കേന്ദ്ര സർക്കാർ ജസ്റ്റിസ് കെ എം ജോസഫിനോട് പക വീട്ടുന്നു

ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നതിന് സുപ്രീം കോടതി കൊളീജിയം നൽകിയ ഏകകണ്ഠമായ ശുപാർശ തിരിച്ചയച്ച കേന്ദ്രസർക്കാരിന്റെ നടപടി അങ്ങേയറ്റം  അപലപനീയമാണ്.

ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നടപടി റദ്ദാക്കിയ സംസ്ഥാന ചീഫ് ജസ്റ്റിസ് കെ എം ജോസഫിനോടുള്ള  പക വീട്ടലായി മാത്രമേ ഇതിനെ കാണാനാവൂ.
ഭരണഘടനാ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി വശത്താക്കാനുള്ള മോഡി സർക്കാരിന്റെ നിരന്തര ശ്രമത്തിന്റെ ഭാഗമാണിത്. ഭരണഘടനയോടുള്ള പ്രതിബദ്ധതയല്ല, മറിച്ച് മോഡി സർക്കാരിനോടുള്ള അടിമ മനോഭാവമാണ് ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള യോഗ്യത എന്ന് കരുതുന്ന സംഘപരിവാർ ശക്തികളുടെ അജണ്ടയാണ് ഇതിലൂടെ നടപ്പിലാക്കി കാണുന്നത്.
തങ്ങളുടെ താൽപര്യങ്ങൾക്കെതിരെ വിധികൾ പുറപ്പെടുവിച്ചാൽ ഇതാണ് അവസ്ഥ എന്ന സന്ദേശമാണ് ഇതിലൂടെ മോഡി സർക്കാർ നൽകുന്നത്.
തൻ്റെ അധ്യക്ഷതയിലുള്ള കൊളീജിയത്തിൻ്റെ ശുപാർശയിൽ വ്യത്യസ്ഥ നിലപാടുകൾ സ്വീകരിച്ച കേന്ദ്രസർക്കാരിനോട് വിധേയത്വം പ്രകടിപ്പിക്കുന്ന ചീഫ് ജസ്റ്റിസ് താൻ വഹിക്കുന്ന ഉന്നത സ്ഥാനത്തിന് സ്വയം വിലകൽപ്പിക്കുന്നില്ല എന്നതാണ് ഇതുസംബന്ധിച്ച് അദ്ദേഹത്തിൻറെ നിലപാടിൽ പ്രതിഫലിക്കുന്നത്.
ഭരണഘടനാസ്ഥാപനങ്ങളുടെ വിലയിടിച്ച് അതെല്ലാം അപ്രസക്തമാക്കി രാജ്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് കൊണ്ടുപോകുന്ന മോഡിസർക്കാരിനെതിരെ ശക്തമായ പ്രതിഷേധ-പ്രതികരണങ്ങൾ ഉയർന്ന് വരേണ്ടിയിരിക്കുന്നു.
മോഡി ഭരണത്തിൽ കീഴിൽ ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കാൻ ശ്രമങ്ങൾ നടക്കുമ്പോൾ അതിൻ്റെ ‘കൊച്ചുപതിപ്പ്’ കേരളത്തിലും അരങ്ങേറുന്നത് വിചിത്രമാണ്.
ജനങ്ങളെ നടുക്കിയ വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിൽ സത്യസന്ധവും നിഷ്പക്ഷവും നീതിയുക്തവുമായ നിലപാട് സ്വീകരിച്ച സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള മുഖ്യമന്ത്രിയുടെയും കൂട്ടരുടെയും  വിഫലവും ഹീനവുമായ ശ്രമങ്ങൾ കേരളത്തിന് അപമാനകരമാണ്.
 ജീവിക്കാനുള്ള അവകാശമാണല്ലോ ഏറ്റവും വലിയ മനുഷ്യാവകാശം. അത് ക്രൂരമായി നിഷേധിക്കപ്പെട്ട വരാപ്പുഴ സംഭവത്തിൽ സത്യം പറഞ്ഞ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ സംഘടിതമായി ആക്ഷേപിക്കാനുള്ള മുഖ്യമന്ത്രിയുടെയും സംഘത്തിൻ്റേയും പരിഹാസ്യമായ പരാമർശങ്ങൾ അവജ്ഞയോടെ തന്നെ കേരളജനത തള്ളിക്കളയുമെന്ന കാര്യത്തിൽ സംശയമില്ല.
Top