പാക് ടീം ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്നതാണ് നല്ലത്: മൈക്കൽ ഹോൾഡിംഗ്.

ന്യുഡൽഹി പാകിസ്താൻ ടീം ഇംഗ്ലണ്ട് പര്യടനം നടത്തുന്നതാണ് നല്ലതെന്ന് വെസ്റ്റ് ഇൻഡീസ് പേസ് ഇതിഹാസം മൈക്കൽ ഹോൾഡിംഗ്. പാകിസ്താനിലെ കൊവിഡ് ബാധ പരിഗണിക്കുമ്പോൾ സ്ഥിതിഗതികൾ മോശമാണെന്നും ഇംഗ്ലണ്ടിൽ അല്പം കൂടി സുരക്ഷിതമായ സാഹചര്യങ്ങളാണെന്നും ഹോൾഡിംഗ് പറയുന്നു. ഈ മാസം 28നാണ് മൂന്ന് ടെസ്റ്റുകളും മൂന്ന് ടി-20കളും അടങ്ങിയ ഇംഗ്ലണ്ട് പര്യടനത്തിനായി പാകിസ്താൻ പുറപ്പെടുക.

കഴിഞ്ഞ ദിവസം, ടീം അംഗങ്ങളിൽ നടത്തിയ കൊവിഡ് പരിശോധനയിൽ 10 താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഷദബ് ഖാൻ, ഹാരിസ് റൗഫ്, ഹൈദർ അലി, ഫഖർ സമാൻ, മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, മുഹമ്മദ് റിസ്‌വാൻ, മുഹമ്മദ് ഹസ്നൈൻ, ഇമ്രാൻ ഖാൻ, കാഷിഫ് ഭട്ടി എന്നിവർക്കാണ് കൊവിഡ് പോസിറ്റീവ് ആയത്. ടീമിലെ ഒരു സപ്പോർട്ട് സ്റ്റാഫിനും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്ന് ഇംഗ്ലണ്ട് പര്യടനം പരുങ്ങലിലാവുമെന്ന് സൂചന ഉണ്ടായിരുന്നു എങ്കിലും ഇരു ക്രിക്കറ്റ് ബോർഡുകളും ഇത് നിഷേധിച്ചു.

ഇതിനിടെ പാകിസ്താൻ ക്രിക്കറ്റ് ബോർഡിൻ്റെ കൊവിഡ് ടെസ്റ്റിൽ പോസിറ്റീവായതിനു പിന്നാലെ മുഹമ്മദ് ഹഫീസ് സ്വകാര്യമായി വീണ്ടും ടെസ്റ്റ് ചെയ്തിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ വ്യക്തിപരമായി താരവും കുടുംബവും വീണ്ടും ടെസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ഹഫീസ് ഇന്നലെ വെളിപ്പെടുത്തിയത്. ടെസ്റ്റ് റിസൽട്ട് നെഗറ്റീവ് ആയിരുന്നു എന്ന് ഹഫീസ് പറഞ്ഞു. താരത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പറഞ്ഞു. ബോർഡിനോട് ചോദിക്കാതെയാണ് ഹഫീസ് പരിശോധന നടത്തിയെന്നും ബോർഡിൻ്റെ അതൃപ്തി ഹഫീസിനെ അറിയിച്ചു എന്നും പിസിബി സിഇഒ വസീം ഖാൻ പറഞ്ഞു.

Top