യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി

പാലാ : പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതായി കാണിച്ച് ഇടതുമുന്നണി പരാതി നല്‍കി. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജോസ് കെ.മാണിക്കെതിരെ വ്യാജവാര്‍ത്ത അച്ചടിച്ച് പ്രസിദ്ധീകരിച്ചതിനെതിരെയാണ് ചീഫ് ഇലക്ഷന്‍ ഏജന്റ് പ്രൊഫ. ലോപ്പസ് മാത്യു മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷനര്‍ക്ക് പരാതി നല്‍കിയത്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടേയും, ബന്ധപ്പെട്ടവരുടേയും ഈ നടപടി ജനപ്രാതിനിധ്യ നിയമം 123(4) പ്രകാരവും ഇന്‍ഡ്യന്‍ പീനല്‍ കോഡ് 171(ജി) പ്രകാരവും കുറ്റകരവും മാതൃകാപെരുമാറ്റ ചട്ടത്തിന്റെ ലംഘനവുമാണ്. ഇറക്കുമതിയുമായി ബന്ധപ്പെട്ട ഒരു രേഖയും പരിശോധിക്കാതെ കയറ്റുമതി, ഇറക്കുമതി ലൈസന്‍സ് പോലുമില്ലാത്ത സ്ഥാപനത്തെപ്പറ്റി വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണ് യു.ഡി.എഫ് ക്യാമ്പ്.

വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് സംബന്ധിച്ച് ഈ സ്ഥാപനം എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുള്ളതാണ്. കഴിഞ്ഞ കുറെ കാലങ്ങളായി തിരഞ്ഞെടുപ്പ് സമയങ്ങളില്‍ ജോസ് കെ.മാണിക്കെതിരെ ഉയര്‍ത്തുന്ന ഈ ആരോപണം കാലഹരണപ്പെട്ടതാണെന്നും ജനങ്ങള്‍ തള്ളികളഞ്ഞിട്ടുള്ളതുമാണ്.

റബര്‍ വിലസ്ഥിരതാഫണ്ട് 150 രൂപയില്‍ നിന്നും 170 രൂപയാക്കാനും, എല്‍.ഡി.എഫിന്റെ പ്രകടന പത്രികയില്‍ റബറിന്റെ താങ്ങുവില 250 രൂപയാക്കാനും നിര്‍ണ്ണായക പങ്കുവഹിച്ച ജോസ് കെ.മാണിയെ തരംതാഴ്ത്തികാണിക്കാനുള്ള ഗൂഡനീക്കമാണ് ഇപ്പോള്‍ എതിര്‍ ക്യാമ്പ് നടത്തുന്നത്. റബര്‍ കര്‍ഷകര്‍ക്ക് എല്‍.ഡി.എഫില്‍ നിന്നും കിട്ടിക്കൊണ്ടിരിക്കുന്ന വലിയ പരിഗണന ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

Top