ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ പ്രിയ പദ്ധതിയായ സ്വച്ഛ് ഭാരതിനെതിരെ കടുത്ത വിമര്‍ശനവുമായി ഐക്യരാഷ്ട്രസഭ. സമഗ്രമായ മനുഷ്യാവകാശത്തിലൂന്നിയ സമീപനം ഇല്ലാതെയാണു പദ്ധതി മുന്നോട്ടു പോകുന്നെതെന്നാണു ഐക്യരാഷ്ട്ര സഭ പ്രതിനിധിയുടെ വിമര്‍ശനം. കുടിവെള്ളവും ശുചിത്വവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ വിഷയങ്ങളിന്മേലുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി ലിയോ ഹെല്ലറാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ തന്റെ സന്ദര്‍ശനത്തിന്മേലുള്ള പ്രാരംഭ റിപ്പോര്‍ട്ട് പുറത്തിറക്കി സംസാരിക്കുകയായിരുന്നു ഹെല്ലര്‍. എന്നാല്‍ ഇതിനെതിരെ തിരിച്ചടിച്ച് കേന്ദ്ര സര്‍ക്കാരും രംഗത്തെത്തി.
കുടിവെള്ളം നല്‍കേണ്ടതും ശുചിമുറികള്‍ നിര്‍മിക്കേണ്ടതും രണ്ടു വ്യത്യസ്ത കാര്യങ്ങളാണ്. എന്നാല്‍ ഒന്നിനെ മറന്നു കൊണ്ടായിരിക്കരുത് മറ്റൊന്നു ചെയ്യേണ്ടത്. സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം ശുചിമുറികള്‍ നിര്‍മിക്കാനാണു സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ കുടിവെള്ളമെത്തിക്കാനും ഇതോടൊപ്പം തന്നെ ശ്രമങ്ങളുണ്ടാകണം. എന്നാല്‍ മാത്രമേ പദ്ധതി പൂര്‍ണമാകുകയുള്ളൂവെന്നും ഹെല്ലര്‍ പറഞ്ഞു.
ശുചിമുറികള്‍ നിര്‍മിക്കുന്നതു സംബന്ധിച്ച് ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തുന്നതിനെയും യുഎന്‍ പ്രതിനിധി വിമര്‍ശിച്ചു. ശുചിമുറി നിര്‍മിക്കാത്തതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതും റേഷന്‍ കാര്‍ഡ് റദ്ദാക്കിയതുമായ സംഭവങ്ങളുമുണ്ടായി. ഇത്തരത്തില്‍ മനുഷ്യാവകാശം ലംഘിച്ചായിരിക്കരുത് പദ്ധതി നടപ്പാക്കലെന്നും ഹെല്ലര്‍ ചൂണ്ടിക്കാട്ടി.
‘കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയിലെ ഗ്രാമീണ-നഗര മേഖലകളിലും ചേരികളിലും അഭയാര്‍ഥി ക്യാംപുകളിലുമെല്ലാം ഞാന്‍ സന്ദര്‍ശനം നടത്തി. അവിടങ്ങളിലെല്ലാം സ്വച്ഛ് ഭാരത് മിഷന്റെ ലോഗോ കണ്ടു-മഹാത്മാഗാന്ധിയുടെ കണ്ണട. സ്വച്ഛ് ഭാരത് പദ്ധതിയുടെ മൂന്നാം വര്‍ഷമായിരിക്കുന്നു. ഇനി ഗാന്ധിയുടെ കണ്ണടയുടെ ‘ലെന്‍സ്’ മാറ്റി മനുഷ്യാവകാശങ്ങളുടെ ‘ലെന്‍സ്’ സ്ഥാപിക്കണം. അതിനുള്ള നിര്‍ണായകഘട്ടമാണിപ്പോള്‍’ ഹെല്ലര്‍ പറഞ്ഞു.
യുണൈറ്റഡ് നേഷന്‍സ് ഹ്യൂമന്‍ റൈറ്റ്‌സ് ഹൈകമ്മിഷണര്‍ ഓഫിസ് ഇതു സംബന്ധിച്ച വാര്‍ത്താക്കുറിപ്പും പുറത്തിറക്കി. അതേസമയം ഇതിനെതിരെ ശക്തമായി തിരിച്ചടിച്ചു കേന്ദ്രസര്‍ക്കാര്‍ രംഗത്തു വന്നു. പ്രസ്താവനയെ അപലപിച്ച സര്‍ക്കാര്‍, ഇന്ത്യയുടെ രാഷ്ട്രപിതാവിനെപ്പറ്റി അറിവില്ലാത്തതു കൊണ്ടാണ് യുഎന്‍ ഇത്തരത്തിലൊരു പ്രസ്താവന പുറപ്പെടുവിച്ചതെന്നു പറഞ്ഞു. ‘ഗുരുതരമായ അറിവില്ലായ്മയാണിത്. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി ഗാന്ധിജി എപ്രകാരമാണു നിലകൊണ്ടതെന്നുലോകത്തിന് അറിയാവുന്നതാണ്’ കേന്ദ്രം പ്രസ്താവനയില്‍ പറഞ്ഞു.