
ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചമോലിയിലെ ജോഷിമഠിലാണ് നന്ദാദേവി ഗ്ലേസിയർ തകർന്നു വീണ് ദുരന്തമുണ്ടായത്. ധൗലിഗംഗയില്‍ പെട്ടെന്നുണ്ടായ പ്രളയത്തിൽ നദീതീരത്തുണ്ടായ നിരവധി വീടുകളാണ് ഒലിച്ചു പോയത്.അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ജോഷിമഠിലാണ് മഞ്ഞുമല ഇടിഞ്ഞ് വീണിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തരാഖണ്ഡ് സര്‍ക്കാരുമായി ബന്ധപ്പെട്ടു. ഇന്തോ ടിബറ്റല്‍ അതിര്‍ത്തി പോലീസിനെ മേഖലയിലേക്ക് അയച്ചു. 200 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് അയച്ചത്. കൂടുതല്‍ സൈനികരെ മേഖലയിലേക്ക് അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി.
തപോവൻ ജലവൈദ്യുത പദ്ധതിയ്ക്ക് സമീപമാണ് കൂറ്റൻ മഞ്ഞുമലയിടിഞ്ഞത്. ദുരന്തത്തിൽ മരണപ്പെട്ട രണ്ട് പേരുടെ മൃതേദഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇവിടുത്തെ തൊഴിലാളികളാണെന്നാണ് പ്രാഥമിക സൂചന. ഇന്തോ-ടിബറ്റൻ അതിർത്തി സേനയിലെ നൂറു കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാദൗത്യത്തിനായി മേഖലയിലെത്തിയിട്ടുണ്ട്. ദുരന്തനിവാരണ സേനയിലെയും ആര്‍മിയിലെയും നൂറു കണക്കിന് അംഗങ്ങളെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.
പ്രളയപശ്ചാത്തലത്തിൽ ഋഷികേശിലും ഹരിദ്വാറിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ‘കനത്ത മഴയും പെട്ടെന്നുള്ള വെള്ളപ്പൊക്കവും കാരണം ചമോലിയിലെ റിനി ഗ്രാമത്തിലെ ഋഷിഗംഗ പദ്ധതിക്ക് കേടുപാടുകൾ സംഭവിച്ചിരിക്കാം. അലകനന്ദയുടെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകാനും സാധ്യതയുണ്ട്. നദിക്കരയിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി പ്രദേശത്ത് നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനാൽ ഏതെങ്കിലും തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് ശ്രദ്ധ നൽകരുത്’ മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്ത് ജനങ്ങളോട് ആവശ്യപ്പെട്ടു.