ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഭരണം പിടിച്ചെടുക്കാന്‍ പട്ടാളക്കാര്‍ നടത്തിയ അട്ടിമറിശ്രമത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് മാസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അട്ടിമറിക്കാരെ പാഠം പഠിപ്പിക്കുമെന്ന് പ്രസിഡന്റ് തയിബ് ഉര്‍ദുഗാന്‍ പറഞ്ഞു.
പ്രസിഡന്റ് തയിബ് ഉര്‍ദുഗാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാസമിതി യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷമാണ് പ്രഖ്യാപനം. അട്ടിമറിശ്രമം നടത്തിയ തീവ്രവാദ സംഘത്തെ അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ അനിവാര്യമാണെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.
അടിയന്തരാവസ്ഥ ജനാധിപത്യത്തിനും സ്വാതന്ത്രൃത്തിനും എതിരായി നടപ്പിലാക്കുന്നതല്ല. ജനാധിപത്യമൂല്യങ്ങളെ പരിപാലിക്കാനുള്ള വഴിയാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം നിലനിര്‍ത്താനുള്ള ശ്രമങ്ങളില്‍ വിട്ടുവീഴ്ചയില്ല. അമേരിക്കയിലുള്ള മതപുരോഹിതന്‍ ഫതഹുള്ളാ ഗുലനാണ് അട്ടിമറി ശ്രമത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ഉര്‍ദുഗാന്റെ അടുത്ത സുഹൃത്തായിരുന്ന ഗുലന്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഉര്‍ദുഗാനുമായി തെറ്റിപ്പിരിയുന്നത്.
ഇരുവരുടേയും അനുയായികള്‍ തമ്മിലുള്ള അധികാര വടംവലി നിരവധി തവണ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചു. സമാന്തര ഭരണം സ്ഥാപിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ ഫതഹുള്ളയ്ക്കെതിരെ സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചിരുന്നു. ചാരപ്രവൃത്തി നടത്തിയതായും നിലവിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതായും ഇദ്ദേഹത്തിനെതിരെ കേസുകളുണ്ട്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് സര്‍ക്കാരിന്റെ ആരോപണം.