ഇന്ത്യ- ചൈന തർക്കത്തിൽ രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ അമിത് ഷാ.

ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിമർശനങ്ങൾ തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ അടിസ്ഥാനരഹിതമായ പ്രസ്താവനകൾ തുടരുകയാണെന്ന് അമിത് ഷാ പറഞ്ഞു.”അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന രേഖകളൊന്നും രാഹുലിന്റെ പക്കലില്ല. അടിസ്ഥാനരഹിതമായ പ്രസ്താവനകൾ അദ്ദേഹം തുടരുകയാണ്. ഇത്തരം പ്രസ്താവനകൾ നടത്താൻ കോൺഗ്രസിന് അവകാശമില്ല”- അമിത് ഷാ പറഞ്ഞു.

കിഴക്കൻ ലഡാക്ക് അതിർത്തിയിൽ 20 ഇന്ത്യൻ സൈനികരെ ചൈന കൊലപ്പെടുത്തിയതിനും രാജ്യത്തെ ദുർബലമാക്കിയതിനും ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരാണെന്ന് രാഹുൽ ഗാന്ധി അടുത്തിടെ ആരോപിച്ചിരുന്നു.കിഴക്കൻ ലഡാക്കിൽ ഇരു രാജ്യങ്ങളിലെയും സൈനികർ അഞ്ചുമാസത്തോളം മുഖാമുഖം നിന്ന സംഭവത്തിലും രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ വിമർശിച്ചിരുന്നു. യുപിഎ ആയിരുന്നു അധികാരത്തിലിരുന്നെങ്കിൽ ചൈനയെ രാജ്യത്ത് നിന്നും പുറത്താക്കാൻ 15 മിനിറ്റ് പോലും എടുക്കില്ലായിരുന്നെന്നും രാഹുൽ പറഞ്ഞിരുന്നു.

തന്റെ പാർട്ടി അധികാരത്തിലിരുന്നപ്പോൾ ചൈനയ്ക്ക് ഇന്ത്യയുടെ എത്ര പ്രദേശം വിട്ടുകൊടുത്തു എന്നതിനെക്കുറിച്ചാണ് കോൺഗ്രസ് നേതാവ് ആദ്യം രാജ്യത്തോട് പറയേണ്ടതെന്ന് രാഹുലിന്റെ വിമർശനങ്ങൾക്ക് മറുപടിയായി അമിത് ഷാ പറഞ്ഞു. “ഞാൻ പറയുന്നത് 1962 ൽ അദ്ദേഹത്തിന്റെ മുത്തച്ഛൻ ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന കാലത്തെ കുറിച്ചാണ്.”- അമിത് ഷാ പറഞ്ഞു.

ഇന്ത്യൻ സൈന്യം എപ്പോൾ വേണമെങ്കിലും യുദ്ധത്തിന് തയാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. കിഴക്കൻ ലഡാക്കിലെ സംഘർഷങ്ങൾക്കിടെ യുദ്ധത്തിന് തയാറാകണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ചൈനീസ് സൈന്യത്തോട് ഏതാനും ദിവസങ്ങൾക്ക് മുൻപ് ആവശ്യപ്പെട്ടതിനു പിന്നാലെ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ ആദ്യപ്രതികരണമാണിത്.

“എല്ലാ ജനതകളും എപ്പോഴും തയ്യാറാണ് (യുദ്ധത്തിന്). സൈന്യങ്ങളെ പരിപാലിക്കുന്നതിന്റെ ഉദ്ദേശ്യം അതാണ് – ഏത് തരത്തിലുള്ള ആക്രമണത്തോടും പ്രതികരിക്കുക. ഏതെങ്കിലും പ്രത്യേക അഭിപ്രായങ്ങളെ പരാമർശിച്ചല്ല ഞാൻ ഇത് പറയുന്നത്, പക്ഷേ ഇന്ത്യയുടെ പ്രതിരോധ സേന എല്ലായ്പ്പോഴും തയ്യാറാണ്, ”അദ്ദേഹം പറഞ്ഞു.

അതേസമയം, ഇരു രാജ്യങ്ങളിലെയും സൈനികർ പരസ്പരം സംസാരിക്കുന്നുണ്ടെന്നും ആശയവിനിമയ നയതന്ത്ര മാർഗങ്ങൾ തുറന്നിരിക്കുകയാണെന്നും ഷാ കൂട്ടിച്ചേർത്തു. “രാജ്യത്തെ ആഭ്യന്തരമന്ത്രിയെന്ന നിലയിൽ അഭിപ്രായമിടുന്നത് പ്രസക്തമല്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ഞാൻ ആവർത്തിക്കും. ഞങ്ങൾ ജാഗ്രത പാലിക്കുന്നു, ഞങ്ങളുടെ പ്രദേശത്തിന്റെ ഒരിഞ്ച് പോലും നമ്മിൽ നിന്ന് തട്ടിയെടുക്കാൻ ആർക്കും കഴിയില്ല, എന്നും .CNN-News18 എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു

Top