നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രധാന പ്രതി അറസ്റ്റില്‍; അഞ്ഞൂറ് കോടിയുടെ ഹവാല കേസിലും പ്രതി; വിനയായത് സിബിഐയുടെ ലുക്ക്ഔട്ട് നോട്ടീസ്

കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രധാന പ്രതി ഉതുപ്പ് വര്‍ഗീസ് അറസ്റ്റിലായി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചായിരുന്നു അറസ്റ്റ്. അബുദാബിയില്‍നിന്നാണ് നെടുമ്പാശേരിയില്‍ എത്തിയത്. ഇയാള്‍ക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എമിഗ്രേഷന്‍ വിഭാഗം ഉതുപ്പ് വര്‍ഗീസിനെ സിബിഐക്കു കൈമാറി. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

അല്‍ സറാഫ മാന്‍പവര്‍ കണ്‍സള്‍റ്റന്റ്‌സ് ആന്‍ഡ് ട്രാവല്‍സ് കൊച്ചി ഓഫിസിന്റെ നടത്തിപ്പുകാരനാണു ഉതുപ്പ് വര്‍ഗീസ്. 19,500 രൂപ ഫീസ് വാങ്ങി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ കരാര്‍ നേടിയ ഉതുപ്പ് ഉദ്യോഗാര്‍ഥികളില്‍ നിന്നു 19.50 ലക്ഷം രൂപ ഇടാക്കിയിരുന്നു. ഇങ്ങനെ കൈവശപ്പെടുത്തിയ 300 കോടി രൂപ ഹവാലയായി ദുബായിലേക്കു കടത്തിയ കേസും ഇപ്പോള്‍ നിലവിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി നടത്തിയ നീക്കങ്ങള്‍ വിജയിച്ചതോടെയാണ് രാജ്യാന്തര അന്വേഷണ ഏജന്‍സിയുടെ വാണ്ടഡ് ലിസ്റ്റില്‍ ഉതുപ്പിനെ ഉള്‍പ്പെടുത്തിയത്. വാണ്ടഡ് ലിസ്റ്റില്‍ ഉതുപ്പ് വര്‍ഗീസിന്റെ ചിത്രങ്ങളും പൂര്‍ണ മേല്‍വിലാസവും ചേര്‍ത്തിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് അബുദാബിയില്‍ വച്ച് ഉതുപ്പിനെ ഇന്റര്‍പോള്‍ കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ ഉന്നത ബന്ധങ്ങളുപയോഗിച്ച് അവിടെ ജാമ്യം നേടി പുറത്തുവന്നു. അപ്പോഴും സിബിഐ ഉതുപ്പിന് പിറകെയായിരുന്നു. വിദേശതൊഴില്‍ നിയമനത്തിന്റെ മറവില്‍ ഗൂഢാലോചന നടത്തി നിരവധിപ്പേരെ വഞ്ചിച്ചെന്നും അഴിമതി നിരോധന നിയമപ്രകാരം ഇന്ത്യയില്‍ അന്വേഷണ ഏജന്‍സികള്‍ ഇയാളെ തേടി വരികയാണെന്നു ഇന്റര്‍പോള്‍ രേഖകളിലുണ്ടായിരുന്നു. എല്ലാ വിമാനത്താവളത്തിലും ലുക്ക് ഔട്ട് നോട്ടീസും ഒട്ടിച്ചിരുന്നു. മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് വിദേശത്തുള്ള ഉതുപ്പ് വര്‍ഗീസിനെ രാജ്യത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. ഇയാള്‍ കുവൈറ്റിലുണ്ടെന്നും ഇടയ്ക്ക് ദുബായില്‍ പോയി വരുന്നതായും അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു.

കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിന്റെ മറവില്‍ 300 കോടിയോളം രൂപ അനധികൃതമായി സമ്പാദിച്ച് ഹവാല ഇടപാടിലൂടെ വിദേശത്തെത്തിച്ചെന്നാണ് കേസ്. സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം നേടാനുള്ള ശ്രമവും വിഫലമായി. ഇതോടെ പുറത്തിറങ്ങിയാല്‍ ഉതുപ്പ് പിടിയിലാകുമെന്ന സ്ഥിതി വന്നു. ഈ സാഹചര്യത്തില്‍ കേരളത്തിലേക്ക് കീഴടങ്ങാനെത്തിയതാണെന്നും സൂചനയുണ്ട്. ഇത് മനസ്സിലാക്കിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് സിബിഐ അറസ്റ്റ് ചെയ്യുന്നത്. നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഉതുപ്പ് വര്‍ഗീസിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഇതുള്‍പ്പെടെ സംസ്ഥാനത്തെ ഉന്നത കോണ്‍ഗ്രസ് ബന്ധങ്ങളാണ് ഇതുവരെ ഉതുപ്പിനെ സംരക്ഷിച്ചു നിര്‍ത്തിയിരുന്നത്.

മുന്‍ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള ഇയാള്‍ക്ക് എല്ലാ രാഷ്്രടീയ പാര്‍ട്ടികളിലും ഇഷ്ടക്കാരുണ്ട്. 2015 മാര്‍ച്ച് 27നാണ് അല്‍സറഫയുടെ കൊച്ചി ഓഫീസ് എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് ചെയ്യുന്നതും കള്ളക്കളി പുറത്തുകൊണ്ടു വരുന്നതും. റെയ്ഡ് നടക്കുമ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി യു.എ.ഇയിലായിരുന്നു. ഇവിടെ അടുത്ത ബന്ധുവിന്റെ വീട്ടില്‍ ഉതുപ്പുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായും സൂചനയെത്തി. അത്തരത്തിലൊരു വ്യക്തിയാണ് അറസ്റ്റിലാകുന്നത്. കേരളത്തിലെ ബിജെപി നേതാക്കളുമായും അടുത്ത ബന്ധമുണ്ടായിരുന്നു. ഇത് പലപ്പോഴും ലുക്ക് ഔട്ട് നോട്ടീസ് എത്തിച്ചിട്ടും ഉതുപ്പിനെ രക്ഷിച്ചു.

കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് അല്‍ സറാഫയ്ക്ക് ലഭിച്ചിരുന്നത്. 1200 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് ലഭിച്ചിരുന്നത്. ഒരു ഉദ്യോഗാര്‍ഥിയില്‍ നിന്നും 19,500 രൂപ വീതം സര്‍വീസ് ചാര്‍ജ് ഇനത്തില്‍ റിക്രൂട്ട്‌മെന്റിനായി ഈടാക്കാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ അല്‍ സറാഫ ഒരാളില്‍നിന്ന് 19,50,000 രൂപയാണ് ഈടാക്കിയത്. ദശാംശം മായ്ച്ചുകളഞ്ഞശേഷമാണ് ഭീമമായ ഈ തട്ടിപ്പ് നടത്തിയത്. ഇതിനകം ഈ രീതിയില്‍ 500ഓളം പേരെ ഉതുപ്പ് കുവൈറ്റിലെത്തിച്ചു.

കുവൈറ്റുമായി സര്‍വ്വീസ് ചാര്‍ജ്ജില്‍ ഉതുപ്പിന് കരാറില്ല. 19500 രൂപയേ വാങ്ങാവൂ എന്നത് ഇന്ത്യയിലെ നിയമമാണ്. ഇതിനെയാണ് ഉതുപ്പ് തന്ത്രപരമായി മറികടന്നത്. സാമ്പത്തിക കുറ്റകൃത്യമാണ് ഉതുപ്പ് നടത്തിയിട്ടുള്ളത്. ഇയാള്‍ റിക്രൂട്ട് ചെയ്തവര്‍ക്ക് കുവൈത്തില്‍ ജോലി ചെയ്യുന്നതില്‍ യാതൊരു തടസ്സവുമില്ല. എന്നാല്‍, ഓരോരുത്തരില്‍നിന്നും 19 ലക്ഷത്തിലേറെ തുക തട്ടിച്ചുവെന്ന ഗുരുതരമായ കുറ്റം ഉതുപ്പിനെതിരെ ഉയരുന്നുണ്ട്. ഈ തട്ടിപ്പില്‍ കൊച്ചിയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്റ്‌സിനും പങ്കുണ്ടെന്നാണ് സിബിഐ. അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഓരോ ഏജന്‍സിയും എല്ലാ മാസവും എത്രപേരേ വിദേശത്തേക്ക് അയക്കുന്നു, എത്രരൂപ വാങ്ങുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ അന്വേഷിച്ചുറപ്പിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഈ ഓഫീസാണ്.

ഇതേത്തുടര്‍ന്ന് സി.ബി.എ ചാര്‍ജ് ചെയ്ത കേസ്സില്‍ പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്റ്‌സ് മേധാവി അഡോള്‍ഫ്‌സ് ലോറന്‍സാണ് ഒന്നാം പ്രതി. കേസിലെ രണ്ടാം പ്രതിയാണ് അല്‍ സറാഫ് എന്ന സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സിവഴി കോടികള്‍ തട്ടിച്ച ഉതുപ്പ് വര്‍ഗീസ്. കോട്ടയം മണര്‍കാട് സേദേശിയായ ഉതുപ്പ് വര്‍ഗീസ് ഗള്‍ഫിലാണ് താമസം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധമുള്ള ഉതുപ്പ് വര്‍ഗീസിന്റെ സ്ഥാപനത്തില്‍ പരിശോധനയ്ക്കായി ആദായ നികുതി വകുപ്പ് തിരഞ്ഞെടുത്ത സമയവും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി വിദേശത്ത് പോയ സമയം നോക്കിയാണ് റെയ്ഡ് നടത്തിയത്. കൊച്ചിയിലെ പൊലീസിനെ പോലും അവസാനനിമിഷമാണ് പരിശോധന നടത്തുന്ന വിവരം ആദായ നികുതി വകുപ്പ് അറിയിച്ചത്. കേരളത്തില്‍ രണ്ടിടത്തായി ശാഖകളുള്ള ബെസ്റ്റ് ബേക്കേഴ്‌സിന്റെ പാര്‍ട്ണര്‍മാരില്‍ ഒരാള്‍ കൂടിയാണ് ഉതുപ്പ്. ഇയാളുടെ പേരില്‍ കോട്ടയം മണര്‍കാട് പൊലീസ് സ്റ്റേഷനില്‍ ഒരു വധശ്രമക്കേസും നിലവിലുണ്ട്. 2009ല്‍ ബന്ധുവായ യുവാവിനെ വെടിവച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.

Top