‘അമിത് ഷാ’ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം!! അധികാര ദുര്‍വിനിയോഗം നടത്തും!! ഇന്ത്യയുടെ അദൃശ്യനായ പ്രധാനമന്ത്രി; കൂടുതല്‍ ശക്തന്‍- കൂടുതല്‍ അപകടകാരി’

ന്യുഡൽഹി: ഇന്ത്യയുടെ അദൃശ്യനായ പ്രധാനമന്ത്രിയാണ് നിലവിൽ ആഭ്യന്തരമന്ത്രിയായ ബിജെപിയുടെ പ്രസിഡന്റ് കൂടിയായ അമിത് ഷാ .അമിത്ഷാ ലക്ഷ്യമിടുന്നത് 2024 ലെ പ്രധാനമന്ത്രിപദമാണ് .ഇന്ത്യയുടെ ഭിന്നിപ്പിന്റെ തലവന്‍ എന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മിമ്പ് ടൈം മാഗസിനില്‍ നരേന്ദ്ര മോദിയ്‌ക്കെതിരെ വന്ന ലേഖനത്തിന്റെ തലക്കെട്ട്. എന്നാല്‍, തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഇന്ത്യയെ ഒന്നിപ്പിച്ച പ്രധാനമന്ത്രി എന്ന തലക്കെട്ടില്‍ മറ്റൊരു ലേഖനവും ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഇപ്പോള്‍ ചര്‍ച്ചയാകുന്നത് മറ്റൊരു ലേഖനം ആണ്. വാഷിങ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം. മോദിമന്ത്രിസഭയിലെ രണ്ടാമനായ അമിത് ഷായെ കുറിച്ചാണ്. കൂടുതല്‍ ശക്തന്‍- കൂടുതല്‍ അപകടകാരി’ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. റാണ അയ്യൂബ് എന്ന യുവ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. ഗുജറാത്ത് കലാപത്തെ കുറിച്ച് അന്വേഷണാത്മക പുസ്തകം എഴുതിയ ആളാണ് റാണ അയ്യൂബ്.അമിത് ഷായ്‌ക്കെതിരെ അതിരൂക്ഷമായ പദപ്രയോഗങ്ങള്‍ ആണ് ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

ബിജെപിയുടെ ചരിത്രത്തില്‍ ആദ്യമായി ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ഒരാള്‍ പാര്‍ട്ടി അധ്യക്ഷനായത് അമിത് ഷായിലൂടെ ആണെന്നും റാണ അയ്യൂബ് ലേഖനത്തില്‍ പറയുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ അംഗീകരമില്ലാതെ തന്നെ നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ മാത്രം ശേഷിയുള്ള ആളായി അമിത് ഷാ മാറിയിരിക്കുന്നു എന്നും ലേഖിക പറയുന്നു.

2024 ഓടെ പ്രധാനമന്ത്രി പദമാണ് അമിത് ഷാ ലക്ഷ്യമിടുന്നതെന്ന് പലരും കരുതുന്നുണ്ട് എന്നും ലേഖനത്തില്‍ പറയുന്നു. എന്തായാലും ഇപ്പോള്‍ അമിത് ഷാ ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥയിലെ ഏറ്റവും നിര്‍ണായകമായ പദവിയില്‍ ആണ് ഇരിക്കുന്നത്. അമിത് ഷാ അധികാര ദുര്‍വിനിയോഗം നടത്തുമെന്ന് ഉറപ്പാണെന്നും ലേഖനത്തില്‍ പറയുന്നു. ഇന്ത്യ ഇപ്പോള്‍ അതിന്റെ ഏറ്റവും രൂക്ഷമായ വര്‍ഗ്ഗീയ, രാഷ്ട്രീയ ധ്രുവീകരണത്തിലീടെ മുന്നോട്ട് പോകുന്നത്. രാജ്യത്തിന് ഇപ്പോള്‍ ആവശ്യം ഒരു ‘ഹീലിങ് ടച്ച്’ ആണ്.

പക്ഷേ, മോദിയും അമിത് ഷായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് അധികാരം സ്വരുക്കൂട്ടാനാണ്. നിയമ മറികടന്നും, സംവിധാനങ്ങളെ ദുര്‍ബ്ബലപ്പെടുത്തിയും മനുഷ്യാവകാശത്തിന്റെ അടിത്തറ തോണ്ടിയും വരെ അവര്‍ ഇത് ചെയ്യും എന്ന് പറഞ്ഞാണ് ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്.ബിജെപിയിലെ തന്നെ പലരും ഷായെ വിശേഷിപ്പിക്കുന്നത് ‘അദൃശ്യനായ പ്രധാനമന്ത്രി’ എന്നാണെന്ന് ലേഖനത്തില്‍ പറയുന്നു. അമിത് ഷാ മോദിയുടെ നിഴല്‍ ആണെന്നും, വിശ്വസ്തനായ വേട്ടനായ(ലോയല്‍ അറ്റാക്ക് ഡോഗ്) ആണെന്നും, വക്താവും പ്രചാരണ തന്ത്രജ്ഞന്‍ ആണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

ഇന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള യുവ മാധ്യമ പ്രവര്‍ത്തകയാണ് റാണ അയ്യൂബ്. തെഹല്‍ക്കയില്‍ ആയിരുന്നു റാണ ആദ്യം ജോലി ചെയ്തിരുന്നത്. ഇക്കാലത്താണ് ഗുജറാത്ത് കലാപത്തെ കുറിച്ച് അന്വേഷണാത്മക റിപ്പോര്‍ട്ട് തയ്യാറാക്കനായി എട്ട് മാസത്തോളം ഗുജറാത്തില്‍ വേഷപ്രച്ഛന്നയായി ജീവിച്ചിട്ടുണ്ട് റാണ അയ്യൂബ്. എന്നാല്‍ ഗുജറാത്തില്‍ നിന്ന് റാണ തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാന്‍ തെഹല്‍ക്ക തയ്യാറായില്ല. അന്ന് നടത്തിയ അന്വേഷണങ്ങളും വ്യക്തപരമായി നടത്തിയ അഭിമുഖങ്ങളും എല്ലാം ഉള്‍പ്പെടുത്തിയാണ് ‘ഗുജറാത്ത് ഫയല്‍സ്- അനാട്ടമി ഓഫ് എ കവര്‍ അപ്പ്’ എന്ന പുസ്തകം റാണ അയ്യൂബ് രചിച്ചത്.

2010 ല്‍ താന്‍ പുറത്ത് വിട്ട വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആണ് അമിത് ഷാ അറസ്റ്റ് ചെയ്യപ്പെട്ടത് എന്നാണ് റാണ അവകാശപ്പെടുന്നത്. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തെ സംബന്ധിച്ചായിരുന്നു അത്. അമിത് ഷായുടെ കോള്‍ റെക്കോര്‍ഡുകളും ഗുജറാത്ത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചില രേഖകളും ആയിരുന്നു റാണ അയ്യൂബ് പുറത്ത് വിട്ടത്. വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ ഇക്കാര്യവും അവര്‍ പരാമര്‍ശിക്കുന്നുണ്ട്.

Top