രഞ്ജി ട്രോഫി:സഞ്ജുവിനും സച്ചിന്‍ ബേബിക്കും സെഞ്ചുറി

ശ്രീനഗര്‍ :രഞ്ജി ട്രോഫി മത്സരത്തില്‍ ജമ്മു കശ്മീരിനെതിരായി കേരളം മികച്ച ലീഡിലേക്ക്. സഞ്ജു വി. സാംസണാണ് കേരളത്തെ നയിക്കുന്നത്. രഞ്ജിയില്‍ കേരളത്തെ നയിച്ച ഏറ്റവും പ്രായം കുറഞ്ഞ നായകനെന്ന റിക്കാര്‍ഡ് സഞ്ജുവിനു ലഭിച്ചു. സെഞ്ചുറി നേടിയ നായകന്‍ സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി എന്നിവരുടെ ബാറ്റിങ് മികവാണു ആദ്യ ഇന്നിങ്ങ്സില്‍ കേരളത്തിനു ലീഡു നേടിക്കൊടുത്തത്. ആറു വിക്കറ്റു നഷ്ടത്തില്‍ 393 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടരുകയാണ് കേരളം. ഇതോടെ കേരളത്തിനു 63 റണ്‍സ് ലീഡായി. സ്കോര്‍ ജമ്മു കശ്മീര്‍ – 330 ഓള്‍ഔട്ട്. കേരളം – ആറിനു 393.sanju-samson

മികച്ച പന്തുകള്‍ക്കു നേരെ വളരെ ശ്രദ്ധാപൂര്‍വം കളിച്ച സഞ്ജു, മോശം പന്തുകളെ കണക്കിനു ശിക്ഷിക്കാനും മടിച്ചില്ല. 171 പന്തു നേരിട്ട സഞ്ജു 101 റണ്‍ നേടി പുറത്തായി. ‌‌റാം ദയാലിന്റെ പന്തില്‍ ശുഭം ഖജൂറിയ പിടിച്ചാണ് സഞ്ജു പുറത്തായത്.

സഞ്ജു ഒരു വശത്തു മികച്ച കളി കാഴ്ചവച്ചപ്പോള്‍ സച്ചിന്‍ ബേബി നങ്കൂരമിട്ടു. വളരെ ശ്രദ്ധയോടെ മുന്നേറിയ സച്ചിന്‍ 263 പന്തുകള്‍ നേരിട്ടാണു സെഞ്ചുറി തികച്ചത്. ഇവര്‍ക്കു പുറമെ ഓപ്പണര്‍ ജഗദീഷ് (69), റോഹന്‍ പ്രേം (69), എന്നിവരും കേരളത്തിനായി മികച്ച ബാറ്റിങ് പുറത്തെടുത്തു. പുറത്താകാതെ നില്‍ക്കുന്ന സച്ചിന്‍ ബേബിയിലാണ് കേരളത്തിന്റെ ഇനിയുള്ള പ്രതീക്ഷ. സച്ചിന്‍ ബേബിക്കൊപ്പം 20 റണ്‍സുമായി മോനിഷ് കരേപ്പറമ്പിലാണു ക്രീസില്‍.

Top