ന്യൂദല്‍ഹി: ഇന്റര്‍നെറ്റ് ജിഹാദി പ്രവര്‍ത്തനങ്ങളുടെ പ്രധാന മാധ്യമമാണെന്നും. വിദ്വേഷപരവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ജിഹാദി നേതാക്കള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു . ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിന്റെ അവസ്ഥ വ്യക്തമാക്കിയത്. രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ജമ്മു കശ്മീരിലെ ജനങ്ങളെ പ്രേരിപ്പിക്കാന്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരവാദ ഗ്രൂപ്പുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുവെന്നും അദേഹം പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനും ശേഷം ജിഹാദി പ്രവര്‍ത്തനങ്ങള്‍ താഴ്‌വരയില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ജമ്മു കശ്മീരിലെ ആശയവിനിമയത്തിനും മറ്റ് പ്രശ്നങ്ങള്‍ക്കുമുള്ള നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ഭാസിന്‍, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദേഹം.
ആളുകള്‍ക്ക് ഉണ്ടായേക്കാവുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്ത് കേന്ദ്രം ഏറ്റവും കുറഞ്ഞ നിയന്ത്രണ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും മേത്ത വ്യക്തമാക്കി. താഴ്വരയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടെന്നും പാസുകള്‍ ലഭിച്ച ശേഷം ആളുകള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാകുന്ന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാമെന്നും തുഷാര്‍ മേത്ത സുപ്രീംകോടതിയോട് ചൊവ്വാഴ്ച പറഞ്ഞു.
ഡാര്‍ക്ക് വെബിലെ ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ഇന്റര്‍നെറ്റ് നിയന്ത്രിക്കുന്നത് ന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ വാട്ട്സ്ആപ്പും ടെലിഗ്രാമും ഉള്‍പ്പെടെ മറ്റ് ആപ്ലിക്കേഷനുകളും ഉപയോഗിക്കാം. പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പോലും ഇന്ത്യയ്ക്കെതിരെ ജനങ്ങളെ പ്രേരിപ്പിക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്നും മേത്ത വ്യക്തമാക്കി. പാക്കിസ്ഥാന്റെ കുപ്രചാരണങ്ങള്‍ തടയാന്‍ ഇന്റര്‍നെറ്റിലെ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു. ജമ്മുവിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ നീക്കിയിട്ടുണ്ടെന്നും സ്ഥിതി സാധാരണ നിലയിലായതിനാല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ക്രമേണ പുനര്‍സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.