
ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി നേരിടുന്നത് കനത്ത പ്രതിഷേധമാണ്. പൂനയില്‍നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ ഇവര്‍ എത്തിയത്. ആറ് യുവതികളും ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിക്കൊപ്പം എത്തിയിട്ടുണ്ട്. എന്നാല്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ പ്രതിഷേധക്കാര്‍ തൃപ്തി ദേശായിയെയും സംഘത്തെയും അനുവദിച്ചിട്ടില്ല.
സര്‍ക്കാര്‍ സമവായത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും തൃപ്തി ദേശായിയുടെ കടുത്ത നിലപാട് സര്‍ക്കാരിനെ വലക്കും. താന്‍ വൃതമെടുത്താണ് വന്നിട്ടുള്ളതെന്നും ഇരുമുടിക്കെട്ട് അടക്കം പൂജാരിയുടെ കര്‍മ്മങ്ങളടക്കം സ്വീകരിക്കാന്‍ തയ്യാറാണെന്നും ഏത് വിധേനയേയും ശബരിമലയില്‍ എത്തുമെന്ന് ഉറപ്പിച്ച് പറയുകയാണ് തൃപ്തി. ഇന്ന് എയര്‍പോര്‍ട്ടില്‍ തങ്ങി യാത്രക്കുള്ള സൗകര്യം ഒരുക്കി നാളെ പോകാമെന്നുള്ള നയമാണ് പോലീസ് അവസാനം അറിയിച്ചിരിക്കുന്നത്.
പ്രതിഷേധങ്ങള്‍ ധാരാളം നേരിട്ടിട്ടുള്ള വ്യക്തിയാണ് തൃപ്തി ദേശായി. ശനി ശിഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ എത്തിയ അവരെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ തടഞ്ഞതിനെത്തുടര്‍ന്ന് അവര്‍ ഹെലികോപ്റ്ററില്‍ തൂങ്ങി ഇറങ്ങി ക്ഷേത്ര ദര്‍ശനം നടത്തുന്നതിനുള്ള പദ്ധതികളാണ് ആവിഷ്‌ക്കരിച്ചത്. യാതൊരു സാഹചര്യത്തിലും പിന്തിരിയാന്‍ തയ്യാറാകാത്ത പോരാളിയുടെ സ്വഭാവം കേരളത്തില്‍ പോലീസിന് തലവേദനയാകും. ശനി ക്ഷേത്രത്തില്‍ പുറത്തെടുത്ത പദ്ധതികള്‍ ഇവിടെയും ആവിഷ്‌ക്കരിക്കാന്‍ അവര്‍ തയ്യാറായാല്‍ സര്‍ക്കാര്‍ കുടുങ്ങും
വിമാനത്താവളത്തിന് പുറത്ത് അക്രമാസക്തമായ ജനക്കൂട്ടമാണെന്ന് പോലീസ് അവരെ അറിയിച്ചു കഴിഞ്ഞു. എന്നാല്‍ ശബരിമല ദര്‍ശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന് തൃപ്തി ദേശായി ഉറപ്പിച്ചു പറഞ്ഞുകഴിഞ്ഞു. നാളിതുവരെയുള്ള അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും അവര്‍ മടങ്ങിപോകാന്‍ സാധ്യതയില്ലെന്ന് പോലീസും കരുതുന്നു.
ടാക്‌സികളും ഓണ്‍ലൈന്‍ ടാക്‌സികളും തൃപ്തിയെ കൊണ്ടുപോകാന്‍ തയ്യാറായില്ല. എന്നാല്‍ പ്രതിഷേധത്തിന്റെ ഭാഗമായല്ല ഇവര്‍ തൃപ്തിയുമായി യാത്രയ്ക്ക് തയ്യാറാകാത്തത്. മറിച്ച് വാഹനത്തിന്റെ സുരക്ഷ ഓര്‍ത്താണ് ഇവര്‍ യാത്രയ്ക്ക് തയ്യാറാകാത്തതെന്ന് ഡ്രൈവര്‍മാര്‍ വ്യക്തമാക്കി. മുമ്പ് മാധ്യമ പ്രവര്‍ത്തകരുമായി പോയവര്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. വാഹനം തല്ലിപ്പോളിച്ചിട്ട് നഷ്ടപരിഹാരം പോലും ലഭ്യമായില്ലെന്ന് ടാക്‌സിക്കാര്‍ പറഞ്ഞു. സുരക്ഷയൊരുക്കുന്നതിലെ പാളിച്ചയാണ് പ്രശ്‌നമെന്നതിനാല്‍ സര്‍ക്കാരിന് ബലം പ്രയോഗിച്ചെങ്കിലും തൃപ്തി ദേശായിയെ കൊണ്ട് പോകേണ്ടിവരും.