ഡൊണാൾഡ് ട്രംപിന്റെ നടപടി തുടരുന്നു; അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ ഇന്ത്യയിലേക്ക് അയച്ച് അമേരിക്ക.സി 17 സൈനിക വിമാനത്തില്‍ കയറ്റിവിട്ടത് 205 ഇന്ത്യക്കാരെ; ടെക്സസില്‍ നിന്നുള്ള വിമാനം ലാന്‍ഡ് ചെയ്യുക അമൃത്സറില്‍

ന്യൂഡല്‍ഹി: അനധികൃത ഇന്ത്യൻ കുടിയേറ്റക്കാർക്കെതിരെയും നടപടി സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാരെയും വഹിച്ചുള്ള അമേരിക്കന്‍ സൈനിക വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യക്കാരുമായുള്ള വിമാനം വന്നിറങ്ങുക പഞ്ചാബിലെ അമൃത്സറില്‍ എന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്ന് മണിക്ക് ടെക്സസിലെ സാന്‍ ആന്റോണിയോ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. അമേരിക്കയുടെ സൈനിക വിമാനമായ സി 17 ആണ് യുഎസില്‍ നിന്നു ആദ്യ ബാച്ച് കുടിയേറ്റക്കാരുമായി യാത്ര തിരിച്ചത്. കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുകയാണ് യുഎസ്എ. ആദ്യ ബാച്ചിലുള്ളത് 205 യാത്രക്കാരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സി-7 എയര്‍ക്രാഫ്റ്റിലാണ് അനധികൃത കുടിയേറ്റക്കാരെ പറഞ്ഞയച്ചതെന്നും എന്നാല്‍ 24 മണിക്കൂറായിട്ടും വിമാനം ഇന്ത്യയിലെത്തിയില്ലെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ ട്രംപ് ഭരണകൂടം സൈനിക വിമാനം വഴി ഇന്ത്യയിലേക്ക് നാടുകടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ന്യൂഡല്‍ഹിയിലെ യുഎസ് എംബസിയും രംഗത്തെത്തി. അമേരിക്ക അതിര്‍ത്തി, കുടിയേറ്റ നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കുന്നു. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നു. അനധികൃത കുടിയേറ്റം അപകടം പിടിച്ചതാണെന്ന സന്ദേശമാണ് ട്രംപ് സര്‍ക്കാര്‍ നല്‍കുന്നതെന്നും യുഎസ് എംബസി വക്താവ് പറഞ്ഞു

ഇന്ത്യയിലേക്കുള്ള നാടുകടത്തലുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ല. അമേരിക്ക അതിര്‍ത്തി സുരക്ഷ ശക്തമായി നടപ്പിലാക്കുന്നു. കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുകയും അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യുകയും ചെയ്യുന്നുവെന്ന് അറിയിക്കുന്നു. അനധികൃത കുടിയേറ്റം അപകടമുക്തമല്ല എന്ന് വ്യക്തമാക്കുന്നു. യുഎസ് എംബസി വക്താവ് പറഞ്ഞു.

അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ കടുത്ത തീരുമാനത്തിനു പിന്നാലെയാണ് തിരിച്ചയക്കല്‍ നടപടികള്‍ ആരംഭിച്ചത്. സി 17 സൈനിക വിമാനം അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ടുവെന്ന് റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. 7.25 ലക്ഷം ഇന്ത്യക്കാര്‍ അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്നുണ്ടെന്നാണ് സൂചന.

അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി പല രാജ്യങ്ങളില്‍ നിന്നെത്തിയ അയ്യായിരത്തോളം അനധികൃത കുടിയേറ്റക്കാരെ ഇതിനകം തിരിച്ചയച്ചതായാണ് വിവരം. അനധികൃത കുടിയേറ്റക്കാരെ തിരഞ്ഞ് കണ്ടുപിടിക്കുകയും അവര്‍ എവിടെ നിന്നുവന്നോ അവിടേക്ക് പറഞ്ഞയയ്ക്കുകയും ചെയ്യുകയാണ് എന്നാണ് ട്രംപ് നടപടിയെ വിശേഷിപ്പിച്ചത്.

ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെയാണ് ഇതിനുമുമ്പ് സൈനിക വിമാനങ്ങളില്‍ അതത് നാട്ടിലേക്ക് തിരിച്ചയച്ചത്. ഇതാദ്യമായാണ് ഇന്ത്യയിലേക്കുള്ള നാടുകടത്തല്‍. യു.എസ് -മെക്‌സിക്കോ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുക, പിടിയിലായ കുടിയേറ്റക്കാരെ നാടുകടത്താന്‍ സൈനിക വിമാനങ്ങള്‍ ഉപയോഗിക്കുക, ഇവരെ പാര്‍പ്പിക്കാന്‍ സൈനിക താവളങ്ങള്‍ തുറക്കുക തുടങ്ങിയ നീക്കങ്ങളും ഡോണാള്‍ഡ് ട്രംപ് സൈന്യത്തിന്റെ സഹായത്തോടെ ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തെക്കുറിച്ചുള്ള ആശങ്കകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ എന്നിവരോട് ട്രംപും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ചൂണ്ടിക്കാട്ടിയിരുന്നു.

അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത് കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യ ശരിയായ നടപടി സ്വീകരിക്കും, പ്രധാനമന്ത്രി മോദിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്’ – എന്ന് ട്രംപ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. രേഖകളില്ലാത്ത ഇന്ത്യന്‍ പൗരന്മാരുടെ നിയമാനുസൃത തിരിച്ചുവരവിന് രാജ്യം എപ്പോഴും വാതില്‍ തുറന്നിട്ടിട്ടുണ്ടെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. നാടുകടത്തലിന് അര്‍ഹതയുള്ളവരുടെ രേഖകള്‍ പരിശോധിക്കുന്നുണ്ടെന്നും അത്തരം വ്യക്തികളുടെ കൃത്യമായ എണ്ണം നിര്‍ണ്ണയിക്കുമെന്നും ജയ്ശങ്കര്‍ വ്യക്തമാക്കി. ‘നമ്മുടെ പൗരന്മാര്‍ നിയമവിരുദ്ധമായി യു.എസ് ഉള്‍പ്പെടെ ഏതെങ്കിലും രാജ്യത്ത് ഉണ്ടെങ്കില്‍, അവരുടെ പൗരത്വം ഇന്ത്യന്‍ പൗരത്വം സ്ഥിരീകരിച്ചാല്‍ നിയമാനുസൃത തിരിച്ചുവരവിന് വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ഞങ്ങള്‍ എപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്’ -ജയ്ശങ്കര്‍ പറഞ്ഞു.

Top