യുഡിഎഫിൽ കുറുമുന്നണിയൊരുങ്ങുന്നു; നേതൃത്വം നൽകുന്നത് കെ.എം മാണി

രാഷ്ട്രീയ ലേഖകൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് കോൺഗ്രസിൽ തമ്മിൽ തല്ല് രൂക്ഷമായിരിക്കെ പുതിയ പ്രതിസന്ധിയായി യു.ഡി.എഫിൽ കുറുമുന്നണിക്ക് നീക്കം. മുന്നണിയിലെ പ്രമുഖ ചെറുപാർട്ടികൾ ചേർന്നാണ് കുറുമുന്നണിയായി നിലകൊള്ളുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. കഴിഞ്ഞ ഏതാനുംദിവസങ്ങൾക്ക് മുമ്പ് ഇതുമായി ബന്ധപ്പെട്ട് കെ.എം. മാണി എം.പി. വീരേന്ദ്രകുമാറുമായി ചർച്ച നടത്തുകയും ചെയ്തു.
കേരള കോൺഗ്രസ്(എം), ജെ.ഡി.യു, ആർ.എസ്.പി എന്നീ കക്ഷികൾ ചേർന്നാണ് പുതിയ കുറുമുന്നണി രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. കോൺഗ്രസിനുള്ളിലെ തർക്കങ്ങളും നിലപാടുകളും യു.ഡി.എഫിനെ നശിപ്പിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ തള്ളിവിടുന്നുവെന്നാണ് ഈ കക്ഷികളുടെ നിലപാട്. മാത്രമല്ല, മുന്നണിക്കുള്ളിൽ നിൽക്കുന്ന ഘടകകക്ഷികളെ ഇല്ലാതാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്നും ഇവർ കുറ്റപ്പെടുത്തുന്നു. ആ സാഹചര്യത്തിൽ ഒറ്റക്കെട്ടായി നിലകൊണ്ടാൽ മാത്രമേ മുന്നണിക്കുള്ളിൽ തങ്ങളുടെ നിലപാടുകൾ ഉറപ്പിക്കാനും ആവശ്യങ്ങൾ നേടിയെടുക്കാനും കഴിയുകയുള്ളുവെന്നാണ് ഇവരുടെ അഭിപ്രായം.
തെരഞ്ഞെടുപ്പിലെ നാണംകെട്ട് തോൽവിക്ക് ശേഷം യു.ഡി.എഫിലെ സ്ഥിതിഗതികൾ തീർത്തും വഷളാകുന്ന സാഹചര്യമാണുള്ളത്. ഏത് സമയത്തും ഈ പാർട്ടികൾ മുന്നണിവിടുമെന്ന സാഹചര്യവുമുണ്ട്. ആത്യന്തികമായി ഇപ്പോൾ ഇടതുമുന്നണിയാണ് ഈ കക്ഷികൾ ലക്ഷ്യമാക്കുന്നത്. എന്നാൽ കളംമാറിചവിട്ടുന്നതിന് ചില സാങ്കേതികപ്രശ്‌നങ്ങൾ ഈ പാർട്ടികൾ അഭിമുഖീകരിക്കുന്നുമുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ മാണിയുൾപ്പെടുന്ന കേരള കോൺഗ്രസി(എം)നെ ഇടതുമുന്നണി സ്വീകരിക്കില്ല. അതുപോലെ വീരേന്ദ്രകുമാറിന്റെ രാജ്യസഭാ എം.പി. സ്ഥാനം രാജിവയ്ക്കാതെ ജെ.ഡി.യുവിനും കഴിയില്ല. ആർ.എസ്.പിയിലാണെങ്കിൽ മുന്നണിമാറ്റം സംബന്ധിച്ച് തർക്കം ഇപ്പോഴും നിലനിൽക്കുകയാണ്. ഉടൻ തന്നെ അവരുടെ പാർട്ടി പ്ലീനം ചേരുന്നുണ്ട്. അതിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. എന്നാലും മുഴുവനോടെ ആർ.എസ്.പിയെ ഇടതുമുന്നണി എടുക്കാനുള്ള സാഹചര്യവും കുറവാണ്. ഈ നീക്കങ്ങൾ ഫലത്തിലെത്താൻ സമയമെടുക്കും. ആ കാലയളവിൽ ഇപ്പോൾ തീരെ അപ്രസക്തരായി തീർന്ന ഇത്തരം കക്ഷികൾ കൂടുതൽ നാശത്തിലേക്ക് പോകാതിരിക്കാനാണ് കുറുമുന്നണിയാകുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ലീഗിനെക്കൂടി ഒപ്പം കൂട്ടാനും നീക്കം നടക്കുന്നുണ്ട്. ഒരു സമ്മർദ്ദശക്തിയായി നിന്നുകൊണ്ട് കോൺഗ്രസിനെ വരിഞ്ഞുമുറുക്കി യു.ഡി.എഫിൽ ശക്തിതെളിയിക്കുകയാണ് ഇവരുടെ ലക്ഷ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top