ഇത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് ;രാഹുൽ ഗാന്ധിയെ തള്ളിക്കളയുന്ന ശിവസേനയുമായി സഖ്യം തുടരുന്നത് എന്തിന് – മായാവതി!!

ദില്ലി:രാഹുൽ ഗാന്ധിയെ നിഷ്കരുണം തള്ളിക്കളയുന്ന ശിവസേനയുടെ സംഘ്യം തുടരുന്ന കോൺഗ്രസിന്റേത് ഇരട്ടത്താപ്പ് എന്ന് ബിഎസ്പി അധ്യക്ഷ മായാവതി. കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഉന്നയിക്കുന്ന എല്ലാ വാദങ്ങളെയും ശിവസേന തള്ളിക്കളയുന്നു. എന്നിട്ടും അവരുമായുള്ള സഖ്യം തുടരുകയാണ് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് മായാവതി ആരോപിച്ചു. കോണ്‍ഗ്രസിന് വീര സവര്‍ക്കറെ കുറിച്ചുള്ള കാഴ്ച്ചപ്പാടില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ശിവസേനയ്ക്കുള്ളതെന്നും മായാവതി ആരോപിച്ചു.

വീര സവര്‍ക്കറെ കുറിച്ചുള്ള അഭിപ്രായം വ്യത്യസ്തമായിട്ടും കോണ്‍ഗ്രസ് ശിവസേനയെ മഹാരാഷ്ട്രയില്‍ പിന്തുണയ്ക്കുന്നു. ഇത് എന്താണ്. ശരിക്കും ഇരട്ടത്താപ്പല്ലേ ഇത്. ശിവസേന കേന്ദ്ര സര്‍ക്കാരിനെ പൗരത്വ ബില്ലില്‍ പിന്തുണച്ചിരുന്നു. ഇപ്പോള്‍ സവര്‍ക്കറെ കുറിച്ചുള്ള പരാമര്‍ശത്തില്‍ അസഹിഷ്ണുത കാണിക്കുന്നു. ഇത്രയൊക്കെയായിട്ടും കോണ്‍ഗ്രസ് ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളതെന്നും മായാവതി ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശിവസേനയുമായുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് മായാവതി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ താന്‍ മാപ്പുപറയില്ലെന്നും, മാപ്പുപറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ അല്ലെന്നും രാഹുല്‍ ഗാന്ധി എന്നാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ബിജെപി നടത്തിയത്. രാഹുല്‍ ജിന്ന എന്ന പേരാണ് കൂടുതല്‍ ചേരുകയെന്നും ബിജെപി പറഞ്ഞിരുന്നു.

അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തിയിലാണ്. മറാത്താ വാദം ശക്തമാക്കി ശിവസേന വോട്ടുബാങ്കിനെ ലക്ഷ്യമിടുമ്പോള്‍ കോണ്‍ഗ്രസ് ഇതിനെ തകര്‍ക്കുന്നത് നല്ല നടപടിയല്ലെന്നും ഉദ്ധവ് പറയുന്നു. രാഹുലിന്റെ പ്രസ്താവന നിരാശാജനകമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. സവര്‍ക്കറെ പോലുള്ള ഒരു ഇതിഹാസത്തെ ബഹുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top