കണ്ണൂര്‍: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് തീപാറുമെന്ന് ഉറപ്പായി. നിലവിലെ എംപി കോണ്‍ഗ്രസിന്റെ ശശി തൂരിനെതിരെ സര്‍വ്വ ശക്തിയും ഉപയോഗിച്ച് പോരാടാനാണ് സിപിഐയും ബിജെപിയും ശ്രമിക്കുന്നത്. ബിജെപിക്കായി സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെ രംഗത്തിറങ്ങുമെന്നാണ് ഇതിവരെയുള്ള സംസാരം. താരം ഇത് നിഷേധിച്ചെങ്കിലും സാധ്യത തള്ളിക്കളഞ്ഞിട്ടില്ല.
വിജയസാധ്യതയുള്ള പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍ നിര്‍ത്തണമെന്നു സിപിഎം-സിപിഐ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായം. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബെന്നറ്റ് ഏബ്രഹാമിനെ നിര്‍ത്തി പേയ്‌മെന്റ് സീറ്റ് എന്ന പേരുദോഷം ഏറ്റുവാങ്ങേണ്ടിവന്ന സിപിഐ അതുകൂടി മായ്ക്കാന്‍ കഴിയുന്ന മികവുറ്റ സ്ഥാനാര്‍ഥിയെയാണു തിരയുന്നത്.
ശശി തരൂരിനെതിരെ പ്രഗത്ഭനായ ഒരാള്‍ വേണമെന്നു വാദിക്കുന്നവര്‍ പ്രമുഖ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ പേരാണ് മുന്നോട്ട് വയ്ക്കുന്നത്. ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഐഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ പേര് ഇതേത്തുടര്‍ന്നു ചിലര്‍ നിര്‍ദേശിച്ചു. അദ്ദേഹവുമായി ചില അനൗദ്യോഗിക ആശയവിനിമയങ്ങള്‍ നടന്നുവെന്നും നമ്പി നാരായണന്‍ സമ്മതം മൂളിയില്ലെന്നുമാണ് അറിയുന്നത്.
ചാരക്കേസില്‍ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയതിനെത്തുടര്‍ന്നു നഷ്ടപരിഹാരമായി വിധിച്ച 50 ലക്ഷം രൂപ പൊതു ചടങ്ങു തന്നെ സംഘടിപ്പിച്ചു നമ്പിനാരായണനു മുഖ്യമന്ത്രി കൈമാറിയതും ഈ സാധ്യതയുമായി ചേര്‍ത്തു വായിക്കുന്നവരുണ്ട്. ശശിതരൂരിനെ തോല്‍്പ്പിക്കുക എളുപ്പമാവില്ലെ എങ്കിലും മണ്ഡലത്തിലെ പൊതു വികാരം അദ്ദേഹത്തിനെതിരെ ഇളക്കിവിടാന്‍ ഇപ്പോള്‍ ഇടത് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ശബരിമല സ്ത്രീ പ്രവേശനത്തെ സ്വാഗതം ചെയ്ത തരൂര്‍ പിന്നീട് ഉരുണ്ട് കളിക്കുന്നതാണ് കാണാനായത്. സമരത്തിനിറങ്ങിയ ബിജെപി തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ എല്ലാ മേഖലയിലും സമരത്തിന്റെ ഭാഗമായി ക്യാമ്പയിന്‍ നടത്തിക്കഴിഞ്ഞു. മണ്ഡലത്തിന്റെ തെക്കേ അറ്റത്തെ പ്രബല സമുദായമായ നാടാര്‍ വിഭാഗത്തിന്റെ നിര്‍ണ്ണായക വോട്ട് ബിജെപിക്കാപ്പമാകുമെന്നതാണ് ശബരിമല സമരത്തിലൂടെ ബിജെപിക്കുണ്ടായ നേട്ടം. വിഎസ്ഡിപി നേതാക്കളും ബിജെപിയും ഒരുമിച്ചു സമരം ചെയ്യുന്ന കാഴ്ചയാണ് മണ്ഡലത്തിലുള്ളത്.
നാടാര്‍ – നായര്‍ വോട്ടുകള്‍ ബിജെപി പിടിച്ചാല്‍ നിര്‍ണ്ണായക ശക്തിയായി ഇടതുപക്ഷം മാറും. ലത്തീന്‍ കത്തോലിക്കരുടെ വോട്ട് മാത്രമാകും കോണ്‍ഗ്രസിന്റെ കയ്യിലെത്തുക. കൃത്യമായ ധ്രുവീകരണം മണ്ഡലത്തില്‍ സംഭവിക്കുന്നത് മനസിലാക്കി ചുവട് മാറ്റാന്‍ ശശി തരൂരും തയ്യാറായി എന്നാണ് റിപ്പോര്‍ട്ട്. നിലവിലെ അവസ്ഥയില്‍ പുതിയ വെല്ലുവിളികളൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന അവസ്ഥയാകും ഉണ്ടാകുക.