ട്രോളിംങ് നിരോധനം കടലില്‍ മാത്രമല്ല പുഴയിലും കായലിലും ബാധകം..!! മത്സ്യങ്ങളുടെ വംശനാശത്തെ തടയാം

കൊച്ചി: മണ്‍സൂണ്‍ കാലത്താണ് മീനുകള്‍ പ്രധാനമായും പ്രത്യുല്പാദനം നടത്തുന്നത്. അതിനാല്‍ തന്നെ ഈ സമയത്ത് മത്സ്യബന്ധം നടത്തുന്നത് മത്സ്യ കുഞ്ഞുങ്ങള്‍ വലിയ അളവില്‍ നശിക്കുവാന്‍ ഇടയാകും. ഇതിന് തടയിടാനാണ് ട്രോളിംങ് നിരോധനം ഏര്‍പ്പെടുത്തുന്നത്. മത്സ്യബന്ധന വിലക്ക് സാധാരണ കടലില്‍ മാത്രമാണെന്നാണ് നമ്മുടെ ധാരണ എന്നാല്‍ അത് തെറ്റാണ്.

മഴക്കാലത്തെ മത്സ്യബന്ധന നിരോധനം കരയിലുമുണ്ട്. ലംഘിച്ചാല്‍ തടവും പിഴയും കിട്ടും. മഴക്കാലത്താണ് ശുദ്ധ ജലത്തിലും മത്സ്യങ്ങള്‍ പ്രജനനം നടത്തുന്നത്. ഇതിനായി മത്സ്യങ്ങള്‍ സുരക്ഷിതത്വം തേടി കൂട്ടത്തോടെ പുഴകളില്‍ നിന്നു ചെറിയ തോടുകളിലേക്കും അരുവികളിലേക്കും വയലുകളിലേക്കും കയറുന്ന സമയമാണു മഴക്കാലത്തെ ആദ്യത്തെ ആഴ്ച. ഈ സമയത്ത് മത്സ്യബന്ധനം നടത്തുന്നത് ശുദ്ധജല മത്സ്യങ്ങളുടെ വംശ നാശത്തിന് തന്നെ ഇടയാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ മഴക്കാലം തുടങ്ങിയതോടെ, ‘ഊത്തപിടിത്തം’ നാട്ടുമ്പുറങ്ങളില്‍ ആഘോഷമായിക്കഴിഞ്ഞു. തോടുകളിലും വയലുകളിലുമുള്ള ശുദ്ധജല മത്സ്യങ്ങളെ ആഘോഷപൂര്‍വം വലയിലാക്കുന്നതാണ് ‘ഊത്തപിടിത്തം.’, പക്ഷേ, വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളുടെ വംശത്തെയാണു കൊന്നൊടുക്കുന്നതെന്നു നാട്ടുകാരറിയുന്നില്ല. മഞ്ഞക്കൂരി, വാള, തില്ലന്‍കൂരിയന്‍, കുറുവ, വാലേക്കൊടിയന്‍, ചുരുളന്‍ പരല്‍, തൊണ്ണന്‍ വാള, കല്ലട തുടങ്ങിയ 17 ഇനം ശുദ്ധജല മീനുകള്‍ മുട്ടയിടുന്ന കാലമാണിത്.

മത്സ്യങ്ങള്‍ വംശനാശ ഭീഷണി നേരിട്ടതോടെയാണു പ്രജനനകാലത്തുള്ള മീന്‍പിടിത്തം 2010ലെ കേരള അക്വാകള്‍ചര്‍ ആന്‍ഡ് ഇന്‍ലാന്‍ഡ് ഫിഷറീസ് നിയമ പ്രകാരം തടഞ്ഞത്. ഇതു ലംഘിക്കുന്നവര്‍ക്കു 10,000 രൂപ പിഴയോ 3 മാസം തടവോ ആണു ശിക്ഷ. രണ്ടും കൂടിയും ലഭിക്കാം. കുറ്റം ആവര്‍ത്തിച്ചാല്‍, 6 മാസം തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ഫിഷറീസ് വകുപ്പിനു മാത്രമല്ല, തദ്ദേശ സ്ഥാപനത്തിനും പൊലീസിനും റവന്യു ഉദ്യോഗസ്ഥര്‍ക്കും നടപടിയെടുക്കാം. അതുകൊണ്ട്, നാടന്‍ മീനുകളെ കുറച്ചു ദിവസത്തേക്കെങ്കിലും വെറുതേ വിടുക. മുട്ട വിരിഞ്ഞ്, അവയും വളരട്ടെ.

Top