ഡികെ എംഎല്‍എമാര്‍ തങ്ങുന്ന ഹോട്ടലില്‍..!! സംഘർഷാവസ്ഥ; സുരക്ഷ നല്‍കണമെന്ന് എംഎല്‍എമാരുടെ കത്ത്

മുംബയ്: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടയില്‍ മുംബൈയില്‍ വിമത കോണ്‍ഗ്രസ് എംഎല്‍എ മാരെ കാണാന്‍ ഹോട്ടലിന് മുന്നിലെത്തിയ ഡി കെ ശിവകുമാറിനെ പോലീസ് തടഞ്ഞു. ഹോട്ടലിന്റെ കവാടത്തില്‍ എത്തിയെങ്കിലൂം അദ്ദേഹത്തെ ഉള്ളിലേക്ക് കടത്തിവിടാന്‍ പോലീസ് വിസമ്മതിച്ചു. എന്നാല്‍ താന്‍ തിരിച്ചുപോകില്ലെന്നും തന്റെ സുഹൃത്തുക്കളെ കാണാതെ മടങ്ങില്ലെന്നും പറഞ്ഞ ശിവകുമാര്‍ ഇന്നു മുഴുവന്‍ ഇവിടെ ഇരിക്കുമെന്നും വ്യക്തമാക്കി.

ശിവകുമാര്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യങ്ങളുമായി വന്‍ സംഘര്‍ഷാവസ്ഥയിലാണ് ഹോട്ടലും പരിസരവും മഹാരാഷ്ട്ര ആര്‍.പി.എഫിന്റെ കടുത്ത സുരക്ഷയിലാണ്. എം.എല്‍.എമാരെ കാണുന്നതിനായി ശിവകുമാറിനൊപ്പം ജെ.ഡി.എസ് എം.എല്‍.എ ശിവലിംഗ ഗൗഡയും ഹോട്ടലിന് മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ആരെയും കാണാന്‍ താല്‍പര്യമില്ലെന്നും, സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് പത്ത് എം.എല്‍.എമാര്‍ ചേര്‍ന്നു ഇന്നലെ തന്നെ പൊലീസിന് പരാതി നല്‍കിയിരുന്നു.

അതേസമയം, താന്‍ മുംബയിലെത്തിയത് പാര്‍ട്ടിയിലെ സുഹൃത്തുക്കളെ കാണാനാണെന്നും, ഹോട്ടലില്‍ താന്‍ റൂം ബുക്ക് ചെയ്തിട്ടുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു. ഒരുമിച്ചാണ് തങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുന്നതും ഒരുമിച്ചായിരിക്കുമെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. മുംബയ് പൊലീസ് അവരുടെ ജോലി ചെയ്യട്ടേയെന്നും അദ്ദേഹം വ്യക്തമാക്കി.

13 കോണ്‍ഗ്രസ്, ദള്‍ എം.എല്‍.എമാര്‍ കൂട്ടരാജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച മുതല്‍ പത്തോളം വിമത എം.എല്‍.എമാരാണ് മുംബയിലെ സോഫിടെല്‍ ഹോട്ടലില്‍ കഴിയുന്നത്. ചൊവ്വാഴ്ച ഗോവയിലേക്ക് എന്നു പറഞ്ഞ് ഹോട്ടലില്‍ നിന്നു പുറപ്പെട്ട വിമതര്‍ യാത്ര റദ്ദാക്കി മുംബൈയിലെ തന്നെ റിനൈസന്‍സ് ഹോട്ടലിലേക്കു മാറുകയായിരുന്നു.

Top