ന്യൂയോര്‍ക്ക്: അമേരിക്കന്‍ നാവികസേനയെ വലച്ച് ബലാത്സംഗ പട്ടിക. അമേരിക്കന്‍ അന്തര്‍വാഹിനിയിലെ സൈനികര്‍ തങ്ങളുടെ സഹപ്രവര്‍ത്തകരായ വനിതകളെ തരംതിരിച്ച് നിര്‍മ്മിച്ച പട്ടികയാണ് ബലാത്സംഗ പട്ടിക എന്ന് ഇപ്പോള്‍ അറിയപ്പെടുന്നത്. 32 വനിതാ ജീവനക്കാരെ അവരുടെ ലൈംഗീക ആകര്‍ഷണവും സൗന്ദര്യവും മുന്‍നിര്‍ത്തി തരംതിരിക്കുകയായിരുന്നു ചെയ്തത്. പട്ടിക വന്‍ വിവാദമായിരിക്കുകയാണ്.
സൗന്ദര്യം അനുസരിച്ച് റാങ്കിംഗ് രേഖപ്പെടുത്തിയിട്ടുള്ള പട്ടികയില്‍ പേരിന് നേരെ അവരില്‍ നിന്നും പട്ടിക തയ്യാറാക്കിയ ആള്‍ പ്രതീക്ഷിക്കുന്ന ലൈംഗിക പ്രവര്‍ത്തിയും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പട്ടിക യുഎസ്എസ് ഫ്ളോറിഡയിലെ അംഗങ്ങളായ ഗോള്‍ഡ് ക്രൂവിനിടയില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് വിവാദമായത്. രണ്ടു പട്ടികയാണ് ഉള്ളത്. ഒരെണ്ണത്തില്‍ സ്റ്റാര്‍ സിസ്റ്റം അനുസരിച്ച് വനിതാ ജീവനക്കാരെ റാങ്ക് ചെയ്തിട്ടുള്ളതാണ്. അടുത്തത് റാങ്കിംഗ് അനുസരിച്ച് പട്ടിക തയ്യാറാക്കിയ സൈനികര്‍ക്ക് ജീവനക്കാരികള്‍ ചെയ്തു കൊടുക്കേണ്ട ലൈംഗിക ചേഷ്ടകളും അടങ്ങിയതാണ്. അന്തര്‍ വാഹിനിയില്‍ ഒരുമിച്ച് ജോലി ചെയ്യുന്ന മൊത്തം 173 നാവികരിലെ 32 പേരാണ് പട്ടികയിലെ ഇരകള്‍. സംഭവത്തില്‍ 74 പേജോളം വരുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിരിക്കുന്നത്.
വിവാദമായ രണ്ടു പട്ടികയും അന്തര്‍വാഹിനിയുടെ കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കില്‍ നിന്നുമാണ് കിട്ടിയിരിക്കുന്നത്. പട്ടികയിലെ റാങ്കിംഗ് അനുസരിച്ച് ഏറ്റവും സുന്ദരിയായ വനിതാ ഓഫീസര്‍ക്ക് 2018 ജൂണില്‍ ഒരു നാവികനാണ് പട്ടികയുടെ പ്രിന്റൗട്ട് എടുത്ത് കൊടുത്തത്. എന്നാല്‍ യുവതിയും ബലാത്സംഗ പട്ടികയിലെ രണ്ടാമത്തെ അതീവ സുന്ദരിയായ വനിതാ ഓഫീസറും ചേര്‍ന്ന് കിട്ടിയ പ്രിന്റ് തങ്ങളുടെ തലവനായ ഓഫീസര്‍ക്ക് കൈമാറി. അദ്ദേഹം അത് പിന്നീട് അന്തര്‍ വാഹിനിയുടെ പീഡന വിരുദ്ധ വിഭാഗത്തിനും കൈമാറുകയായിരുന്നു.
പട്ടികയെ കുറിച്ച് നേരത്തേ തന്നെ അറിഞ്ഞിരുന്നെങ്കിലൂം അന്വേഷണം നടത്താന്‍ കൂട്ടാക്കിയില്ലെന്ന ആരോപണം അന്തര്‍വാഹിനിയുടെ ക്യാപ്റ്റന്‍ ഗ്രിഗറി കെര്‍ഷെര്‍ നേരിടുകയാണ്. അതേസമയം പരസ്പരസമ്മതത്തോടെ ഉണ്ടാകേണ്ട ലൈംഗികതയ്ക്ക് പകരം ആക്രമണോത്സുകമായ ലൈംഗികതയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ തന്റെ കയ്യില്‍ കിട്ടിയത് ഇതുമായി ബന്ധപ്പെട്ട ചെറിയ ഒരു പേപ്പര്‍ മാത്രമാണെന്നും അന്വേഷണം തുടങ്ങാന്‍ കഴിയാഞ്ഞത് അതുകൊണ്ട് കൂടിയാണെന്നുമാണ് കെര്‍ഷര്‍ പറയുന്ന ന്യായീകരണം. പട്ടിക അന്തര്‍വാഹിനിയുടെ ഏത് കംപ്യൂട്ടര്‍ നെറ്റുവര്‍ക്കില്‍ നിന്നുമാണെന്ന് അന്വേഷണത്തിന് ഉത്തരവിട്ടതായി കെര്‍ഷര്‍ പറയുന്നു.