ഇന്ത്യക്ക് നാലാം ഏകദിനത്തില്‍ കനത്ത തോല്‍വി

ആന്റിഗ്വ:ഇന്ത്യക്ക് നാലാം ഏകദിനത്തില്‍ കനത്ത തോല്‍വി. വിന്‍ഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം ഏകദിനത്തിലാണ്# ഇന്ത്യക്ക് കനത്ത തോല്‍വി കിട്ടിയത് വിന്‍ഡീസ് നേടിയ 190 റണ്‍സ് മറികടക്കാനെത്തിയ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ ജാസണ്‍ ഹോള്‍ഡറാണ് എറിഞ്ഞ് വീഴ്ത്തിയത്. 49.4 ഓവറില്‍ 178 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യയുടെ അഞ്ചു വിക്കറ്റുകളാണ് ഹോള്‍ഡര്‍ നേടിയത്.ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ക്ക് 50 ഓവറില്‍ 189 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ നിരയില്‍ ഓപ്പണര്‍ അജിങ്ക്യാ രഹാനക്കും വിക്കറ്റ് കീപ്പര്‍ എം.എസ് ധോണിക്കും മാത്രമാണ് പിടിച്ചു നില്‍ക്കാനായത്.
രഹാനെ 91 പന്തില്‍ നിന്ന് 60ഉം ധോണി 114 പന്തില്‍ നിന്ന് 54ഉം റണ്‍സെടുത്തു. ക്യാപ്റ്റന്‍ വിരാട് കോലി മൂന്ന് റണ്‍സ് മാത്രമാണ് നേടിയത്. ഒരറ്റത്ത് ധോണിയും രഹാനെയും പിടിച്ച്‌ നിന്നെങ്കിലും മറുതലക്കല്‍ വിക്കറ്റുകള്‍ പിടിച്ച്‌ നിര്‍ത്താനായില്ല. അഞ്ചു റണ്‍സ് കൂട്ടി ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യയുടെ അവസാന നാലു വിക്കറ്റുകള്‍ വീണത്.നേരത്തെ ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ വിന്‍ഡീസ് ഓപ്പണര്‍മാര്‍ ഒഴികെയുള്ളവര്‍ക്കാര്‍ക്കും കാര്യമായി പിടിച്ചുനില്‍ക്കാനായിരുന്നില്ല. 35 റണ്‍സ് വീതം നേടിയ ഓപ്പണര്‍മാരായ എവിന്‍ ലൂയിസും കെയ്ല്‍ ഹോപ്പുമാണ് ടോപ്സ്കോറര്‍മാര്‍. ലൂയിസ് 60 പന്തില്‍ നിന്നും ഹോപ്പ് 63 പന്തില്‍ നിന്നുമാണ് 35 റണ്‍സെടുത്തത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 17.2 ഓവറില്‍ 50 റണ്‍സ് നേടി.മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഉമേഷ് യാദവും ഹര്‍ദിക് പാണ്ഡ്യയുമാണ് വിന്‍ഡീസ് ബാറ്റിങ്ങിനെ മെരുക്കിയത്. ഉമേഷ് 36 ഉഗ പാണ്ഡ്യ 40 ഉം റണ്‍സാണ് വിട്ടുകൊടുത്തത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി.ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്ബരയില്‍ ഒരു മത്സരത്തിന്റെ മുന്‍തൂക്കത്തില്‍ ഇന്ത്യ ലീഡ് ചെയ്യുകയാണ്. ആദ്യ മത്സരം മഴയില്‍ മുങ്ങിപ്പോയി. രണ്ടാം ഏകദിനത്തില്‍ 105 റണ്‍സിനും മൂന്നാം ഏകദിനത്തില്‍ 93 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. ഇന്നത്തെ വിന്‍ഡീസിന്റെ വിജയത്തോടെ പരമ്ബര നേടാന്‍ ഇന്ത്യക്ക് അടുത്ത മത്സരത്തില്‍ തോല്‍ക്കാതിരിക്കണം.

Top