മോസ്‌കോ: ഏതുനിമിഷവും ആക്രമണം നടത്തിയേക്കാമെന്ന ആശങ്കകള്‍ക്കിടെ യുക്രൈന്‍ അതിര്‍ത്തിയില്‍നിന്ന് ചില സേനാവിഭാഗങ്ങളുടെ പിന്മാറ്റം സ്ഥിരീകരിച്ച് റഷ്യ. മുന്‍നിശ്ചയിച്ചപോലെ പരിശീലനം കഴിഞ്ഞശേഷം ചില സേനാവിഭാഗങ്ങള്‍ മടങ്ങുമെന്നും എന്നാല്‍ പ്രധാന സേനാ പരിശീലന നടപടികള്‍ തുടരുമെന്നുമാണ് റഷ്യ അറിയിച്ചിരിക്കുന്നത്. യുക്രൈന്‍ അതിര്‍ത്തിയോടു തൊട്ടടുത്തുള്ള തെക്കന്‍, പടിഞ്ഞാറന്‍ െസെനിക ജില്ലകളിലുള്ള െസെനികസംഘം തങ്ങളുടെ ആസ്ഥാനത്തേക്കു തിരിച്ചുപോയിത്തുടങ്ങി എന്ന് റഷ്യയുടെ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
എന്നാല്‍, എവിടെയാണ് ഇവയുടെ സ്ഥിരം ആസ്ഥാനമെന്നോ എത്രപേരാണ് മടങ്ങുന്നതെന്നോ എവിടെയാണ് ഇവര്‍ പരിശീലനം നടത്തുന്നതെന്നോ പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. 1,30,000 െസെനികരെ റഷ്യ യുക്രൈന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചതോടെയാണ് യുക്രൈനിലേക്ക് ഏതുനിമിഷവും അധിനിവേശമുണ്ടായേക്കാമെന്ന മുന്നറിപ്പ് യു.എസ്. ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയത്. യുക്രൈന്‍ അതിര്‍ത്തിക്കു സമീപം വന്‍തോതിലുള്ള െസെനികവിന്യാസം നടക്കുന്നതായുള്ള പുതിയ ഉപഗ്രഹചിത്രങ്ങള്‍ വന്നതിനു പിന്നാലെയാണ് റഷ്യ മടക്കം സ്ഥിരീകരിക്കുന്നതും. എത്ര യൂണിറ്റുകള്‍ മടങ്ങുമെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ലെങ്കിലും പിന്മാറ്റം സംബന്ധിച്ച ആദ്യ റഷ്യന്‍ പ്രസ്താവനയാണിത് എന്നതുതന്നെ സംഘര്‍ഷസാഹചര്യത്തില്‍ അയവുണ്ടായേക്കുമെന്ന പ്രതീക്ഷ നല്‍കുന്നു.
അതേസമയം, പരിശീലനം പൂര്‍ത്തിയാക്കിയശേഷം ആസ്ഥാനത്തേക്കു സൈന്യം മടങ്ങുമെന്നു തങ്ങള്‍ നേരത്തേ പറഞ്ഞതാണെന്നും ഇതു സാധാരണ നടക്കുന്ന കാര്യമെന്നുമാണ് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞത്. യുക്രൈനെ ആക്രമിക്കാന്‍ റഷ്യ പദ്ധതി ഇടുന്നതായുള്ള യു.എസ്. ആരോപണവും പെസ്‌കോവ് മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ നിഷേധിച്ചു. ആശങ്ക കൂട്ടാനുള്ള പ്രകോപനങ്ങളല്ലാതെ ഒന്നുമല്ല അവയെന്നാണ് പെസ്‌കോവിന്റെ പ്രതികരണം. യുക്രൈന്‍ തലസ്ഥാനമായ കീവില്‍നിന്ന് എംബസികള്‍ മാറ്റാനുള്ള യു.എസ്, കാനഡ നീക്കം യാതൊരു അടിസ്ഥാനവുമില്ലാത്ത മതിഭ്രമം മാത്രമാണെന്നും പെസ്‌കോവ് പറഞ്ഞു.
ബെലാറസിലേക്കും മറ്റ് അയല്‍രാജ്യങ്ങളിലേക്കും െസെനിക അഭ്യാസങ്ങള്‍ക്കായാണ് സേനാസംഘത്തെ അയച്ചതെന്നാണ് റഷ്യ പറയുന്നതെങ്കിലും നാറ്റോയില്‍ ചേരാന്‍ താത്പര്യപ്പെടുന്ന യുക്രൈനെ ആക്രമിക്കാനുള്ള സന്നാഹമായാണ് പാശ്ചാത്യരാജ്യങ്ങള്‍ വിലയിരുത്തുന്നത്. പാശ്ചാത്യെസെനികസഖ്യമായ നാറ്റോയില്‍ യുക്രൈന്‍ ഒരിക്കലും അംഗമാകില്ലെന്നുറപ്പു നല്‍കണമെന്നും കിഴക്കന്‍ യൂറോപ്പിലെ നാറ്റോ സാന്നിധ്യം അവസാനിപ്പിക്കണമെന്നുമാണു റഷ്യ ആവശ്യപ്പെടുന്നത്. മടങ്ങാനുള്ള റഷ്യന്‍ പ്രഖ്യാപനത്തെ സംശയത്തോടെയാണ് യുക്രൈന്‍ അധികൃതര്‍ വീക്ഷിക്കുന്നത്.
പറയുന്നത് വിശ്വസിക്കാനാവില്ലെന്നും ചെയ്തുകാണിക്കുമ്പോള്‍ വിശ്വസിക്കാമെന്നും യുക്രൈന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബോ പറഞ്ഞു. അതേസമയം സംഘര്‍ഷം ലഘൂകരിക്കാനുള്ള ലോകനേതാക്കളുടെ ശ്രമം തുടരുകയാണ്. മുന്‍ സോവിയറ്റ് രാജ്യമായ യുക്രൈനെ ആക്രമിക്കുന്നതില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ പിന്തിരിപ്പിക്കാന്‍ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് മോസ്‌കോയിലെത്തിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റഷ്യയിലെത്തി ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ ഫലമൊന്നുമുണ്ടായില്ല. യു.എസ്. പ്രസിഡന്റ് ജോ െബെഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും തമ്മില്‍ തിങ്കാഴ്ച രാത്രി നടന്ന ഫോണ്‍ ചര്‍ച്ചയില്‍ നയതന്ത്രത്തിന്റെ നിര്‍ണായക ജാലകം ഇപ്പോഴും ബാക്കിയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.