വീണ്ടും മൊഴിമാറ്റി കേഡല്‍;കൂട്ടകൊലക്ക് കാരണം പിതാവ് മദ്യലഹരിയില്‍ സ്ത്രീകളെ ഫോണില്‍ വിളിച്ച് അനാവശ്യം പറഞ്ഞതിനാല്‍

തിരുവനന്തപുരം:നന്ദന്‍കോട്ട് മാതാപിതാക്കളടക്കം നാല് പേരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍ രാജ് വീണ്ടും മൊഴിമാറ്റി. കൂട്ടക്കൊല നടത്താന്‍ കാരണം പിതാവിന്റെ സ്വഭാവ ദൂഷ്യമാണെന്നാണ് കേഡല്‍ ഇന്ന് പോലീസിന് മൊഴി നല്‍കിയത്. പിതാവ് മദ്യലഹരിയില്‍ സ്ത്രീകളെ ഫോണില്‍ വിളിച്ച് അനാവശ്യം പറയാറുണ്ടായിരുന്നു. പലതവണ ഇക്കാര്യം താന്‍ അമ്മയോട് പറഞ്ഞിരുന്നുവെങ്കിലും ആരും ഇത് ചെവികൊണ്ടില്ല. ഇതിനെ തുടര്‍ന്നാണ് കൊലപാതകം നടത്താന്‍ തീരുമാനിച്ചതെന്ന് കേഡല്‍ പറഞ്ഞു. സഹോദരിയെയും കുഞ്ഞമയെയും കൊലപ്പെടുത്തയത് ദയാവധമായിരുന്നു. അച്ഛനും അമ്മയും മരിച്ചുകഴിഞ്ഞാല്‍ സഹോദരിയുടെയും കുഞ്ഞമ്മയുടെയും ജീവിതം ദുസഹമാകും. അതിനാലാണ് അവരെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

മുന്‍പ് രണ്ട് തവണ കൊലപാതകത്തിന് ശ്രമിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ 2 ന് കൊലപ്പെടുത്തുന്നതിനായി അച്ഛനെയും അമ്മയെയും മുറിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ മഴു പിടിച്ചപ്പോള്‍ കൈ വിറച്ചതിനാല്‍ അന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും കേഡല്‍ മൊഴി നല്‍കി. പിന്നീട് നിരവധി തവണ ഇന്റര്‍നെറ്റില്‍ നിന്നും കൂട്ടക്കൊലയുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടാണ് ധൈര്യം സംഭരിച്ചത്. തുടര്‍ന്ന് ഡമ്മിയുണ്ടാക്കി മഴു ഉപയോഗിച്ച് അതില്‍ പരിശീലനം നടത്തി. തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും കേഡല്‍ പറഞ്ഞു.
വീട്ടില്‍ തനിക്ക് യാതൊരു പരിഗണനയും കിട്ടിയിരുന്നില്ല. സഹോദരി പറയുന്നത് മാത്രമായിരുന്നു അച്ഛനും അമ്മയും കേട്ടിരുന്നത്. അവളുടെ ആവശ്യങ്ങള്‍ മാത്രമായിരുന്നു സാധിച്ചുകൊടുത്തിരുന്നതെന്നും കേഡല്‍ മൊഴി നല്‍കി.
അറസ്റ്റിലായതിന് ശേഷം നിരവധി തവണ കേഡല്‍ മൊഴി മാറ്റി പറഞ്ഞിരുന്നു. ആസ്ട്രല്‍ പ്രൊജക്ഷന്‍ നടത്താനാണ് കൊലപാതകമെന്നായിരുന്നു കേഡല്‍ ആദ്യം മൊഴി നല്‍കിയിരുന്നത്. പിന്നീട് ഈ മൊഴിയും ഇയാള്‍ മാറ്റിപറഞ്ഞിരുന്നു. കേഡലിന് യൊതൊരു മാനസിക പ്രശ്‌നവുമില്ലെന്നും ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇതെന്നും വ്യക്തമായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയിന്‍സ് കോംപൗണ്ടിലെ 117ാം നമ്പര്‍ വീട്ടില്‍ റിട്ട. പ്രഫ. രാജ തങ്കം (60), ഭാര്യ ഡോ. ജീന്‍ പത്മ (58), മകള്‍ കരോലിന്‍ (26), ജീനിന്റെ ബന്ധു ലളിത (70) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top