വാഷിംഗ്ടണ്‍: പോണ്‍ താരം സ്‌റ്റോമി ഡാനിയലുമായുണ്ടായിരുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബന്ധം പുറത്തുപറയാതിരിക്കാന്‍ അദ്ദേഹത്തിന്റെ സ്വകാര്യ അഭിഭാഷകന്‍ സ്റ്റോമിക്ക് പണം നല്‍കിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ട്രംപിനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ച മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയുടെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ‘എ ഹയര്‍ ലോയല്‍റ്റി; ട്രൂത്ത് ലൈസ് ആന്‍ഡ് ലീഡര്‍ഷിപ്പ്’ എന്ന പുസ്തകത്തിലെ ട്രംപിനെതിരെയുള്ള പരാമര്‍ശങ്ങള്‍ പുറത്തായതോടെ ഇരുവരും തമ്മില്‍ വാക്‌പോരിലാണ്. അതേസമയം സ്റ്റോമി ഡാനിയലുമായുള്ള ട്രംപിന്റെ ബന്ധത്തെ കുറിച്ച് ഭാര്യ മെലാനിയ മൗനം പാലിക്കുകയാണ് ചെയ്യുന്നത്. സ്റ്റോമിയുടെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ട്രംപ് രംഗത്തെത്തിയപ്പൊഴൊക്കെ മെലാനിയയുടെ മുഖത്ത് ഒരു ഭാവഭേദവും ഉണ്ടാകാറില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ ഈ വിഷയത്തില്‍ ട്രംപിനെതിരെയോ പ്രതിരോധിച്ചോ മെലാനിയ ഒന്നുംതന്നെ ട്വിറ്ററില്‍ കുറിച്ചിട്ടില്ല. പണം നല്‍കി കരാറിലേര്‍പ്പെട്ടുവെന്ന സ്റ്റോമിയുടെ ആരോപണങ്ങളെ പ്രതിരോധിക്കാനാകാതെ ട്രംപ് തന്റെ ഔദ്യോഗിക ട്വിറ്ററില്‍ കഷ്ടപ്പെടുമ്പോഴും ഇതൊന്നും കേള്‍ക്കുന്നില്ലെന്ന മട്ടാണ് മെലാനിയക്ക്. ‘പുരുഷന്‍മാര്‍ എന്നും പുരുഷന്‍മാരായിരിക്കും’ എന്നതാണ് മെലാനിയയുടെ മനോഭാവമെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഈ മാസം 11ന് വൈറ്റ് ഹൗസിലെ ബ്ലൂറൂമിലുള്ള തങ്ങളുടെ ജീവിതത്തെ കുറിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി ട്രംപും മെലാനിയയും സംസാരിച്ചിരുന്നു. മെലാനിയ ട്രംപുമായുള്ള വിവാഹത്തിന് ശേഷം 2005ല്‍ ട്രംപുമായി തനിക്ക് ബന്ധമുണ്ടായിരുന്നതായാണ് സ്റ്റോമി അവകാശപ്പെടുന്നത്. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാന്‍ പണം നല്‍കിയെന്നും സ്റ്റോമി ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപിന് പ്രസിഡന്റാകാനുള്ള ധാര്‍മിക യോഗ്യതയില്ലെന്ന് ജെയിംസ് കോമി പറഞ്ഞിരുന്നു. നിരന്തരം നുണ പറയുന്ന ആളാണ് ട്രംപ്. സ്ത്രീകളെ മാംസം മാത്രമായാണ് ട്രംപ് കാണുന്നതെന്നും കോമി ആരോപിച്ചു. എന്നാല്‍ പുസ്തകം വിറ്റുപോകാനായി കോമി കാണിക്കുന്ന വിലകുറഞ്ഞ തന്ത്രങ്ങളാണ് ഇതെല്ലാമെന്നാണ് ട്രംപ് തിരിച്ചടിച്ചത്. എഫ്ബിഐയുടെ ചരിത്രത്തിലെ ഏറ്റവും മോശം മേധാവിയാണ് കോമിയെന്നും ട്രംപ് കുറ്റപ്പെടുത്തി.
ട്രംപിനെതിരായ ലൈംഗിക ആരോപണങ്ങളില്‍ മൗനം പാലിച്ച് മെലാനിയ
Tags: trump