ധോണി മുന്നില്‍നിന്നു നയിച്ചു, ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം!

ഇന്‍ഡോര്‍: വിക്കറ്റിന് മുന്നിലും വിക്കറ്റിന് പിന്നിലും ധോണി യഥാര്‍ഥ നായകനായപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 22 റണ്‍സിന്റെ  ജയം.248 എന്ന അത്ര വലുതല്ലാത്ത ലക്‍ഷ്യത്തിനായി സര്‍വശക്തിയുമെടുത്ത് പോരാടിയിട്ടും ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍‌മാര്‍ 225 തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചു. ഇന്ത്യയ്ക്ക് 22 റണ്‍സിന്‍റെ വിജയം.51 റണ്‍സെടുത്ത ഡുപ്ലെസിസിനും 36 റണ്‍സെടുത്ത ഡുമിനിക്കും 34 റണ്‍സെടുത്ത ഡി കോക്കിനും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയില്‍ ഭേദപ്പെട്ട സംഭാവന നല്‍കാനായത്. സൂപ്പര്‍താരങ്ങളായ ഹാഷിം അം‌ല(17), ഡിവില്ലിയേഴ്സ്(19), ഡേവിഡ് മില്ലര്‍(0) എന്നിവര്‍ പെട്ടെന്നുതന്നെ മടങ്ങിയത് ദക്ഷിണാഫ്രിക്കയെ പരാജയത്തിലേക്ക് നയിച്ചു.
ഇന്ത്യന്‍ ബൌളിംഗ് നിരയില്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി ഭുവനേശ്വര്‍ കുമാറും അക്ഷര്‍ പട്ടേലും മികച്ചുനിന്നു. ഹര്‍ഭജന്‍ സിംഗ് രണ്ടുവിക്കറ്റുകളും ഉമേഷ് യാദവ്, മൊഹിത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി. നാലുപേരെ പുറത്താക്കുന്നതില്‍ ധോണി പങ്കുവഹിച്ചപ്പോള്‍ അവിസ്മരണീയമായ ക്യാച്ചുകളുമായി കോഹ്‌ലി ഫീല്‍ഡില്‍ സിംഹമായി. മൂന്ന് കിടിലന്‍ ക്യാച്ചുകളാണ് കോഹ്‌ലിയെടുത്തത്.india-win-
ആദ്യം ബാറ്റ് ചെയ്ത നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സിന്‍റെ പിന്‍‌ബലത്തിലാണ് 247ലെത്തിയത്. ഉത്തരവാദിത്തരഹിതമായ ബാറ്റിങ്ങിലൂടെയും അലക്‍ഷ്യമായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞും മുന്‍നിരയും മധ്യനിരയും സൃഷ്ടിച്ച പ്രതിസന്ധിക്ക് വാലറ്റത്തെ കൂട്ടുപിടിച്ച് നായകന്‍ ധോണി ടീമിനെ കരയ്ക്കടുപ്പിക്കുകായിരുന്നു. പൊരുതി നേടിയ സെഞ്ച്വറിയോളം വിലയുള്ള അര്‍ദ്ധസെഞ്ച്വറി (പുറത്താകാതെ 92)യാണ് ഇന്ത്യയുടെ നട്ടെല്ലായി തീര്‍ന്നത്. ഏതായാലും ബാറ്റിംഗിലെ മെല്ലെപ്പോക്കിന് കേട്ട ചീത്ത വിളികള്‍ക്ക് മധുരമായ മറുപടിയാണ് ധോണി നല്‍കിയത്. ധോണിക്ക് പുറമെ അജിങ്ക്യ രഹാനെയും (51) അര്‍ദ്ധസെഞ്ച്വറി നേടി. ധോണി സെഞ്ച്വറി തികയ്ക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. അവസാന ഓവറിലെ ആദ്യ അഞ്ചു ബോളുകളിലും റണ്‍സെടുക്കാന്‍ ധോണിക്കായില്ല. ഒടുവില്‍ ഇന്നിങ്സിലെ അവസാന പന്ത് സിക്സിന് പറത്തിയാണ് ധോണി വ്യക്തിഗത സ്കോര്‍ 92ല്‍ എത്തിച്ചത്.
മല്‍സരത്തിലാകെ രണ്ടു അര്‍ദ്ധസെഞ്ച്വറി കൂട്ടുകെട്ട് മാത്രമാണ് ഇന്ത്യയ്ക്ക് സൃഷ്ടിക്കാനായത്. മികച്ച കൂട്ടുകെട്ടുകള്‍ തീര്‍ക്കുന്നതില്‍ പരാജയപ്പെട്ട ഇന്ത്യയുടെ മുന്‍നിര, മധ്യനിര ബാറ്റ്സ്മാന്‍മാരും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ കണ്ടെത്തിയ ദക്ഷിണാഫ്രിക്കന്‍ ബൌളര്‍മാരുമാണ് ഇന്ത്യയെ താരതമ്യേന ചെറിയ സ്കോറില്‍ ഒതുക്കിയത്. രോഹിത് ശര്‍മ പുറത്താകുന്നത് കണ്ടുകൊണ്ടായിരുന്നു ഇന്ത്യന്‍ ഇന്നിങ്സിന്റെ തുടക്കം. തുടര്‍ന്ന് അജിങ്ക്യ രഹാനെയെ കൂട്ടുപിടിച്ച് അര്‍ദ്ധസെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്ത ശിഖര്‍ ധവാന്‍ ഇന്ത്യയെ 50 കടത്തിയെങ്കിലും പിന്നാലെ ധവാന്‍ വീണു.
ഇല്ലാത്ത റണ്ണിനോടി കോഹ്‌ലിയും (18 പന്തില്‍ 12) പിന്നാലെ തുടര്‍ച്ചയായ രണ്ടാം അര്‍ദ്ധസെഞ്ച്വറി കുറിച്ച രഹാനെയും (63 പന്തില്‍ 51) പുറത്തായതോടെ ഇന്ത്യ പതറി. റെയ്ന (0), അക്ഷര്‍ പട്ടേല്‍ (13) എന്നിവരും പെട്ടെന്നുതന്നെ കൂടാരം കയറി. ഏഴാം വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറുമൊത്ത് 41 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്ത ധോണിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഭുവനേശ്വര്‍ കുമാര്‍ പുറത്തായതിനെ തുടര്‍ന്ന് ക്രീസിലെത്തിയ ഹര്‍ഭജനൊപ്പം 56 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്ത ധോണി ഇന്ത്യയെ പൊരുതാവുന്ന നിലയിലെത്തിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി സ്റ്റെയിന്‍ മൂന്നും മോണി മോര്‍ക്കല്‍, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ രണ്ടും റബഡ ഒരു വിക്കറ്റും വീഴ്ത്തി.
Top