ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്- രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പും ഒരുമിച്ചാക്കുന്നു. ശിപാർശക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബിൽ ശീതകാല സമ്മേളനത്തിൽ

ദില്ലി :ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ശിപാർശക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുളള ബിൽ കൊണ്ടുവരാനാണ് തീരുമാനം. രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പും ഒരുമിച്ചാക്കുന്നതിനാണ് ഇതോടെ തീരുമാനമാകുന്നത്. പ്രതിപക്ഷത്തിന്റെ എതിർപ്പുകൾക്കിടെയാണ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.

2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്. ഇതുമായി ബന്ധപ്പെട്ട് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ഈ വർഷം മാർച്ച് 15ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രാജ്യത്തെ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നത് ചെലവ് ചുരുക്കാനും വികസനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാന തെരഞ്ഞെടുപ്പ് അധികാരികളുമായി കൂടിയാലോചിച്ച് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പൊതു വോട്ടർ പട്ടികയും വോട്ടർ ഐഡി കാർഡുകളും തയ്യാറാക്കാനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.18 ഭരണഘടനാ ഭേദഗതികളും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. അവയിൽ മിക്കതിനും സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമില്ലെന്നതാണ് പ്രധാനം. എന്നാൽ, പാർലമെന്റ് പാസാക്കേണ്ട ചില ഭരണഘടനാ ഭേദഗതി ബില്ലുകൾ ഇത് നടപ്പാക്കാൻ ആവശ്യമാണ്.

2021 ലാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന നിർദേശം ഉയരുന്നത്. അത് നിയമമന്ത്രി ഭൂപേന്ദ്ര യാദവിന്റെ അധ്യക്ഷതയിലുള്ള സമിതി പരിശോധിക്കുകയും തുടർന്ന് ഇക്കാര്യത്തിൽ വിവിധ രാഷ്ട്രീയപാർട്ടികൾ പറയുന്ന കാര്യങ്ങൾകേട്ട് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ട് സമിതി കഴിഞ്ഞ മാർച്ചിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് സമർപ്പിച്ചിരുന്നു. 18,626 പേജുകളുള്ളതാണ് ഈ റിപ്പോർട്ട്.

രാജ്യത്തെ 47 രാഷ്ട്രീയ പാർട്ടികളുമായി സമിതി ഇക്കാര്യങ്ങൾ ചർച്ചചെയ്തിരുന്നു. അതിൽ എൻഡിഎയുടെ സഖ്യകക്ഷികളടക്കമുള്ള 32 രാഷ്ട്രീയ പാർട്ടികൾ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തെ പിന്തുണയ്ക്കുകയും 15 പാർട്ടികൾ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Top