുപറഞ്ഞു. ആ പ്രതിഷേധം പൊലീസ് തടങ്കലില്‍ അവസാനിച്ചെങ്കിലും, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ ഇടപെടലിലേക്ക് അത് വഴിതെളിച്ചു. 400 വര്‍ഷത്തെ ഇടവേളയ്ക്ക ശേഷം ക്ഷേത്ര ശ്രീകോവില്‍ തുറന്നത് പിന്നീട് ചരിത്രമായി.
ശബരിമല വിധി സന്തോഷവും ആശ്വാസകരവുമാണെന്നും വിധി സ്ത്രീകളുടെ വിജയമാണെന്നും തൃപ്തി ദേശായി പറയുന്നു. ‘സ്ത്രീകളുടെ ശബരിമല പ്രവേശനത്തില്‍ ഏറ്റവും സന്തോഷിക്കുക അയ്യപ്പസ്വാമിയായിരിക്കും. കേരളത്തില്‍ത്തന്നെ ഒരു പാട് അയ്യപ്പക്ഷേത്രങ്ങളുണ്ട്. അവിടെയൊന്നും ആരാധനയ്ക്കായി കടന്നുചെല്ലാന്‍ സ്ത്രീകള്‍ക്ക് പ്രായനിയന്ത്രണമില്ല. മാസമുറ പ്രകൃതി നിയമമാണ്. അതിന്റെ പേരിലെങ്ങനെയാണ് സ്ത്രീ അശുദ്ധയാകുന്നതെന്നും തൃപ്തി ചോദിച്ചു. എല്ലാ മതങ്ങളിലെയും ലിംഗവിവേചനത്തിനെതിരെ സ്ത്രീകള്‍ മുന്നോട്ടുവരണം. പോരാട്ടം ഒരു മതത്തിനും ഒരു ദൈവത്തിനും എതിരല്ല. ഇതില്‍ ഹിന്ദു മുസ്ലിം വ്യത്യാസമില്ല. ദൈവത്തിനുമുന്നില്‍ ആണും പെണ്ണും തുല്യരാണ്. തെറ്റായപാരമ്പര്യങ്ങള്‍ തിരുത്തണം.’ തുല്യ അവകാശം നല്‍കുന്ന വിധിയാണ് ഇതെന്നും തൃപ്തി ദേശായി പറഞ്ഞു.
പ്രവര്‍ത്തനമേഖല പുണെ ആണെങ്കിലും കര്‍ണാടകക്കാരിയാണ് തൃപ്തി. സന്ന്യാസം സ്വീകരിച്ച പിതാവ് തൃപ്തിയുടെ ചെറുപ്പത്തില്‍ തന്നെ കുടുംബം ഉപേക്ഷിച്ചുപോയതോടെ ബാല്യവും കൗമാരവും ഏറെ ബുദ്ധിമുട്ടിലായിരുന്നു. ഹോംസയന്‍സ് പഠിക്കാന്‍ ചേര്‍ന്നെങ്കിലും സാമ്പത്തികബുദ്ധിമുട്ടുകൊണ്ട് പൂര്‍ത്തിയാക്കാനായില്ല. 2003ല്‍ പൊതുപ്രവര്‍ത്തനത്തിലേക്ക് കടന്നു. അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധസമരത്തിലും പങ്കാളിയായി. 2010ല്‍ രൂപീകരിക്കുമ്പോള്‍ 400 അംഗങ്ങളുണ്ടായിരുന്ന തൃപ്തിയുടെ ഭൂമാതാ ബ്രിഗേഡില്‍ ഇപ്പോള്‍ അയ്യായിരത്തിലധികം അംഗങ്ങളുണ്ട്.
2012ല്‍ പൂണൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച തൃപ്തി പരാജയപ്പെട്ടിരുന്നു. നിലവില്‍ സ്വന്തം പ്രസ്ഥാനത്തിനോ തനിക്കോ മറ്റ് രാഷ്ട്രീയ ബന്ധങ്ങളൊന്നുമില്ലെന്നാണ് തൃപ്തിയുടെ അവകാശവാദം. പ്രശാന്ത് ദേശായിയാണ് തൃപ്തിയുടെ ഭര്‍ത്താവ്. ഒരു മകനുമുണ്ട്.