
ന്യൂയോര്‍ക്ക്:ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കനോട് ഉപമപ്പെടുത്തി ഇന്ത്യന്‍- അമേരിക്കന്‍ അറ്റോര്‍ണി രവി ബത്ര രംഗത്ത്. ലിങ്കനെ പോലെ തന്നെ അനന്യസാധാരണങ്ങളായ തീരുമാനങ്ങള്‍ നിയമകാര്യങ്ങളില്‍ സ്വീകരിക്കുന്നതില്‍ മോദി തത്‌പരനാണെന്ന് രവി ബത്ര പറഞ്ഞു. കാശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന 370ആം വകുപ്പ് പിന്‍ലവിച്ചു കൊണ്ട് മോദി നടത്തിയത് അത്തരത്തിലൊരു തീരുമാനമായിരുന്നെന്ന് അഭിപ്രായപ്പെട്ട ബത്ര, അതിര്‍ത്തിയിലെ ഭീകരവാദം തടയുന്നതിനായി ഇന്ത്യ സ്വീകരിക്കുന്ന നടപടികളെ പ്രകീര്‍ത്തിക്കുകയും ചെയ്‌തു. തെക്കന്‍ ഏഷ്യയിലെ മനുഷ്യാവകാശം എന്ന വിഷയത്തില്‍ ന്യൂയോര്‍ക്കില്‍ നടന്ന പ്രതിനിധി സഭയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബത്ര.
അതിര്‍ത്തി കടന്നു ഭീകരത നടമാടുന്ന അവസ്ഥ ഒരു രാജ്യത്ത് സംജാതമായാല്‍ എങ്ങനെയാണ് അവിടുത്തെ ജനങ്ങള്‍ സ്വന്തം വീട്ടില്‍ നിന്നും ധൈര്യമായി പുറത്തിറങ്ങാന്‍ തയ്യാറാവുക. അവര്‍ക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുകയാണ് വേണ്ടത്. കാശ്‌മീര്‍ വിഷയത്തില്‍ മോദിയുടെ തീരുമാനം ഉചിതം തന്നെയായിരുന്നു. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരേ അവകാശം സാധ്യമാക്കുകയാണ് അദ്ദേഹം ചെയ‌്തത്. അതിന്റെ പേരില്‍ ഒരു സംഘര്‍ഷവും രാജ്യത്ത് ഉണ്ടായില്ല, പകരം ഭീകരവാദികള്‍ ഉന്മൂലനം ചെയ്യപ്പെടുകയുണ്ടായി’-ബത്ര പറഞ്ഞു.