അമേരിക്ക തുടങ്ങി; കൊണ്ടാലും പഠിക്കാതെ പാക്കിസ്ഥാന്‍; ചതിയും വഞ്ചനയും മുഖമുദ്രയെന്ന്  ട്രംപ്

ശാലിനി  (ഹെറാൾഡ് സ്‌പെഷ്യൽ റിപ്പോർട്ട് )

ന്യൂയോര്‍ക്ക്: അധികാരത്തിലേറും മുന്‍പേ തീവ്രവാദത്തിനും ഐഎസിനും എതിരെ ട്രംപ് നടത്തിയ പ്രസതാവനകള്‍ ലോകശ്രദ്ധ നേടിയതാണ്. ഇപ്പോള്‍ തീവ്രവാദത്തിന് കുടപിടിക്കുന്ന പാക്കിസ്ഥാനെ ഇനി സഹായിക്കില്ലെന്ന് തീര്‍ത്തു പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

15 വര്‍ഷങ്ങളായി പാക്കിസ്ഥാന്‍ അമേരിക്കയെ വിഡ്ഢിയാക്കുകയായിരുന്നു. 33 ബില്യണ്‍ ഡോളര്‍ സഹായം ലഭിച്ച ഒരു രാജ്യം അമേരിക്കക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല ചതിക്കുകകൂടി ചെയ്യുമെന്നും ട്രംപ് തുറന്നടിച്ചു.

അഫ്ഘാനിസ്ഥാനിലെ ഭീകര ശക്തികളെ നശിപ്പിക്കാന്‍ അമേരിക്ക ശ്രമിക്കുമ്പോള്‍ പാക്കിസ്ഥാന്‍  അവര്‍ക്ക് സുരക്ഷാതാവളം ഒരുക്കി. ചതിയും കാപട്യവും വഞ്ചനയും അവരുടെ മുഖമുദ്രയാണ്. ഇനിയും ഇങ്ങനെ മുന്നോട്ടു പോകാനാവില്ല – ട്രംപ് പറഞ്ഞു.

2002 നു ശേഷം 3300 കോടി ഡോളര്‍ സഹായമാണ് അമേരിക്ക പാക്കിസ്ഥാന് ചെയ്തത്. ഭീകരതക്കെതിരെ നടപടികൈക്കൊള്ളാന്‍ പാക്കിസ്ഥാന്‍ കാണിക്കുന്ന വിമുഖതയാണ്‌ അമേരിക്കയെ ചൊടിപ്പിച്ചത്. നേരത്തെ തന്നെ ട്രംപിന്റെ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളും മറ്റും പരോക്ഷമായ മുന്നറിയിപ്പ് പാക്കിസ്ഥാന് നല്‍കിയതാണ്. ചെപ്പടിവിദ്യകള്‍ കാണിച്ച് ഇനിയും പിടിച്ചു നില്‍ക്കാന്‍ നോക്കേണ്ട എന്നശക്തമായ താക്കീതാണ് ഇന്ന് ട്രംപ് നല്‍കിയിരിക്കുന്നത്.

ഭീകരവിരുദ്ധ പോരാട്ടത്തില്‍ അലംഭാവം കാട്ടുന്ന പാക്കിസ്ഥാനെ ട്രംപ് ഭരണകൂടം നിരീക്ഷിച്ചു വരികയാണ് എന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് കാബൂളില്‍ പ്രസ്താവനയിറക്കിയതിന് തൊട്ടു പിറകെയാണ് ട്രംപിന്റെ ഈ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.

ഭീകരപ്രവര്‍ത്തനം തടയിടുന്നില്ലെന്നാരോപിച്ചു പാക്കിസ്ഥാന് നല്‍കുന്ന 25.5 കോടി ഡോളര്‍ ധനസഹായം തടഞ്ഞു വയ്ക്കാന്‍ പ്രസിഡന്റ് ട്രംപ് നീക്കം തുടങ്ങിയതായി അല്പദിവസം മുന്പ് ദി ന്യൂയോര്‍ക്ക്‌ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രംപ് അധികാരമേറ്റ ശേഷം പാക്കിസ്ഥാനുമായുള്ള അമേരിക്കയുടെ ബന്ധത്തില്‍ സാരമായ വിള്ളലുകള്‍ വീണിരുന്നു.

കഴിഞ്ഞദിവസം ഇന്ത്യയും പാക്കിസ്ഥാനെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ഭീകരരെ തടയുന്നതില്‍ മുന്നോട്ടുപോകാത്ത പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് ഇല്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍ പറഞ്ഞു. അല്പദിവസം മുന്പ് ഭീകരന്‍ ഹഫീസ് സയീദ്‌ സംഘടിപ്പിച്ച റാലിയില്‍ പാക്കിസ്ഥാനിലെ പാലസ്തീന്‍ സ്ഥാനപതി പങ്കെടുത്തതും ഇന്ത്യ വിരുദ്ധ പരാമര്‍ശം നടത്തിയതും ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു. ഇന്ത്യ അതിശക്തമായ പ്രതിഷേധം ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയതോടെ പാലസ്തീന്‍ വാലിദിനെ പാക്കിസ്ഥാനില്‍ നിന്ന് മടക്കിവിളിക്കുകയും ചെയ്തു.

ലഭിക്കുന്ന വന്‍ സാമ്പത്തിക സഹായം ഒറ്റയടിക്ക് ഇല്ലാതാകുന്നത് പാക്കിസ്ഥാനെ വല്ലാതെ തളര്‍ത്തും. അതിനാല്‍ അമേരിക്കന്‍ പ്രീണന തന്ത്രമായി ഹഫീസ് സയീദ്‌ന്‍റെ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ നടപടിയാരംഭിച്ചതായി ആ രാജ്യം വ്യക്തമാക്കുന്നു.  പ്രവിശ്യാ ഭരണകൂടങ്ങൾക്ക് ഇതു സംബന്ധിച്ച രഹസ്യ നിർദേശം ഡിസംബർ 19 ന് നൽകി.സയ്ദിന്‍റെ രണ്ടു ജീവകാരുണ്യ സംഘടനകളായ ജമാഅത് ഉദ്ധവ, ഫലാ ഇ ഇന്‍സാനിയത് ഫൗണ്ടേഷന്‍ എന്നിവയുടെ ആസ്തികളാണ് ഏറ്റെടുക്കുന്നത്.  ഇതാദ്യമായാണ് പാക്കിസ്ഥാന്‍ സയീദ്‌നെതിരായി കര്‍ശന നടപടി കൈക്കൊള്ളുന്നത് . സയീദ്‌ന്റെ രണ്ടു സംഘടനകളിലുമായി ഏകദേശം 50000 ഓളം സന്നദ്ധ പ്രവര്‍ത്തകരും നൂറുകണക്കിന് ജോലിക്കാരും ഉണ്ട്.

കഴിഞ്ഞ ജനുവരിയില്‍ തന്നെ സയീദ്‌ന്റെ രണ്ടു സംഘടനകള്‍ക്കെതിരെയും നടപടി എടുക്കണം എന്ന് ഐക്യരാഷ്ട്ര സംഘടന പാക്കിസ്ഥാന് നിര്‍ദേശം നല്‍കിയിരുന്നു. അപ്പോഴൊന്നും അനങ്ങാതിരുന്ന പാക്കിസ്ഥാന്‍ ധനസഹായം തിരിച്ചുപിടിക്കാന്‍ അമേരിക്കയെ പ്രീണിപ്പിക്കാനുള്ള നടപടിയായാണ് ഇപ്പോള്‍ സയീദ്‌നെതിരെ നടപടികൈക്കൊള്ളുന്നതെന്ന് ആരോപണമുണ്ട്. മാത്രമല്ല മുംബൈ ഭീകരാക്രമണക്കെസിലെ ബുദ്ധികേന്ദ്രമായ സയീദ്‌നെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണം എന്ന് നിരവധി തവണ അമേരിക്ക പാക്കിസ്ഥാന് നിര്‍ദേശം നല്‍കിയിരുന്നു. മാത്രമല്ല അന്ന് അമേരിക്ക സയീദ്‌ന്‍റെ തലയ്ക്കു ഒരുകോടിഅമേരിക്കന്‍ഡോളര്‍വിലയിടുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്ഷം പാക്കിസ്താനുള്ള സൈനിക സഹായങ്ങള്‍, സാമ്പത്തികവും ആയുധശേഷിയും എല്ലാം അമേരിക്ക ഗണ്യമായി വെട്ടിക്കുറച്ചിട്ടും ആ രാജ്യം പഠിച്ചില്ലെന്നും യാതൊരു നടപടിയും ഭീകരതക്കെതിരെ കൈക്കൊണ്ടില്ല എന്നും വിമര്‍ശനമുണ്ട്.

അതിനിടെ അടുത്ത വര്ഷം പാക്കിസ്ഥാനില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ സയീദും കൂട്ടരും മത്സരിക്കുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതും അമേരികയെ ചൊടിപ്പിച്ചിട്ടുണ്ട്.

എത്രകൊണ്ടാലും പഠിക്കില്ലെന്നു വീണ്ടും തെളിയിക്കുകയാണ് പാക്കിസ്ഥാന്‍. അമേരിക്ക നൽകിയ ഓരോ ചില്ലിത്തുട്ടിന്‍റെയും കണക്ക് കണക്ക് പരസ്യപ്പെടുത്താൻ തയാറാണെന്ന് പാക് വിദേശകാര്യമന്ത്രി ഖവാജ ആസിഫ് ട്വീറ്റ് ചെയ്തു. അമേരിക്കയോടു മുന്പുതന്നെ സഹായം വേണ്ടെന്നു പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ട്രംപിന്‍റെ ഇപ്പോഴത്തെ പ്രസ്താവനയ്ക്കു യാതൊരു സാധുതയുമില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞതായി ജിയോ ടിവി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ അമേരിക്കയുടെ ദക്ഷിണേഷ്യൻ നയം പ്രഖ്യാപിച്ചിരുന്നു. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ വേണ്ടവിധം സഹകരിച്ചില്ലെങ്കിൽ പാക്കിസ്ഥാനെതിരേ കർശന നടപടി സ്വീകരിക്കുമെന്നു ട്രംപ് അന്നേ മുന്നറിയിപ്പ് നല്‍കിയതാണ്.

Top