ദക്ഷിണാഫ്രിക്കന്‍ വിചിത്ര ബൗളറെ അനുകരിക്കുന്ന കുട്ടി അപരന്‍

ഹോങ്കോങ്: ക്രിക്കറ്റ് താരങ്ങളെ അതേപടി അനുകരിക്കുന്ന കുട്ടികളുടെ വീഡിയോകള്‍ അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂംറയുടെ ആക്ഷനില്‍ പന്തെറിയുന്ന പാകിസ്താന്‍ ബാലന്റെ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ഇതാ മുന്‍ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ പോള്‍ ആഡംസിന്റെ ആക്ഷനില്‍ പന്തെറിയുന്ന ബാലനാണ് സമൂഹമാധ്യമങ്ങളിലെ താരം. ക്രിക്കറ്റിലെ അത്യപൂര്‍വ്വ ബൗളിംഗ് ശൈലിക്കുടമയായിരുന്നു ആഡംസ്. എന്നാല്‍ ഹോങ്കോംഗില്‍ നിന്നുള്ള ഈ ബാലന്‍ ആഡംസിന്റെ വ്യത്യസ്ത ആക്ഷന്‍ നന്നായി അനുകരിക്കുന്നുണ്ട്. ഈ ആക്ഷന്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തോടെ ഹോംങ്കോംഗ് ക്രിക്കറ്റാണ് ട്വിറ്ററില്‍ ആഡംസിന്റെ അപരന്റെ ദൃശ്യം പങ്കുവെച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഇതിന് വ്യാപക പ്രചാരം ലഭിക്കുകയും ചെയ്തു.

അണ്ടര്‍ 13 ക്രിക്കറ്റ് ലീഗിലായിരുന്നു ഈ വ്യത്യസ്ത പന്തേറ്. ഹോംങ്കോംഗ് ക്രിക്കറ്റിന്റെ ട്വീറ്റിന് മറുപടിയായി പോള്‍ ആഡംസ് ബാലനെ അഭിനന്ദിക്കുകയും ചെയ്തു. കുഞ്ഞ് ആഡംസിന്റെ ടേണാണ് മുന്‍ താരത്തെ ആകര്‍ഷിച്ചത്. പക്ഷേ വ്യത്യസ്ത ബൗളിംഗ് ആക്ഷന്‍ കൊണ്ട് വലിയ കയ്യടി ലഭിച്ചെങ്കിലും പരിക്കിന്റെ പിടിയില്‍ അവസാനിക്കുകയായിരുന്നു ആഡംസിന്റെ കരിയര്‍. 45 ടെസ്റ്റില്‍ 134 വിക്കറ്റും 24 ഏകദിനത്തില്‍ 29 വിക്കറ്റും ആഡംസിന്റെ പേരിലുണ്ട്. ഗൂഗ്ലിയും ചൈനമാന്‍ സ്പിന്നമെല്ലാം ആഡംസിന് വഴങ്ങുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

Top