ദുബായ്: ജോസ് ബട്ട്‌ലറിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ ഓസീസിനെ നിലംപരിശാക്കി ഇംഗ്ലണ്ട്. ടി 20 ലോകകപ്പിൽ ഇംഗ്ലണ്ട് ചിരവൈരികളായ കംഗാരുകളെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. ഓസീസ് ഉയർത്തിയ ദുർബലമായ വിജയ ലക്ഷ്യം 50 പന്തുകൾ ബാക്കിനിൽക്കെയാണ് ഇംഗ്ലീഷ് പട മറികടന്നത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ത്രേലിയ 20 ഓവറിൽ 125 റൺസിന് എല്ലാവരും പുറത്തായി.
ഗ്രൂപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഇംഗ്ലണ്ട് സെമി ഉറപ്പിച്ചു. തകര്‍ത്തടിച്ച ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ടിന്റെ ജയം എളുപ്പമാക്കിയത്. 32 പന്തുകള്‍ നേരിട്ട ബട്ട്‌ലര്‍ അഞ്ചു വീതം സിക്‌സും ഫോറുമടക്കം 71 റണ്‍സോടെ പുറത്താകാതെ നിന്നു. ജേസണ്‍ റോയ് (22), ഡേവിഡ് മലാന്‍ (8) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ജോണി ബെയര്‍സ്‌റ്റോ 11 പന്തില്‍ നിന്ന് 16 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 20 ഓവറില്‍ 125 റണ്‍സിന് ഓള്‍ഔട്ടായി. കണിശതയോടെ പന്തെറിഞ്ഞ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായത് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനും ഏഴാമന്‍ ആഷ്ടണ്‍ അഗറിനും മാത്രമാണ്.49 പന്തില്‍ നിന്ന് നാലു ഫോറടക്കം 44 റണ്‍സെടുത്ത ഫിഞ്ചാണ് അവരുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്റെ ഇന്നിങ്‌സാണ് ടീമിനെ 100 കടത്തിയത്. അഗര്‍ 20 പന്തില്‍ നിന്ന് രണ്ടു സിക്‌സടക്കം 20 റണ്‍സെടുത്തു. ആറാം വിക്കറ്റില്‍ ഈ സഖ്യം കൂട്ടിച്ചേര്‍ത്ത 47 റണ്‍സാണ് ഓസീസ് ഇന്നിങ്‌സിലെ മികച്ച കൂട്ടുകെട്ട്.