കണ്ണൂര്‍: ഏക സിവില്‍ കോഡ് വിഷയത്തില്‍ ബിജെപിയുടെ അതേ പാതയിലാണ് കേരളത്തിലെ സിപിഎമ്മും സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വര്‍ഗീയത ഇളക്കിവിട്ട് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ഇരുകൂട്ടരുടെയും ശ്രമം. പ്രശ്നമുണ്ടാക്കി അതില്‍നിന്ന് എങ്ങനെ രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്നാണ് സിപിഎം അന്വേഷിക്കുന്നത്. ഏക സിവില്‍ കോഡ് വേണ്ട എന്നു തന്നെയാണ് കോണ്‍ഗ്രസിന്റെ അഭിപ്രായമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യത്തില്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കോണ്‍ഗ്രസിന് ഒരേ അഭിപ്രായം തന്നെയാണെന്ന് സതീശന്‍ പറഞ്ഞു.
ഏക സിവില്‍ കോഡ് ഭരണഘടനയുടെ മാര്‍ഗ നിര്‍ദേശക തത്വങ്ങളില്‍ ഉള്ളതാണ്. എന്നാല്‍ അതു നടപ്പാക്കാനുള്ള സാഹചര്യമല്ല രാജ്യത്തുള്ളതെന്ന് സതീശന്‍ പറഞ്ഞു.
രാജ്യത്ത് ഇപ്പോള്‍ ഏക സിവില്‍ കോഡ് ആവശ്യമില്ലന്ന് മോദി സര്‍ക്കാര്‍ നിയോഗിച്ച ലോ കമ്മിഷന്‍ 2018ല്‍ തന്നെ വ്യക്തമാക്കിയതാണ്. അതേ നിലപാടു തന്നെയാണ് കോണ്‍ഗ്രസിനും. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബിജെപി ഈ വിഷയം എടുത്തിട്ടത് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ്. ഏക സിവില്‍ കോഡ് മുസ്ലിംകളെ മാത്രം ബാധിക്കുന്ന വിഷയമല്ല. ഇതൊരു മുസ്ലിം-ഹിന്ദു പ്രശ്നമാക്കി വളര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. ആ കെണിയില്‍ ആരും വീഴരുത് എന്നാണ് കോണ്‍ഗ്രസ് നിലപാട്.
ഏക സിവില്‍ കോഡില്‍ പ്രക്ഷോഭം നടത്താന്‍ പോവുകയാണെന്നാണ് സിപിഎം പറയുന്നത്. നേരത്തെ സിഐഎ പ്രക്ഷോഭ കാലത്ത് എടുത്ത കേസുകള്‍ ഇതുവരെ പിന്‍വലിച്ചിട്ടില്ല. അന്നെടുത്ത നൂറുകണക്കിനു കേസുകള്‍ പിന്‍വലിക്കാമെന്ന ഉറപ്പ് സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയതാണ്. ഇതുവരെ അതു പാലിച്ചിട്ടില്ല. സിഐഎ പ്രക്ഷോഭകാലത്തെ കേസുകള്‍ പിന്‍വലിച്ചിട്ടു വേണം സിപിഎം ഏക സിവില്‍ കോഡിനെതിരെ സമരത്തിനിറങ്ങാന്‍ എന്നാണ് തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്ന് സതീശന്‍ പറഞ്ഞു. ഒരേ സമയം സമരത്തിനു പിന്തുണ നല്‍കുകയും കേസെടുക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സിപിഎമ്മിനുള്ളത്.
അഴിമതി ആരോപണങ്ങളില്‍നിന്നു രക്ഷപ്പെടാനുള്ള മറയായാണ് സിപിഎം ഏക സിവില്‍ കോഡിനെ കാണുന്നത്. അതിനാണ് പ്രക്ഷോഭമെല്ലാം പ്രഖ്യാപിച്ചത്. ഇതിലേക്കു മുസ്ലിം ലീഗിനെ ക്ഷണിച്ചതില്‍ ലീഗ് തന്നെ മറുപടി നല്‍കിയിട്ടുണ്ട്. ഏക സിവില്‍ കോഡിനെതിരെ എങ്ങനെ പ്രതിഷേധം സംഘടിപ്പിക്കണം എന്ന കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും സതീശന്‍ പറഞ്ഞു.