
കണ്ണൂര്‍: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ സമരം ശക്തിപ്പെടുത്താന്‍ ബിജെപി. കൂടുതല്‍ കേന്ദ്ര നേതാക്കളെയും മന്ത്രിമാരെയും ശബരിമലയില്‍ എത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പിണറായി സര്‍്കകാര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന വാദത്തിന് ദേശീയ മുഖം നല്‍കാനാണ് ബിജെപി ശ്രമം.
ഇതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും രാജ്യരക്ഷാ മന്ത്രി നിര്‍മ്മലാ സീതാരാമനും ശബരിമലയില്‍ എത്തുമെന്നാണ് വിവരം. സ്ത്രീ പ്രവേശനത്തിനെതിരായ ചെറുത്തുനില്പുകള്‍ക്കുമിടയിലാണ് കേന്ദ്രത്തിലെ ഏറ്റവും മുതിര്‍ന്ന രണ്ട് മന്ത്രിമാരെ തന്നെ ബി.ജെ.പി ശബരിമലയിലേക്ക് കൊണ്ടുവരുന്നത്.
ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലുമെല്ലാം നിരോധനാജ്ഞ നടപ്പിലാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ ബി.ജെ.പി, സംഘപരിവാര്‍ നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും കേസുകളെടുക്കുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഇപ്പോഴും ജയിലിലാണ്. കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് എസ്.പി യതീഷ് ചന്ദ്ര മോശമായി പെരുമാറിയത് വിവാദമായിരുന്നു.
സന്നിധാനത്ത് ശരണം വിളിക്കുകയും നാമജപം നടത്തുകയും ചെയ്ത 69 പേരെ അറസ്റ്ര് ചെയ്ത ജയിലിലാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രആഭ്യന്തര മന്ത്രി നേരിട്ട് സന്നിധാനത്തെത്തുന്നത്. നേരത്തെ ബി.ജെ.പി എം.പിമാരായ വി.മുരളീധരനും നളിന്‍കുമാര്‍ കട്ടീലും സന്നിധാനത്തെത്തിയിരുന്നു. കൂടുതല്‍ കേന്ദ്രമന്ത്രിമാരെ സന്നിധാനത്തെത്തിക്കാന്‍ ബി.ജെ.പി നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും രാജ്യരക്ഷാ മന്ത്രി നിര്‍മ്മലാ സീതാരാമനും ശബരിമലയില്‍ വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. അതേസമയം ഇവരുടെ വരവ് സംബന്ധിച്ച കൃത്യമായ തിയതികള്‍ ലഭിച്ചിട്ടില്ല.