ന്യൂഡല്‍ഹി: കഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാക്കണമെന്ന ആവശ്യമുന്നയിച്ച് ബോളിവുഡ് നടന്‍ ഉദയ് ചോപ്ര രംഗത്തെത്തി. കഞ്ചാവ് നിയമപരമാക്കിയാല്‍ നിരവധി ഉപയോഗങ്ങള്‍ ലഭിക്കുമെന്നതടക്കമുള്ള താരത്തിന്റെ അഭിപ്രായം പുതുയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. താരത്തിന്റെ ആവശ്യങ്ങളോട് വ്യത്യസ്തമായ രീതിയിലാണ് മിക്കവരും പ്രതികരിച്ചത്. എന്നാല്‍ അതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധപിടിച്ച് പറ്റിയത് മുംബയ് പൊലീസിന്റെ മറുപടിയാണ്.
സെപ്തംബര്‍ 13നാണ് ട്വിറ്ററിലൂടെ കഞ്ചാവ് നിയമ വിധേയമാക്കണമെന്ന ആവശ്യം ഉദയ് ചോപ്ര ഉന്നയിച്ചത്. ഇന്ത്യയില്‍ കഞ്ചാവ് നിയമ വിധേയമാക്കണമെന്നാണ് തന്റെ ആവശ്യം. ഇത് നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്നതാണ് ആദ്യകാര്യം. മാത്രവുമല്ല കഞ്ചാവ് നിയമവിധേയമാക്കി അതില്‍ നിന്നും നികുതി പിരിച്ചാല്‍ രാജ്യത്തിന് വന്‍ വരുമാന മാര്‍ഗമാകും. ഇതിന് പിന്നിലുള്ള ക്രിമിനല്‍ എലമെന്റുകളും ഇല്ലാതാകും. കൂടാതെ കഞ്ചാവ് ഉപയോഗിക്കുന്നത് കൊണ്ട് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
തൊട്ടുപിന്നാലെ ഒരല്‍പ്പം കടുത്ത സ്വരത്തില്‍ മുംബയ് പൊലീസിന്റെ ട്വീറ്റെത്തി. ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ താങ്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നു. എന്നാല്‍ 1985ലെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സ്റ്റന്‍സ് ആക്ട് അനുസരിച്ച് ഇന്ത്യയില്‍ കഞ്ചാവ് ഉപയോഗിക്കുന്നതും കടത്തുന്നതും സൂക്ഷിക്കുന്നതും കുറ്റകരമാണെന്ന് മറക്കരുതെന്നും മുംബയ് പൊലീസ് വ്യക്തമാക്കി. മുഹബ്ബത്തേന്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഉദയ് ചോപ്ര ധൂം സിനിമകളിലും മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു