കുമ്മനത്തിന് ഭയം..!!? വട്ടിയാര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പ് ഉടനില്ല; നിയമ പോരാട്ടത്തിലൂടെ നിയമസഭയിലെത്താന്‍ ശ്രമം

എംഎല്‍എ ആയിരുന്ന കെ മുരളീധരന്‍ വടകര പാര്‍ലമെന്റ് സീറ്റില്‍ നിന്നും മത്സരിച്ച് ലോക്‌സഭാ അംഗമായതിന് പിന്നാലെയാണ് വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇത്തരത്തില്‍ ആറ് ഉപതെരഞ്ഞെടുപ്പുകളാണ് കേരളത്തില്‍ നടക്കാനിരിക്കുന്നത്. എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പ് വേഗത്തില്‍ നടക്കാന്‍ സാധ്യതയില്ല. കെ മുരളീധരനെതിരെ കുമ്മനം രാജശേഖരന്‍ നടത്തുന്ന നിയമയുദ്ധമാണ് ഉപതെരഞ്ഞെടുപ്പ് വൈകിക്കുന്നത്.

മുരളീധരന്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയില്‍ രണ്ടരക്കോടിയുടെ ബാധ്യത മറച്ചുവെച്ചെന്ന് കാണിച്ച് കുമ്മനം രാജശേഖരന്‍ മുരളീധരനെതിരേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുരളീധരന്‍ പിന്നീട് വടകരയില്‍ നിന്നും എംപിയായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലൂം കേസ് പിന്‍വലിക്കാന്‍ കുമ്മനം തയ്യാറായിട്ടില്ല.

കേസില്‍ വിചാരണ നടത്തി സത്യം പുറത്തു കൊണ്ടുവരണമെന്നാണ് കുമ്മനത്തിന്റെ നിലപാട്. നിയമയുദ്ധം സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നീളുന്നത്. കേസില്‍ തീര്‍പ്പു കല്‍പ്പിക്കാനാകാതെ തെരഞ്ഞെടുപ്പ് നടക്കില്ല.

മൂന്ന് പാര്‍ട്ടികളും മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി സീറ്റ് പിടിക്കാന്‍ തയ്യാറെടുക്കുന്ന സീറ്റാണ് വട്ടിയൂര്‍ക്കാവ്. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം നിന്ന മണ്ഡലം നിയമസഭയില്‍ 7622 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുരളീധരന്‍ പിടിച്ചെടുത്തത്. കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനില്‍ കോണ്‍ഗ്രസ് ആധിപത്യം നിലനിര്‍ത്തി എന്നതും ബിജെപിയെ വലയ്ക്കുന്നുണ്ട്. ഈ ഭയം കാരണമാണ് കുമ്മനം രാഷ്ട്രീയമായി രംഗത്തിറങ്ങാതെ നിയമയുദ്ധം നടത്തുന്നതെന്നാണ് കോണ്‍ഗ്രസുകാര്‍ വാദിക്കുന്നത്.

Top