ന്യൂഡല്‍ഹി: മനസിന്റെ വികാരങ്ങള്‍ പ്രകടമാക്കാത്ത താരമായാണ് ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്ര സിംഗ് ധോണി അറിയപ്പെടുന്നത്. അത് സങ്കടമായാലും സന്തോഷമായാലും ദേഷ്യമായാലും പ്രകടമാവില്ല. എന്നാല്‍ കളിക്കളത്തില്‍ ധോണി ഒരിക്കല്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്. ഇതുവരെ പുറത്ത് വരാത്ത രഹസ്യം മാദ്ധ്യമ പ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദ്ദേശായിയുടെ ഡെമോക്രസി ഇവലവന്‍ എന്ന പുസ്തകത്തിലൂടെയാണ് ധോണി വെളിപ്പെടുത്തിയിരിക്കുന്നത്.
2011ലെ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ചാന്പ്യന്മാരായപ്പോഴായിരുന്നു ധോണിയെ കരയിപ്പിച്ച സംഭവം ഉണ്ടായത്. ഫൈനലില്‍ ശ്രീലങ്കയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടിയപ്പോള്‍ മിക്ക താരങ്ങളും സന്തോഷമടക്കാനാവാതെ കണ്ണീര്‍ വാര്‍ത്തിരുന്നു.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, യുവാജ് സിംഗ്, ഗൗതം ഗംഭീര്‍ തുടങ്ങിയ താരങ്ങളെല്ലാം കരഞ്ഞപ്പോഴും ധോണി മാത്രം പിടിച്ച് നിന്നു. എന്നാല്‍ നിറകണ്ണുമായി ഹര്‍ഭജന്‍ കെട്ടിപ്പിടിച്ചപ്പോള്‍ തന്റെയും നിയന്ത്രണം വിട്ടുപോയെന്ന് ധോണി പറയുന്നു.
അതെ, ഞാന്‍ കരഞ്ഞു, പക്ഷേ ക്യാമറകള്‍ അത് കണ്ടില്ല. ഹര്‍ഭജന്‍ എന്നെ കെട്ടിപ്പിടിച്ചപ്പോള്‍ എല്ലാം പിടിവിട്ടുപോയി. എന്റെ കണ്ണുകളൊക്കെ ചുവന്നിരുന്നു. പക്ഷേ ആരും കാണാതിരിക്കാന്‍ ഞാന്‍ കണ്ണുകള്‍ താഴ്ത്തി’ എന്നും ധോണി പുസ്തകത്തില്‍ പറയുന്നു.