ന്യൂഡൽഹി :ഉന്നാവോ പെൺകുട്ടി മരണം വരിച്ചു !! ലൈംഗിക പീഡന പരാതി നൽകിയതിനു പ്രതികൾ തീയിട്ടു കൊല്ലാൻ ശ്രമിച്ച ഉന്നാവിലെ പെൺകുട്ടിയാണ് സഫ്ദർജങ് ആശുപത്രിയിൽ മരിച്ചത് . ഉന്നാവോ പീഡനക്കേസിലെ ഇരയായ പൊള്ളലേറ്റ പെൺകുട്ടി മരിച്ചു. ദില്ലിയിലെ സഫ്ദർജംങ് ആശുപത്രിയിൽ ചികിത്സയിലിരിക്കൊണ് അന്ത്യം. വെള്ളിയാഴ്ച രാത്രി 11.40ഓടെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ശരീരത്തിൽ 90 ശതമാനം പൊള്ളലേറ്റ യുവതിയെ വ്യാഴാഴ്ചയാണ് എയർലിഫ്റ്റ് ചെയ്ത് ദില്ലിയിലെ സഫ്ദർജംങ് ആശുപത്രിയിലെത്തിച്ചത്. ബേൺസ് ആൻഡ് പ്ലാസ്റ്റിക് വകുപ്പ് തലവൻ ശലഭ് കുമാറിനെ ഉദ്ധരിച്ച് എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ വ്യാഴാഴ്ച മജിസ്ട്രേറ്റ് യുവതിയുടെ മൊഴിയെടുത്തിരുന്നു. സിന്ധുപൂർ ഗ്രാമത്തിൽ വെച്ചാണ് സംഭവം. പ്രാഥമിക ചികിത്സ ലഭ്യമാകാൻ വൈകിയതും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കു 90% പൊള്ളലേറ്റതുമാണ് നില അപകടത്തിലാക്കിയതെന്ന് ഡോക്ടർമാർ അറിയിച്ചു.
നേരത്തെ, ബിജെപി എംഎൽഎയ്ക്കെതിരെ പീഡന പരാതി ഉന്നയിച്ച യുപിയിലെ ഉന്നാവ് പെൺകുട്ടി നേരിട്ട അതേ സാഹചര്യങ്ങളിലൂടെയാണ് ഉന്നാവിൽനിന്നുള്ള ഈ പെൺകുട്ടിയും കടന്നുപോയത്. അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച പെൺകുട്ടി വെന്റിലേറ്ററിലായിരുന്നു. പ്രത്യേക ഐസിയു യൂണിറ്റ് സജ്ജമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് സഫ്ദർജങ് മെഡിക്കൽ സൂപ്രണ്ട് ഡോ. സുനിൽ ഗുപ്തയും അറിയിച്ചു.
വിവാഹ വാഗ്ദാനം നൽകിയ ആൾ കൂട്ടുകാരനുമൊത്തു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതി നൽകിയ പെൺകുട്ടിയെയാണ് പ്രതികളടക്കം അഞ്ചു പേർ ചേർന്നു തീ കൊളുത്തി പരുക്കേൽപ്പിച്ചത്. ഉന്നാവ് ഗ്രാമത്തിൽ നിന്നു റായ്ബറേലിയിലെ കോടതിയിലേക്കു പോകാൻ തുടങ്ങവേ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. അതീവ ഗുരുതരവസ്ഥയിലായ പെൺകുട്ടിയെ ലക്നൗവിലെ ആശുപത്രിയിൽ നിന്നു വിദഗ്ധ ചികിൽസയ്ക്കായി ഡൽഹിയിലേക്കു മാറ്റുകയായിരുന്നു.
യുപിയിലെ ഉന്നാവിൽ പീഡന പരാതി നൽകിയ പെൺകുട്ടിയെ തീ കൊളുത്തി പൊള്ളലേൽപ്പിച്ചിട്ടും പക തീരാതെ പ്രതികൾ. ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നു പെൺകുട്ടിയുടെ അമ്മാവനു പ്രതികളുടെ ബന്ധു മുന്നറിയിപ്പു നൽകി. ശുക്ലഗഞ്ചിൽ വാടകയ്ക്കു താമസിക്കുന്ന അമ്മാവൻ കട നടത്തിയാണ് ഉപജീവനം നടത്തുന്നത്. കട കത്തിക്കുമെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നുമാണ് ഇദ്ദേഹത്തിനു നേരെ ഭീഷണിയുണ്ടായത് .
പ്രതികളിലൊരാളായ ശിവം എന്നയാളുടെ ബന്ധുവാണ് ഭീഷണിപ്പെടുത്തിയത്. പരാതിയുമായി മുൻപോട്ടു പോകരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഫോൺ കോൾ. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സുരക്ഷ നൽകുമെന്ന് ഉന്നാവ് എസ്പി വിക്രാന്ത് വീർ അറിയിച്ചു. ഇതേസമയം, ഉന്നാവിൽ പെൺകുട്ടിയെ തീ കൊളുത്തി പൊള്ളലേൽപ്പിച്ച സംഭവത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് പെൺകുട്ടിയുടെ സഹോദരി ആരോപിച്ചു. പെൺകുട്ടിയും സഹോദരനും അച്ഛനും പലരുടെയും നോട്ടപ്പുള്ളിയായതാണ് സംശയങ്ങൾക്കു കാരണം.
പെൺകുട്ടിയുടെ അമ്മ പഞ്ചായത്ത് അധ്യക്ഷയാണ്. ആശങ്കകൾ പങ്കിട്ടു പെൺകുട്ടിയുടെ സഹോദരി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. കേസിൽ ആദ്യം 2 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ദൃക്സാക്ഷികൾ പേരു പറഞ്ഞിട്ടും പെൺകുട്ടി വ്യക്തമായ മൊഴി നൽകിയതു കൊണ്ടു മാത്രമാണ് ശേഷിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തതെന്നു ബന്ധുക്കൾ ആരോപിക്കുന്നു. ക്രൂരതയ്ക്ക് ഇരയായ പെൺകുട്ടിയുടെ സഹോദരനെ നേരത്തെ പീഡനക്കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതു വ്യാജ കേസായിരുന്നു എന്നാണ് സഹോദരിയുടെ വെളിപ്പെടുത്തൽ.
വ്യാഴാഴ്ചയാണ് കോടതിയിലേക്ക് പോകും വഴി പീഡനക്കേസിലെ പ്രതികളായ രണ്ടുപേരുൾപ്പെടെ അഞ്ച് പേർ ചേർന്ന് യുവതിയെ മർദ്ദിക്കുകയും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഹരിശങ്കർ ത്രിവവേദി, രാം കിഷോർ ത്രിവേദി, ഉമേഷ് ബജ്പാൽ, ശിവരാം, ശുഭം ത്രിവേദി എന്നിവരാണ് കേസിൽ അറസ്റ്റിലായത്. 2018 ഡിസംബറിൽ ശിവം, ശുഭം ത്രിവേദി എന്നിവർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ഇരുവരും നവംബർ 30നാണ് ജാമ്യത്തിലിറങ്ങിയത്. ഇതോടെ ഇരുവരും ചേർന്ന് യുവതിയെ ഭീഷണിപ്പെടുത്താൻ ആരംഭിച്ചിരുന്നു. സംഭവം യുവതിയുടെ കുടുംബം പോലീസിൽ അറിയിച്ചിരുന്നുവെങ്കിലും പോലീസ് നടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ല.