ബെംഗളൂരു: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഫൊട്ടോഫിനിഷിലേക്ക് പുരോഗമിക്കുന്ന കര്‍ണാടകയില്‍ നിര്‍ണായക രാഷ്ട്രീയ ചരടുവലികള്‍. ജെഡിഎസിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. ജെഡിഎസിന് കോണ്‍ഗ്രസ് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തു. കോണ്‍ഗ്രസിന്റെ വാഗ്ദാനം ജെഡിഎസ് സ്വീകരിച്ചതോടെ കര്‍ണാടകയില്‍ തനിച്ച് സര്‍ക്കാരുണ്ടാക്കാമെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു.
ബിജെപിയെ അധികാരത്തില്‍ നിന്നകറ്റുക, മതേതര സര്‍ക്കാര്‍ നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളിലാണ് ജനതാദളും (സെക്യൂലര്‍) കോണ്‍ഗ്രസും ഒന്നിച്ചത്. എച്ച്.ഡി.കുമാരസ്വാമിയാകും മുഖ്യമന്ത്രി. മന്ത്രിസ്ഥാനം തീരുമാനിക്കുന്നത്തിനുള്ള സ്വാതന്ത്ര്യവും ജനതാദള്‍ സെക്യുലറിന് വിട്ട് നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, അശോക് ഘെഹ്ലോട്ട് എന്നിവരും ജനതാദള്‍ നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.
2006-2007 കാലഘട്ടത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ആയിരുന്ന എച്ച്.ഡി.കുമാരസ്വാമി നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ആണ്. വൈകിട്ട് ഗവര്‍ണറെ സന്ദര്‍ശിച്ച് ജനതാദളിനെ തങ്ങള്‍ പിന്തുണക്കുന്നതായി അറിയിക്കും എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചത്.
അതേസമയം, ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ ബിജെപി നേതാക്കളും ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സന്നദ്ധത അറിയിക്കും. ഗവര്‍ണര്‍ വാജുഭായ് വാലയുടെ തീരുമാനവും നിര്‍ണായകമാകും. എന്തിരുന്നാലും വലിയ കുതിരക്കച്ചവടങ്ങള്‍ക്കാണ് വരും ദിവസങ്ങളില്‍ കര്‍ണാടക സാക്ഷ്യം വഹിക്കുക.