കൊല്ലം: ഉത്രയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള രണ്ടാം പ്രതി പാരിപ്പള്ളി കുളത്തൂർക്കോണം കെ.എസ്.ഭവനിൽ സുരേഷിനെ മാപ്പ് സാക്ഷിയാക്കിയേക്കും. സൂരജിന് അണലിയെയും മൂർഖനെയും നൽകിയത് സുരേഷാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്നായിരുന്നു കേസിൽ രണ്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്തത്. സുരേഷിന്റെ ഡ്രൈവറും സഹായികളും പാമ്പിനെ കൈമാറുന്നതിന് കൂടെയുണ്ടായിരുന്നുവെങ്കിലും ഇവരെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് തീരുമാനം.
സമാനതകളില്ലാത്ത കേസായതിനാൽ സൂരജിന് അർഹമായ ശിക്ഷഉറപ്പാക്കാൻ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ. കൊലപ്പെടുത്താനുള്ള ആയുധം മൂർഖൻ പാമ്പായതിനാൽ അത് കോടതിയിൽ തെളിയിച്ചെടുക്കുക നിസാരമല്ല. സുരേഷിനെ സാക്ഷിയാക്കിയാൽ സൂരജിനെതിരെയുള്ള പ്രധാന ആയുധമായി ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷ. കേസിൽ ഇപ്പോൾ രണ്ടാം പ്രതിയായി ഉൾപ്പെടുത്തി റിമാൻഡ് ചെയ്തിട്ടുണ്ടെങ്കിലും കൊലപാതകത്തിൽ ഇദ്ദേഹത്തിന് നേരിട്ട് ബന്ധമില്ലെന്നാണ് വിലയിരുത്തൽ. ആ നിലയിൽ മാപ്പ് സാക്ഷിയാക്കി കേസിൽ സൂരജിനെതിരെ മൊഴിപറയിക്കാനാകും. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കുറ്റപത്രം തയ്യാറാക്കുന്നതിന് മുൻപായി സൂരജിനും സുരേഷിനും വേണ്ട ശിക്ഷ ഉറപ്പാക്കാനുള്ള ശക്തമായ തെളിവുകൾ കിട്ടിയാൽ പ്രതിപ്പട്ടികയിൽ നിന്നും സുരേഷിനെ ഒഴിവാക്കേണ്ടി വരില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
അതേസമയം ഉത്ര കൊലക്കേസിൽ സൂരജിന്റെ അച്ഛനും അമ്മക്കും സഹോദരിക്കും എതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാൻ വനിതാ കമ്മീഷന്റെ നിർദേശം. പത്തനംതിട്ട എസ്പിയോട് കേസ് എടുക്കാൻ ആവശ്യപ്പെട്ടതായി വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ അറിയിച്ചു. ഗാര്‍ഹിക പീഡനത്തിന് കേസെടുത്ത് രണ്ടാഴ്ചക്കകം അന്വേഷണ പുരോഗതി അറിയിക്കാനാണ് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്.