തൂക്കുകയർ ഇല്ല ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവിപര്യന്തം…

ഉത്രാ കൊലപാതക കേസ് പ്രതി സൂരജിനെ കോടതി ഇരട്ട ജീവപര്യന്തം തടവിന് വിധിച്ചു.പ്രതിയുടെ പ്രായമടക്കം പരിഗണിച്ചാണ് വധ ശിക്ഷ ഒഴിവാക്കി 302 വകുപ്പ് പ്രകാരം കൊലപാതകത്തിന് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്. അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. ഇതിനൊപ്പം ഏഴു വർഷം തടവുശിക്ഷയും അനുഭവിക്കണം. വിധി പ്രസ്ഥാവം കേൾക്കാൻ ഉത്രയുടെ സഹോദരൻ വിഷു, അന്വേഷണ ഉദ്യോഗസ്ഥൻ എ അശോക് എന്നിവർ കോടതിയിൽ എത്തിയിരുന്നു. ഉത്രയുടെ അച്ഛൻ വിജയസേനനും കോടതിയിൽ എത്തിയിരുന്നു. കനത്ത സുരക്ഷാവലയത്തിലാണ് ആൾക്കൂട്ടത്തിനിടയിലൂടെ സൂരജിനെ പൊലീസ് സംഘം കോടതിമുറിക്കുള്ളിലെത്തിച്ചത്.

കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് കേസില്‍ വിധി പറഞ്ഞത്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ രാജ്യത്ത് ശിക്ഷിക്കപ്പെടാന്‍ പോകുന്ന ആദ്യ പ്രതിയാണ് സൂരജ്. വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷനും കോടതിയോട് ആവശ്യപ്പെട്ടത്. വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് കുറ്റങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത് .

പ്രതിക്കെതിരെ 302, 307, 328, 201 വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു. കോടതി കുറ്റക്കാരനെന്ന് വിധിച്ച സൂരജിന് വധശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഉത്രയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. പ്രതി അറസ്റ്റിലായ 82ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്.

പ്രതിയെ അടുത്ത് വിളിച്ചുവരുത്തി ചെയ്ത കുറ്റകൃത്യങ്ങൾ വായിച്ചുകേൾപ്പിച്ച കോടതി എന്തെങ്കിലും പറയാനുണ്ടോ എന്ന് സൂരജിനോട് ചോദിച്ചപ്പോൾ ഒന്നും പറയാനില്ല എന്നായിരുന്നു മറുപടി. അപൂർവങ്ങളിൽ അപൂർവമായ കേസിൽ പ്രതിയുടെ നടപടി വിചിത്രവും പൈശാചികവും ദാരുണവുമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്ന ആവശ്യവും പ്രോസിക്യൂഷൻ കോടതിക്കുമുന്നിൽ വെച്ചു. ഭാര്യ വേദന കൊണ്ടുപുളയുമ്പോൾ പ്രതി മറ്റൊരു കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തി എന്നതാണ് കേസ്. കേട്ടുകേൾവിയില്ലാത്ത വിധം ക്രൂരമായ കേസിലാണ് ഒരു വർഷവും 5 മാസവും 4 ദിവസവും പൂർത്തിയാവുമ്പോഴാണ് വിധി എത്തിയത്. 87 സാക്ഷികൾ, 288 രേഖകൾ, 40 തൊണ്ടിമുതലുകൾ ഇത്രയുമാണ് കോടതിക്ക് മുന്നിൽ അന്വേഷണസംഘം ഹാജരാക്കിയത്. ഡമ്മി പരീക്ഷണത്തിലൂടെയാണ് അന്വേഷണ സംഘം ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചത്. ഒരു കാരണവശാലും പ്രകോപനമുണ്ടാക്കാതെ മൂർഖൻ കടിക്കില്ല എന്ന വിദഗ്ധരുടെ മൊഴികളും നിർണായകമായി.

റെക്കോർഡ് വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കോടതി നടപടികളും വേഗത്തിലായിരുന്നു. വാദി ഭാഗവും പ്രതിഭാഗവും തമ്മിൽ കോടതിയിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ ഉണ്ടായി. കോടതിയിൽ താൻ കുറ്റക്കാരനല്ലെന്ന് പ്രതി സൂരജ് ആവർത്തിച്ചു പറഞ്ഞു. സർക്കാർ അഭിഭാഷകനായി അഡ്വക്കേറ്റ് മോഹൻരാജും പ്രതി ഭാഗത്തിനായി അഡ്വ. അജിത്ത് പ്രഭാവും ഹാജരായി.

2020 മെയ് ആറിനാണ് മൂർഖനെ കൊണ്ട് കടിപ്പിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്. പാമ്പുപിടുത്തക്കാരനായ സുരേഷിന്റെ കയ്യിൽ നിന്നാണ് ഇയാൾ പാമ്പിനെ വാങ്ങിയത്. ഏപ്രിൽ മാസത്തിൽ സൂരജ് അണലിയെ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്താൻ നോക്കിയിരുന്നു. പാമ്പ് കടിയേറ്റെങ്കിലും അന്ന് രക്ഷപ്പെട്ടു. ഇതോടെ സുരേഷിന്റെ കയ്യിൽ നിന്നും പ്രതി മൂർഖനെ വാങ്ങുകയായിരുന്നു. തുടർച്ചയായ രണ്ടുതവണ ഉത്രയ്ക്ക് പാമ്പ് കടിയേറ്റതോടെ സംശയം തോന്നിയ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

2018 മാര്‍ച്ച് 25 നായിരുന്നു ഉത്രയുടെയും സൂരജിന്റെയും വിവാഹം. ഭിന്നശേഷിക്കാരിയായ ഉത്രയെ ഇഷ്ടമാണെന്ന് പറഞ്ഞ് സൂരജ് ഉത്രയുടെ പിതാവ് വിജയസേനനെ സമീപിക്കുകയായിരുന്നു. മകളുടെ ഇഷ്ടവും അറിഞ്ഞ് അദ്ദേഹം ആ വിവാഹത്തിന് സമ്മതിച്ചു. നൂറു പവനോളം സ്വര്‍ണം, ഏഴു ലക്ഷം രൂപ വിലയുള്ള കാര്‍ തുടങ്ങി ആവശ്യപ്പെട്ടതൊക്കെ സ്രീധനമായി നല്‍കിയാണ് മകളെ സൂരജിന് വിവാഹം കഴിപ്പിച്ചിരുന്നത്. പിന്നീട് പലപ്പോഴായി സൂരജ് പണം ആവശ്യപ്പെടുകയുണ്ടായി. പലതവണ ഉത്രയുടെ വീട്ടുകാര്‍ അത് നല്‍കുകയും ചെയ്തു. പണത്തിന്‍രെ പേരില്‍ ഉത്രയെ സൂരജ് മാനസികമായി പീഢിപ്പിക്കാന്‍ തുടങ്ങിതോടെ സൂരജും ഉത്രയുടെ വീട്ടുകാരും തമ്മില്‍ അസ്വാരസ്യങ്ങളും ഉടലെടുത്തു. എങ്കിലും മകളുടെ ഭാവിയെക്കരുതി ആ കുടുംബം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിച്ചു. ചെറിയ പ്രശ്‌നങ്ങള്‍ക്കിടയിലൂടെ അവരുടെ ദാമ്പത്യം മുന്നോട്ട് നീങ്ങി.

ഇതിനിടയിലാണ് അവിചാരിതമായി ഒരു ദിവസം ഉത്ര കൊല്ലപ്പെടുന്നത്. ജനലിലൂടെ വീടിനുള്ളില്‍ കയറിയ മൂര്‍ഖന്‍ പാമ്പ് ഭാര്യയെ കടിച്ചതാവാമെന്നാണ് അന്ന് സൂരജ് പറഞ്ഞത്. ഇതില്‍ ആര്‍ക്കും സംശയവും തോന്നിയില്ല. പക്ഷെ വീട്ടുകാര്‍ക്ക് സംശയം തോന്നിത്തുടങ്ങി. എസിയുള്ള ജനലുകള്‍ അടച്ച മുറിയില്‍ ഒരു മൂര്‍ഖന്‍ പാമ്പ് എങ്ങനെ കയറി? എന്തുകൊണ്ട് ഈ പാമ്പിനെ ആരും കണ്ടില്ല. സൂരജിന് കടിയേല്‍ക്കാതിരുന്നതെങ്ങനെ? തുടങ്ങിയ ചോദ്യങ്ങളുയര്‍ന്നു. ഇതാണ് കുടുംബത്തെ സംഭവത്തില്‍ കേസ് കൊടുക്കാന്‍ കുടുംബത്തെ പ്രേരിപ്പിച്ചത്.

ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ തൃപ്തി വരാഞ്ഞതോടെ കുടുംബത്തിന്‍രെ ആവശ്യപ്രകാരം അന്നത്തെ കൊട്ടരാക്കര ഡിവൈഎസ്പി എ അശോകന്റെ നേതൃത്വത്തില്‍ പുതിയ സംഘം അന്വേഷണം ഏറ്റെടുത്തു. സൂക്ഷ്മായി രീതിയില്‍ കേസിനെ തുടക്കം മുതല്‍ ഇവര്‍ സമീപിച്ചു. ഉത്രയെ ആദ്യം കടിച്ചത് അണലിയായിരുന്നു. രണ്ടാമത്തെ തവണ മൂര്‍ഖനും. ശാസ്ത്രീയപരമായ രീതിയില്‍ ഇവയുടെ സ്വഭാവത്തെ പറ്റി അന്വേഷണ സംഘം മനസ്സിലാക്കി. ഉത്രയെ അണലി കടിച്ചത് വീടിന്റെ ഒന്നാം നിലയില്‍ നിന്നായിരുന്നു. പക്ഷെ ്അണലികള്‍ മരം കയറാറില്ല. അണലി എങ്ങനെ മുകള്‍ നിലയിലെത്തിയെന്ന സംശയം പൊലീസിനു തോന്നി. ജനലിനു വശത്തെ ഒരു മരക്കൊമ്പ് കാണിച്ച് അത് വഴിയായിരിക്കാം പാമ്പ് മുറിയില്‍ കയറിയതെന്നായിരുന്നു സൂരജിന്റെ അമ്മ പറഞ്ഞത്. എന്നാല്‍ പൊലീസ് അയല്‍ക്കാരെ കണ്ടപ്പോള്‍ കള്ളി പൊളിഞ്ഞു.

ആ മരക്കൊമ്പ് അടുത്ത കാലത്ത് ചായ്ച്ചു നിര്‍ത്തിയതാണെന്ന് അയല്‍ക്കാര്‍ മൊഴി നല്‍കി. രണ്ടാമത് കടിച്ചത് മൂര്‍ഖന്‍ പാമ്പാണ്. അതും ഉത്രയുടെ വീട്ടില്‍ വെച്ച്. സംഭവം നടന്ന മുറിയിലെ ജനലുകള്‍ 150 സെന്റിമീറ്റര്‍ പൊക്കത്തിലാണ്. ഉത്രയെ കടിച്ച പാമ്പിന്റെ നീളവും 150 സെന്റീമീറ്ററാണ്. മൂര്‍ഖന്‍ പാമ്പിന് സ്വന്തം നീളത്തിന്റെ മൂന്നിലൊന്ന് മാത്രമേ പൊങ്ങാന്‍ പറ്റുകയുള്ളു. അങ്ങനെ നോക്കുമ്പോള്‍ 50 സെന്റിമീറ്റര്‍ മാത്രമേ പാമ്പിന് പൊങ്ങാന്‍ പറ്റൂ. മാത്രമല്ല. രാത്രി വൈകി മൂര്‍ഖന്‍ ഇരപിടിക്കാനിറങ്ങില്ല. ഇത് സംശയം ബലപ്പെടുത്തി. ഇതിനിടയില്‍ സൂരജിന് വന്യജീവികളോടുള്ള സ്‌നേഹവും അന്വേഷണ സംഘം കണ്ടെത്തി.

ഉത്രയുടെ മരണത്തിന് ആറു മാസം മുമ്പ് സൂരജ് വീട്ടില്‍ ഒരു പാമ്പിനെ കൊണ്ടു വന്ന് പ്രദര്‍ശിപ്പിച്ചിരുന്നു. ഈ വിവരം പാമ്പ് പിടുത്തക്കരാനായ സുരേഷിനെ കണ്ടെത്തുന്നതിലേക്ക് നയിച്ചു. ഇയാള്‍ സൂരജിന് പാമ്പിനെ നല്‍കിയിരുന്നതായി മൊഴി നല്‍കി. പിന്നാലെ സംഭവിച്ചതെന്തെന്ന് ഓരോന്നായി പുറത്തു വന്നു. എങ്ങനെ പാമ്പിനെ കൊണ്ട് കൊലപാതകം നടത്താമെന്ന് ഇന്റര്‍നെറ്റില്‍ സൂരജ് നിരന്തരം തിരഞ്ഞിരുന്നതായി കണ്ടെത്തി. തുടരയുള്ള ചോദ്യം ചെയ്യലിനൊടുവില്‍ സൂരജ് കുറ്റ സമ്മതം നടത്തി. ആദ്യ തവണ ഉത്രയെ അണലിയെക്കൊണ്ട് കടിപ്പിച്ചതും താന്‍ തന്നെയായിരുന്നെന്ന് സൂരജ് തുറന്നു പറഞ്ഞു. എന്നാല്‍ ഉത്ര രക്ഷപ്പെട്ടതിനാല്‍ ഇത്തവണ മരണം ഉറപ്പാക്കാനായാണ് മൂര്‍ഖന്‍ പാമ്പിനെ വാങ്ങിയത്. സംശയം തോന്നാതിരിക്കാന്‍ ഉത്രയുടെ വീട്ടില്‍ വെച്ച് തന്നെ പാമ്പ് കടിയേല്‍പ്പിക്കാന്‍ തീരുമാനിച്ചു. പാമ്പ് കടിയേറ്റത് അറിയാതിരിക്കാനായി മയക്കം ഉണ്ടാക്കുന്ന 12 സെട്രിസന്‍ ഗുളികയാണ് മരിക്കുന്നതിന്റെ തലേന്ന് ഉത്രയ്ക്ക് ജ്യൂസില്‍ കലര്‍ത്തി നല്‍കിയത്.

മൂര്‍ഖന്‍ പാമ്പിനെ സൂക്ഷിച്ച പ്ലാസ്റ്റിക് ഭരണി കട്ടിലിനടിയിലൊളിപ്പിച്ചു. രാത്രി എല്ലാവരും ഉറങ്ങിയ ശേഷം പാമ്പിനെ ഉത്രയുടെ ദേഹത്ത് കുടഞ്ഞിട്ടു. എന്നാല്‍ പാമ്പ് ഉത്രയെ കടിച്ചില്ല. തുടര്‍ന്ന് പാമ്പിന്റെ ഫണത്തില്‍ പിടിച്ച് ഉത്രയുടെ കൈയ്യില്‍ കടിപ്പിച്ചു. തുടര്‍ന്ന് പാമ്പിനെ അലമാരക്കടിയിലേക്ക് വലിച്ചെറിഞ്ഞു. പാമ്പ് തിരികെയെത്തി തന്നെ കടിക്കുമോ എന്ന് ഭയന്ന് രാത്രി ഉറങ്ങാതെ കട്ടിലിനു മുകളില്‍ ഇരുന്നെന്നും സൂരജ് പൊലീസിനോട് പറഞ്ഞു.

കുറ്റം തെളിയിക്കാന്‍ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് നടത്തിയ ഡമ്മി പരീക്ഷണം പാമ്പ് സ്വയം കടിച്ചതല്ല കടിപ്പിച്ചതാണെന്ന് തെളിയിക്കാനുള്ള ശക്തമായ തെളിവായി. കുറഞ്ഞത് ഏഴുദിവസമായി പട്ടിണി കിടന്ന പാമ്പാണിതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. ഏറ്റവുമൊടുവില്‍ ഉത്രയെ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്ന കേസില്‍ ഭര്‍ത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി വിധിച്ചിരിക്കുന്ന. കേസില്‍ വിചാരണ നടത്തിയ കൊല്ലം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ജഡ്ജി വിധി പറഞ്ഞപ്പോള്‍ നിസ്സംഗനായാണ് സൂരജ് പ്രതിക്കൂട്ടില്‍ അതു കേട്ട് നിന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവായ കേസില്‍ സൂരജിന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു. നാല് ജീവപര്യന്തമാണ് സൂരജിന് ലഭിച്ചത്. കൊല, കൊലപാതക ശ്രമം, തെളിവ് നശിപ്പിക്കല്‍, തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ. ഐപിസി 302 പ്രകാരമാണ് ജീവപര്യന്തം ശിക്ഷ.

Top