പി.ജയരാജനെ കുടുക്കാൻ യുഡിഎഫ് ശ്രമം; ഫയലും രേഖകളും സെക്രട്ടറിയേറ്റിൽ നിന്നു കാണാതായി

ക്രൈം ഡെസ്‌ക്

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധം സംബന്ധിച്ചു സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ പ്രതിയാക്കാൻ നടത്തിയ നീക്കങ്ങൾ ഉൾപ്പെട്ട രഹസ്യ ഫയൽ സെക്രട്ടേറിയറ്റിൽനിന്ന് അപ്രത്യക്ഷമായി. ടി.പി. കേസ് പ്രതികളായ കൊടി സുനിക്കും മറ്റും കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോണും ഫെയ്‌സ്ബുക്കും ഉപയോഗിച്ച് ആശയവിനിമയം നടത്താൻ ഒത്താശ ചെയ്തുകൊടുത്തതു ജയരാജന്റെ നിർദേശപ്രകാരമാണെന്നു വരുത്തിത്തീർക്കാനായിരുന്നു മുൻസർക്കാരിന്റെ നീക്കം. ഈ നിയമവിരുദ്ധനീക്കത്തെ എതിർത്ത ജയിൽ മേധാവി അലക്‌സാണ്ടർ ജേക്കബിന്റെ കസേര തെറിപ്പിക്കുകയും ചെയ്തു.
ജയരാജനെ അറസ്റ്റ് ചെയ്യാനുള്ള വകുപ്പുകൾ ഉൾപ്പെടുത്തി റിപ്പോർട്ട് നൽകാൻ അന്നത്തെ ജയിൽ മേധാവി അലക്‌സാണ്ടർ ജേക്കബിനോടു സർക്കാർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. നിയമവിരുദ്ധമായ കാര്യം ചെയ്യില്ലെന്നായിരുന്നു അലക്‌സാണ്ടർ ജേക്കബിന്റെ നിലപാട്. പകരം, തന്നെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം സർക്കാരിനു റിപ്പോർട്ട് നൽകി. വിശദമായ അന്വേഷണം നടത്തിയെങ്കിലും ജയരാജന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്നും ഈ റിപ്പോർട്ടിലുണ്ട്. എന്നാൽ, റിപ്പോർട്ട് ലഭിച്ച അന്നുതന്നെ അലക്‌സാണ്ടർ ജേക്കബിനെ ജയിൽ മേധാവിസ്ഥാനത്തുനിന്നു പുറത്താക്കുകയും പിന്നീട് അപ്രധാനതസ്തികയിൽ ഒതുക്കുകയും ചെയ്തു. സത്യസന്ധനെന്നു പേരെടുത്ത പോലീസ് ഓഫീസർക്കെതിരായ ഈ നടപടി ഏറെ വിവാദമായിരുന്നു. അലക്‌സാണ്ടർ ജേക്കബ് അന്നു നൽകിയ റിപ്പോർട്ടാണ് ആഭ്യന്തരവകുപ്പിന്റെ 74846/എസ്.എസ്എ3/2012 ഹോം എന്ന രഹസ്യ ഫയലിൽനിന്ന് ഇപ്പോൾ കാണാതായത്.
ഒരു പ്രമുഖ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്നത്തെ ഭരണനേതൃത്വം ജയരാജനെ കുടുക്കാൻ ശ്രമിച്ചത്. ടി.പി. വധക്കേസ് അന്വേഷിക്കാൻ പ്രത്യേകസംഘം രൂപീകരിച്ചത് നിയമാനുസൃതം നിലനിൽക്കില്ലെന്ന നിയമോപദേശം സർക്കാരിനു ലഭിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയകാരണങ്ങളാൽ ഇക്കാര്യത്തിൽ ഇടപെടാനാകില്ലെന്നായിരുന്നു സർക്കാർ നിലപാട്. ഈ നിയമോപദേശം ചൂണ്ടിക്കാട്ടി ടി.പി. കേസിലെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചാൽ ഇതുവരെയുള്ള അന്വേഷണവും തുടർനടപടികളും അവസാനിപ്പിക്കേണ്ടിവരുമെന്നതാണ് അവസ്ഥ. അതേസമയം, കേസ് സംബന്ധിച്ചു നിരവധി സംശയങ്ങളുയർത്തുന്നതാണു മുൻ നിയമ സെക്രട്ടറി സി.പി. രാമരാജപ്രേമപ്രസാദിന്റെ നിയമോപദേശം. ഇതിന്റെ പകർപ്പ് മംഗളത്തിനു ലഭിച്ചു. ടി.പി. കേസിൽ മുൻസർക്കാരിന്റെ പല നടപടികളും എടുത്തുചാട്ടമായിരുന്നെന്ന സൂചനയാണു നിയമോപദേശത്തിലുള്ളത്.
ഏതെങ്കിലുമൊരു കേസിൽ പ്രത്യേകാന്വേഷണസംഘം രൂപീകരിക്കാനുള്ള അധികാരം സർക്കാരിനാണ്. എന്നാൽ, ടി.പി. വധക്കേസിലാകട്ടെ അന്വേഷണസംഘം രൂപീകരിച്ചത് അന്നത്തെ സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവിലൂടെയും. സർക്കാരിൽ നിക്ഷിപ്തമായ അധികാരം ഡി.ജി.പിക്ക് ഉപയോഗിക്കാനാവില്ലെന്നു നിയമോപദേശത്തിൽ വ്യക്തമാക്കുന്നു. സർക്കാരിന്റെ ഈ പ്രത്യേകാധികാരമുപയോഗിച്ചാണു പിണറായി സർക്കാർ അധികാരമേറ്റയുടൻ ജിഷ വധക്കേസിൽ നിലവിലുള്ള അന്വേഷണസംഘം പിരിച്ചുവിട്ടതും പുതിയതു രൂപീകരിച്ചതും. ഫലത്തിൽ ടി.പി. കേസിൽ മുൻസർക്കാരിന്റെ കാലത്തു പോലീസ് നടത്തിയ അന്വേഷണങ്ങൾക്കു സാധുതയില്ലാതാകുമെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top