
തിരുവനന്തപുരം: കോണ്‍ഗ്രസിലെ തമ്മിലടിക്കെതിരേ യുഡിഎഫ് യോഗത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഘടകകക്ഷികള്‍. മുസ്ലീം ലീഗ്, ജെഡിയു, ആര്‍എസ്പി എന്നി ഘടകകക്ഷികളാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഒന്നിച്ച് സമരരംഗത്ത് ഇറങ്ങണമെങ്കില്‍ യോജിപ്പ് വേണം. ഇപ്പോഴത്തെ നിലയില്‍ മുന്നോട്ടു പോകാനാകില്ല. പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നും മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസിലെ അനൈക്യം മുന്നണിയെ ശിഥിലമാക്കുമെന്ന് ജെഡിയുവും വ്യക്‌തമാക്കി. യോഗശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ രൂക്ഷ വിഗമര്‍ശനമുയര്‍ത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഫെബ്രുവരിയില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് 50 ദിവസം കഴിഞ്ഞിട്ടും ജനങ്ങളുടെ ദുരിതം മാറാത്തതിനാല്‍ ഹര്‍ത്താല്‍ നടത്തണമെന്നാണ് യുഡിഎഫില്‍ ആവശ്യം ഉയര്‍ന്നത്. എന്നാല്‍ ഇത്തരം ഹര്‍ത്താല്‍ ജനദുരിതം ഇരട്ടിപ്പിക്കുകയെ ചെയ്യുകയുള്ളുവെന്ന് മനസിലാക്കിയതിനാലാണ് ഹര്‍ത്താല്‍ തീരുമാനം ഒഴിവാക്കിയതെന്നും ചെന്നിത്തല വിശദമാക്കി.