തിരുവനന്തപുരം: താന്‍ ഐ ഗ്രൂപ്പില്‍ നിന്നും മാറിയെന്ന പ്രചരണം തെറ്റാണെന്ന് കെ.മുരളീധരന്‍ എംഎല്‍എ. തനിക്ക് വ്യക്‌തമായ നിലപാടുകളുണ്ട്. ഇതില്‍ നിന്നും പിന്നോട്ട് പോകില്ല. രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ ചിലരുടെ ചരട് വലികള്‍ ഉണ്ട്. ഇപ്പോഴത്തെ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും ഹൈക്കമാന്‍ഡ് ഉടന്‍ പ്രശ്നത്തില്‍ ഇടപെടണമെന്നും കെ.മുരളീധരന്‍ ആവശ്യപ്പെട്ടു.
അതേസമയം ഗ്രൂപ്പ് വാക്പോരിന് പിന്നാലെ കോണ്‍ഗ്രസിലെ ചേരിപ്പോര് രൂക്ഷമാക്കി നേതാക്കള്‍ക്ക് നേരെ കൈയേറ്റ ശ്രമവും. കൊല്ലത്ത് രാജ്മോഹന്‍ ഉണ്ണിത്താന്റെ കാറിന് നേരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. കാര്‍ അടിച്ചു തകര്‍ത്തു. ഡിസിസി ഓഫീസില്‍ എത്തിയ ഉണ്ണിത്താന് നേരെയാണ് പ്രവര്‍ത്തകരുടെ കൈയേറ്റവും ചീമുട്ടയേറും നടന്നത്.
കോണ്‍ഗ്രസിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ രാവിലെ 10.30 ഓടെയാണ് ഉണ്ണിത്താന്‍ ഡിസിസി ഓഫീസില്‍ എത്തിയത്. ഇതിന് പിന്നാലെ ഐ ഗ്രൂപ്പിലെ കെ.മുരളീധരന്‍ അനുകൂലികള്‍ ഉണ്ണിത്താന് നേരെ കൈയേറ്റം നടത്തുകയായിരുന്നു. പ്രതിഷേധം ഉണ്ടാകുമെന്ന വകവയ്ക്കാതെയാണ് ഉണ്ണിത്താന്‍ കോണ്‍ഗ്രസ് ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.
കൈയേറ്റത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്റെ കൈയ്ക്ക് പരിക്കേറ്റതിനാല്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനും പരിക്കേറ്റിട്ടുണ്ട്. ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയും ഉപാധ്യക്ഷന്‍ സൂരജ് രവിയും സംഭവ സമയം ഡിസിസി ഓഫീസില്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന.
നേരത്തേ തന്നെ ആക്രമണത്തിന് മുതിര്‍ന്ന് മുരളീധരന്‍ അനുകൂലികള്‍ ഡി.സി.സി ഓഫിസ് പരിസരത്ത് നിലയുറപ്പിച്ചിരുന്നു. ഇവര്‍ ഉണ്ണിത്താനു നേരെ ചീമുട്ട എറിയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഉണ്ണിത്താന്‍റെ കാറിന്‍റെ ചില്ലുകളും ഇവര്‍ അടിച്ചുതകര്‍ത്തു. വളരെ മോശമായ രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയാണ് മുരളീധരന്‍ അനുകൂലികള്‍ ഉണ്ണിത്താനെതിരെ മുദ്രാവാക്യം വിളിച്ചത്.
ഉണ്ണിത്താനെ ഡി.സി.സി ഓഫിസിലേക്ക് കടത്തിവിടില്ലെന്നായിരുന്നു മുരളീധരന്‍ അനുകൂലികളുടെ നിലപാട്. ഇതിനെതിരായി ഉണ്ണിത്താനെ അനുകൂലിക്കുന്നവര്‍ രംഗത്ത് വന്നതോടെ സംഘര്‍ഷം രൂക്ഷമായി. തുടര്‍ന്ന് ബിന്ദു കൃഷ്ണ അടക്കമുള്ളവര്‍ ഇടപെട്ട് ഉണ്ണിത്താനെ ഓഫീസിലേക്ക് മാറ്റി കതക് അടച്ചു പൂട്ടി. ഉണ്ണിത്താനെ പുറത്ത് കടക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പുറത്ത് പ്രതിഷേധം തുടര്‍ന്നു.
രണ്ട് ദിവസങ്ങളായി മുതിര്‍ന്ന നേതാക്കളായ കെ. മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനും തമ്മിലുള്ള വാക്പോര് തുടരുന്നതിനിടെയാണ് ഡി.സി.സി ഓഫിസില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ നാണക്കേടിലേക്ക് നയിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിരിക്കുന്നത്.
അതേസമയം, കൊല്ലം ഡി.സി.സി ഓഫീസിന് മുന്‍പില്‍ തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നില്‍ പ്രീപെയ്ഡ് ഗുണ്ടകളാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. ഡി.സി.സി പ്രസിഡന്‍റിന്‍റെ മുറിയില്‍ കയറിയാണ് താന്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇതിന് പിന്നില്‍ കെ. മുരളീധരനാണെന്നും അദ്ദേഹം ആരോപിച്ചു.