സുനിയെ കോടതിയിലെത്തിച്ച അഭിഭാഷകരുടെ രീതി ശരിയല്ലെന്ന് മുതിര്‍ന്ന അഭിഭാഷകര്‍; കുറ്റവാളികള്‍ക്ക് നിയമ വിധേയമായ സഹായങ്ങള്‍ നല്‍കാന്‍ മാത്രമേ തങ്ങള്‍ക്ക് അധികാരമുള്ളൂ

നടിയെ ആക്രമിച്ചവരെ കോടതിക്കുള്ളില്‍ അഭിഭാഷകര്‍ എത്തിച്ച രീതിയും അവരെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഓഫീസറെ തടയാന്‍ ശ്രമിച്ചതും ശരിയായ നടപിടിയല്ലെന്ന് മുതിര്‍ന്ന അഭിഭാഷകര്‍. കുറ്റവാളിക്ക് ആവശ്യമായ നിയമസഹായം എവിടെ വരെയെന്ന നിയന്ത്രണരേഖ തിരിച്ചറിയാന്‍ ഓരോ അഭിഭാഷകര്‍ക്കും ബാധ്യതയുണ്ടെന്നും അഭിഭാഷകരായ അഡ്വ.സി.പി ഉദയഭാനുവും, അഡ്വ. സെബാസ്റ്റ്യന്‍പോളും ഓര്‍മ്മിപ്പിക്കുന്നു. അഭിഭാഷകര്‍ക്ക് അവരുടെ തൊഴില്‍പരമായ ചുമതലകള്‍ അനുസരിച്ച് ഏത് കൊടുംകുറ്റവാളിക്ക് വേണ്ടി ഹാജരാകുന്നതിനും യാതൊരു നിയമതടസവുമില്ല. എന്നാല്‍ കുറ്റവാളിക്ക് ആവശ്യമായ നിയമസഹായം എവിടെവരെയെന്ന നിയന്ത്രണരേഖ തിരിച്ചറിയാന്‍ ഓരോ അഭിഭാഷകനും ബാധ്യതയുണ്ടെന്നും ഉദയഭാനു വ്യക്തമാക്കുന്നു.

മുഖ്യപ്രതികള്‍ക്ക് പിന്‍വശത്തെ മതില്‍ ചാടിക്കടന്ന് വരാനും ഉച്ചസമയം തിരഞ്ഞെടുക്കാനും കോടതിക്ക് അകത്തെത്തി ഒളിഞ്ഞു നില്‍ക്കാനും സൗകര്യം ചെയ്ത് നല്‍കിയത് ആരാണെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. അപ്രകാരം ചെയ്തത് അഭിഭാഷകര്‍ ആണെങ്കില്‍ തീര്‍ച്ചയായും അക്ഷന്തവ്യമായ ഒരു കുറ്റകൃത്യത്തില്‍ അവരും പങ്കാളികളാകും. കുറ്റവാളികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നിയമവിധേയമായി മാത്രം ചെയ്തുകൊടുക്കാനുളള ഉത്തരവാദിത്വമാണ് അഭിഭാഷകനുളളത്. അവര്‍ നിയമലംഘകരാണെങ്കില്‍ അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുളള അന്വേഷണ സംഘത്തിന്റെ ചുമതലയെ ഒരു വിധത്തിലും തടസപ്പെടുത്താന്‍ അഭിഭാഷകര്‍ക്ക് അവകാശമില്ല. അങ്ങനെയുളള തടസപ്പെടുത്തല്‍ നിയമലംഘനമാണെന്നും ഉദയഭാനു മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസുകാരെ തടയാന്‍ ശ്രമിച്ച അഭിഭാഷകരുടെ നടപടി അപഹാസ്യവും പ്രതിഷേധാര്‍ഹവുമാണെന്നാണ് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞത്. കോട്ടിട്ട അഭിഭാഷകര്‍ തെരുവില്‍ ഗുണ്ടായിസം കാണിക്കരുതെന്ന് പറഞ്ഞതിനാണ് തന്നെ ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷനില്‍ നിന്നും പുറത്താക്കിയത്. അഭിഭാഷകരെ ഗുണ്ടകളെന്ന് വിളിച്ചു എന്നായിരുന്നു പരാതി. പക്ഷേ ആ പേര് ശരിവെയ്ക്കുന്ന നടപടികളാണ് കഴിഞ്ഞദിവസം എറണാകുളം കോടതിയില്‍ കണ്ടത്. പൊലീസ് തിരയുന്ന കുപ്രസിദ്ധ ഗുണ്ട അവരുടെ കണ്ണുവെട്ടിച്ച് അഭിഭാഷക വേഷത്തില്‍ കോടതി മുറിയില്‍ എത്തി. വഴികാട്ടാന്‍ കോട്ടിട്ട വക്കീലന്‍മാരും ഉണ്ടായിരുന്നു. പ്രതിയെ പിടികൂടാനുളള പൊലീസിന്റെ ശ്രമത്തിന് തടസം നിന്നത് ഈ അഭിഭാഷകരാണ്. ഭരണഘടന അടിസ്ഥാനമാക്കി പറയുന്ന കാര്യങ്ങള്‍ ഒരു വിഭാഗം അഭിഭാഷകര്‍ക്ക് മനസിലാകുന്നില്ല. കോട്ടിട്ട് കോടതി പരിസരത്ത് കാണുന്നവരെല്ലാം അഭിഭാഷകരല്ലെന്ന വസ്തുത വെളിപ്പെടുത്തുകയാണ് പള്‍സര്‍ സുനി സംഭവമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മുണ്ടൂരില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top