മുംബൈ :മഹാരാഷ്ട്ര ത്രികക്ഷി ഭരണം അധികം നീളില്ല .മഹാരാഷ്ട്രയിൽ ‘കർണാടക’ ആവർത്തിക്കും !!ഭരണപരിചയമോ പാർലമെന്ററി പരിചയമോ ഇല്ലാത്ത ഉദ്ധവ് താക്കറെക്ക് മുന്നിൽ വൻ വെല്ലുവിളികൾ ആണുള്ളത് .എൻ സിപിയിലെയും കോൺഗ്രസ്സിലെയും തഴക്കവും പഴക്കവും രാഷ്ട്രീയ കുതന്ത്രക്കാരുമായ നേതാക്കളെ പ്രീണിപ്പിച്ച് മുന്നോട്ടു പോവുക ബാലികേറാമലയായിരിക്കും .ഭരണത്തിൽ കൂട്ടുകൂടിയിരിക്കുന്ന കോൺഗ്രസ് തന്നെയായിരിക്കും ശിവസേനയ്ക്ക് തലവേദന.പിന്നെ പവാർ പക്ഷക്കാരായ എന്സിപിയും .ഭരണകാര്യങ്ങളിലോ പാർലമെന്ററി തലത്തിലോ ഒരു മുൻപരിചയവും ഇല്ലാതെയാണ് ഉദ്ധവ് താക്കറെ ത്രികക്ഷി സർക്കാരിനെ നയിക്കാൻ ചുമതലയേറ്റിരിക്കുന്നത്. വിപരീത ദിശയിൽ പോകുന്ന മൂന്നു പാർട്ടികളെ ഒറ്റക്കുടക്കീഴിലാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഉദ്ധവ് ഏറ്റെടുത്തിരിക്കുന്നത്. മൂന്നു കക്ഷികളുടെയും നേതാക്കളെ പ്രീണിപ്പിക്കുക, സമവായ തീരുമാനം എടുക്കുക, മൂന്നു പാർട്ടികളിലെയും മന്ത്രിമാരെ നിലയ്ക്കു നിർത്തുക തുടങ്ങിയ കാര്യങ്ങളിലാവും ഉദ്ധവ് ഏറ്റവും വെല്ലുവിളി നേരിടുക.
ബാൽ താക്കറെയെന്ന നേതാവിൻ്റെ കരിഷ്‌മ അക്രമണാത്മക ഹിന്ദുത്വത്തിൻ്റെയും മണ്ണിൻ്റെ മക്കൾ രാഷ്ട്രീയത്തിലൂടെയും ആർജിച്ചെടുത്തതാണ്.ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ ഈറ്റില്ലമാണ് മഹാരാഷ്ട്ര. ഹിന്ദു മഹാസഭ നേതാവ് വീർ സവർക്കർ ആർ.എസ്.എസ്സിൻ്റെ സ്ഥാപകൻ ഹെഡ്ഗേവാർ, സർസംഘ്ചാലകൻമാരായ ഗോൾവാൾക്കർ, മധുക്കർ ദത്തത്രയഃ ദിയോറ തുടങ്ങി മോഹൻ ഭഗവത് വരെയുള്ള ആർ.എസ്.എസ് നേതാക്കന്മാരുടെ നാടായിരുന്നിട്ടും ആർ.എസ്.എസ്സിൻ്റെ ഏറ്റവും ശക്തമായ കേന്ദ്രമായിട്ടും മുഖ്യധാരാ ഹിന്ദുത്വ പാർട്ടികളിൽ നിന്ന് വ്യത്യസ്‌തമായി മറാത്താ വാദം പറയുന്ന ശിവസേനയ്ക്ക് മുംബൈയിലും മഹാരാഷ്ട്രയിലും കാലുറപ്പിക്കാൻ സാധിച്ചത് താക്കറെയുടെ കരിഷ്‌മ കൊണ്ടാണ്.
ഭരണകാര്യങ്ങളിൽ വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ സംഘത്തെ രൂപീകരിക്കേണ്ടതും ഉദ്ധവിന് ആവശ്യമാണ്. എംഎൽഎ പോലും ആകാതെ നേരിട്ടു മുഖ്യമന്ത്രി പദവിയിലേറിയതിന്റെ പരിചയക്കുറവ് പരിഹരിക്കാൻ ഇതാവശ്യമാണ്. എന്നാൽ ഇതത്ര എളുപ്പമാകില്ല എന്നതാണ് വസ്തുത. കാരണം, ഉദ്യോഗസ്ഥതലത്തിലെ പലരും ബിജെപിയുടെയും എൻസിപിയുടെയും അടുപ്പക്കാരായിരിക്കും.
താക്കറെ കുടുംബത്തിൽ നിന്ന് അധികാരപദവിയിലെത്തുന്ന ആദ്യ വ്യക്തിയായി, മഹാരാഷ്ട്രയുടെ പതിനെട്ടാമത്തെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു. പ്രത്യയശാസ്ത്രപരമായി വിപരീത ചേരിയിൽ നിൽകുന്ന പാർട്ടികൾ ബിജെപിക്കെതിരെ ഒറ്റക്കെട്ടായപ്പോൾ പിറന്നത് ചരിത്രം.ത്രികക്ഷി സർക്കാരിന്റെ ഭാവി എത്രത്തോളം ശോഭനമാണെന്ന കാര്യത്തിൽ ആശങ്കകൾ ബാക്കിയാണ്. മഹാരാഷ്ട്രയിൽ വീണ്ടുമൊരു ‘കർണാടക’ ആവർത്തിക്കാതിരിക്കാനുള്ള ശ്രമങ്ങൾ മൂന്നു പാർട്ടികൾ അഞ്ച് വർഷവും നടത്തിക്കൊണ്ടേ ഇരിക്കേണ്ടി വരും. ഉദ്ധവ് താക്കറെയ്ക്കു മുൻപിലുള്ള അഞ്ച് പ്രധാന വെല്ലുവിളികളിൽ ഏറ്റവും വലുത് മതേതരവാദം വാക്കിൽ മുഴക്കുന്ന സോണിയ ‘കോൺഗ്രസ് തന്നെയായിരിക്കും .
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കാർഷിക കടം എഴുതിത്തള്ളുന്നതിനും അതിനു വേണ്ടി സർക്കാരിനെതിരെ പടപൊരുതാനും മുൻപന്തിയിൽ നിന്ന പാർട്ടിയാണ് ശിവസേന. അതുകൊണ്ടു തന്നെ ശിവസേന മുഖ്യമന്ത്രി അധികാരത്തിലേറുമ്പോൾ ആദ്യം ചെയ്യേണ്ട ചുമതലകളിൽ ഒന്നായി ഇതു മാറുന്നു.ത്രികക്ഷി സർക്കാരിന്റെ പൊതു മിനിമം പരിപാടിയിൽ കാർഷിക കടം എഴുതിത്തള്ളുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും പ്രാഥമിക കണക്കുകൾ പ്രകാരം 30,000 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതു സർക്കാരിനു വരുത്തിവയ്ക്കുക. 4.71 ലക്ഷം കോടിയിലേറേ കടമുള്ള സംസ്ഥാനത്തെ സംബന്ധിച്ച് ഇതു നിസ്സാരകാര്യമാവില്ല.
അടിസ്ഥാനസൗകര്യ വികസനങ്ങൾക്കും നഗര പുനർനിർമാണത്തിനും വിപുലമായി പദ്ധതികളാണ് ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ തയാറാക്കിയിരുന്നത്. ആറ് മെട്രോ ഇടനാഴികൾ ഉൾപ്പെടെ 1.5 ലക്ഷം കോടി രൂപയുടെ പദ്ധതികൾ ഇപ്പോൾ പ്രാബല്യത്തിലുണ്ട്. ഇതു തുടർന്നു കൊണ്ടുപോകേണ്ട ഉത്തരവാദിത്വം ഉദ്ധവ് താക്കറെ സർക്കാരിനുണ്ട്. അല്ലെങ്കിൽ നഗര എംഎൽഎമാർ ഏറെയുള്ള ശിവസേനയ്ക്ക് അതു തിരിച്ചടിയാകും. 2022–ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞടുപ്പ് നടക്കാനിരിക്കെ ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) ഉൾപ്പെടെയുള്ള നഗരസഭകളിൽ അധികാരം കയ്യാളുന്ന ശിവേസനയ്ക്ക് അതു നിലനിർത്തേണ്ടത് അത്യാവശ്യമാണ്.
കോൺഗ്രസിനെ പ്രീണിപ്പിക്കാൻ മറാത്ത വാദികളായ ശിവസേനക്കൊ -താക്കറക്കോ കഴിയില്ല .ബാൽ താക്കറെ ഒരു സീസണൽ ഹിന്ദുത്വ വാദിയായിരുന്നു എന്നാണ് ശിവസേനയുടെയും മറാത്താ പ്രക്ഷോഭത്തിൻ്റെയും രാഷ്ട്രീയ പരമായ സ്വാധീനങ്ങളെ വിലയിരുത്തിയ അക്കാദമീഷ്യൻമാർ പറയാറുള്ളത്. ആദ്യം ദക്ഷിണേന്ത്യക്കാരായിരുന്നു ശിവസേനയുടെ ശത്രു. പിന്നെ ഉത്തരേന്ത്യക്കാരായി. മുസ്ലിം ജനവിഭാഗങ്ങളുടെ അപരവൽക്കരണത്തിലൂടെ തൻ്റെ രാഷ്ട്രീയ അതിജീവനം എക്കാലത്തും സാധ്യമാവും എന്ന് മനസിലാക്കിയതിനു ശേഷമാണു മുസ്ലിം എന്ന സ്ഥായിയായ ശത്രുവിനെ ബാൽ താക്കറെ തെരഞ്ഞെടുക്കുന്നത്. സർക്കാരിൽ ഒരു ഔദ്യോഗിക പദവികളും വഹിക്കാതെ തന്നെ മുംബൈയും മഹാരാഷ്ട്രയും ഭരിച്ചിരുന്ന ഡി ഫാക്ടോ ചീഫ് മിനിസ്റ്റർ ആയിരുന്നു ബാൽ താക്കറെ.
ബാൽ താക്കറെയുടെ മാതൃകാ പുരുഷന്മാരിൽ ഒരാളായിരുന്നു അഡോൾഫ് ഹിറ്റ്ലർ. അദ്ദേഹം നിരവധി തവണ ഞാൻ ഹിറ്റ്ലറിൻ്റെ ആരാധകനാണെന്നു പറഞ്ഞിട്ടുണ്ട്. ഏഷ്യവീക്ക് എന്ന ഇംഗ്ലീഷ് മാഗസിന് നൽകിയ അഭിമുഖത്തിൽ ബാൽ താക്കറെ ഹിറ്റ്ലറിനെ പുകഴ്ത്തുന്നുണ്ട്.
“ഞാൻ ഹിറ്റ്ലറിൻ്റെ വലിയ ഒരു ആരാധകനാണ്. അത് പറയാൻ എന്നിക്ക് യാതൊരു മടിയുമില്ല. ഹിറ്റ്ലർ നല്ലൊരു പ്രാസംഗികനും, സംഘാടകനും ആയിരുന്നു. എനിക്കും ഹിറ്റ്ലറിനും നിരവധി സാമ്യതകൾ ഉണ്ട്. ഇന്ത്യക്ക് ഇപ്പോൾ ആവശ്യം ഒരു ഏകധിപതിയെ ആണ്. ഉരുക്കു മുഷ്ട്ടികൾ കൊണ്ട് ഭരിക്കുന്ന ഭരണാധികാരിയെ.”
1993 ൽ മറ്റൊരു അഭിമുഖത്തിൽ ബാൽ താക്കറെ പറയുന്നുണ്ട്.
“ജർമനിയിൽ ജൂതന്മാരോട് പെരുമാറിയ അതേ രീതിയിൽ ഇന്ത്യയിൽ മുസ്ലീങ്ങളോട് പെരുമാറുന്നതിൽ യാതൊരു തെറ്റുമില്ല”.
1992 ലെ മറ്റൊരു അഭിമുഖത്തിൽ ബാൽ താക്കറെ പറയുന്നത് ഇങ്ങനെയാണ്.
“നിങ്ങൾ ഹിറ്റ്ലറിൻ്റെ ആത്മ കഥയായ മെയിൻ കാംഫ് എടുക്കു. അതിൽ ജൂതൻ എന്ന വാക്കിന് പകരം മുസ്ലിം എന്ന വാക്ക് ചേർത്ത് വെച്ച് നോക്കു. അതാണ് ഞാൻ ആഗ്രഹിക്കുന്നത്.”
ഇന്ത്യൻ എക്സ്പ്രസ്സിൽ 2017 ജനുവരി 29 ന് പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ അദ്ദേഹം ഹിറ്റ്ലറിനെ കുറിച്ചു പറയുന്നത് “ഹിറ്റ്ലർ ഒരുപാട് ക്രൂരതകൾ ചെയ്തിരിക്കാം. എന്നാൽ അദ്ദേഹം ഒരു കലാകാരനായിരുന്നു. അത് കൊണ്ട് ഞാൻ അയാളെ ഇഷ്ട്ടപെടുന്നു” എന്നാണ്.
1993 മുംബൈ കലാപത്തിന് ശേഷമാണ് ഹിന്ദു ഹൃദയ സാമ്രാട്ട് എന്ന രീതിയിൽ ബാൽ താക്കറെയെ ഹിന്ദുത്വവാദികൾ അവരോധിക്കുന്നത്. ശിവജി പാർക്കിൽ എല്ലാ വർഷവും നടത്തുന്ന അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ കേൾക്കാനായി ആയിരങ്ങൾ തടിച്ചു കൂടി. എല്ലാവരും അയാളെ ബാലാസാഹിബ് അല്ലെങ്കിൽ ഹിന്ദു ഹൃദയ സാമ്രാട്ട് എന്ന് വിളിച്ചു.
സിനിമ ക്രിക്കറ്റ് തുടങ്ങിയ മേഖലകളിലും അദ്ദേഹത്തിന് ഒരുപാട് ആരാധകർ ഉണ്ടായിരുന്നു. അങ്ങനെയാണ് റാം ഗോപാൽ വർമ്മ ‘സർക്കാർ’ എന്ന സിനിമ അമിതാഭ് ബച്ചനെ നായകനാക്കി നിർമിച്ചത്. അതിൽ അമിതാഭ് ബച്ചൻ്റെ കഥാപാത്രം ബാൽ താക്കറെയുമായി ഒരുപാട് സാമ്യം ഉള്ളതാണ്. ഇന്ത്യൻ ഇതിഹാസങ്ങളായ അമിതാഭ് ബച്ചൻ, രജനികാന്ത്, സച്ചിൻ ടെണ്ടുൽക്കർ തുടങ്ങിയവർ ബാൽ താക്കറെയുമായി തങ്ങൾക്കുള്ള വ്യക്തി ബന്ധവും ആരാധനയും നിരവധി തവണ തുറന്നു പറഞ്ഞവരാണ്.
മുബൈയിൽ തദ്ദേശീയ വാസികളായ മറാത്തക്കാർക്ക് ലഭിക്കേണ്ട ജോലികൾ എല്ലാം തമിഴന്മാർ തട്ടിയെടുക്കുന്നു എന്ന് പറഞ്ഞു ആദ്യകാലങ്ങളിൽ വ്യാപകമായ ആക്രമണങ്ങൾ ശിവസേന അഴിച്ചു വിട്ടു. അതിനു ശേഷം ഗുജറാത്തി വ്യാപാരികൾ തങ്ങളുടെ സമ്പത്ത് കവർന്നു എടുക്കുന്നു എന്നാരോപിച്ചു ഗുജറാത്തി കച്ചവടക്കാർക്കെതിരെ തിരിഞ്ഞു.
തുടർന്ന് ഉത്തർപ്രദേശ്, ബീഹാർ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാങ്ങളിൽ നിന്നുള്ള തൊഴിലാളികളെ തെരഞ്ഞുപിടിച്ചു ആക്രമിക്കുക എന്ന രീതിയിൽ ശിവസേന അതിൻ്റെ അക്രമ രാഷ്ട്രീയം വിപുലമാക്കി. ഇടതുപക്ഷ സംഘടനകളുടെ തൊഴിലാളി സംഘടനകൾ വളരെ ശക്തമായിരുന്ന മുംബൈയിൽ സംഘടന നേതാക്കന്മാരെയെല്ലാം നിരന്തരം ആക്രമിച്ചു. ചില നേതാക്കന്മാരെ കൊലപ്പെടുത്തി. ഇടതു തൊഴിലാളി സംഘടനകളെ കായികപരമായി ഇല്ലാതാക്കി ആ ഇടത്തിലേക്ക് ശിവസേന കയറി വന്നു.
1970 ൽ നടന്ന ബിവണ്ടി കലാപത്തിലും 1984 ൽ നടന്ന ബിവണ്ടി കലാപത്തിലും 1992 -1993 മുബൈ കലാപത്തിലും ശിവസേന അതിൻ്റെ ശക്തി തെളിയിച്ചിരുന്നു. നിരവധി തവണ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി ഭരണത്തിൽ പങ്കാളികളായ ശിവസേന ബി.ജെ.പി മഹാരാഷ്ട്രയിൽ ശക്തി പ്രാപിച്ചതോടെ ചെറിയ രീതിയിൽ ഉള്ള തകർച്ചകൾ നേരിടാൻ തുടങ്ങിയിരുന്നു. രാജ് താക്കറെ ശിവസേന വിട്ട് നവ നിർമ്മാൺ സേന ഉണ്ടാക്കിയപ്പോഴും ശിവസേന കാര്യമായ തകർച്ച നേരിടാതെ നിലനിന്നു.
എന്നാൽ ബാൽ താക്കറെയുടെ മരണം ശിവസേനയുടെ ഏറ്റവും കരിഷ്‌മയുള്ള നേതാവിനെ നഷ്‌ടമാക്കി. ഉദ്ദവ് താക്കറെയ്ക്ക് ആ നഷ്‌ടം നികത്താൻ സാധിച്ചില്ല. ഇപ്പോൾ ബി.ജെ.പി മുബൈയിൽ ശിവസേനയ്ക്ക് ഉണ്ടായിരുന്ന സ്വാധീനം സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്. അതിൽ ഭയന്നാണ് ഉദ്ദവ് താക്കറെ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം പോലെയുള്ള ആർ.എസ്.എസ് അജണ്ടകളെ കൂടുതൽ ശക്തമായി ഉപയോഗിക്കുന്നത്.