ഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരില്‍ കേരളത്തിനും പ്രാതിനിധ്യം. ബി.ജെ.പി നേതാവ് വി. മുരളീധരന്‍ കേന്ദ്രമന്ത്രിയാകും. പ്രധാനമന്ത്രിയുടെ വസതിയിലെത്താന്‍ ക്ഷണമുണ്ടെന്ന് മുരളീധരന്‍ വ്യക്തമാക്കി. കേരളത്തിലെ ജനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നാണ് മുരളീധരന്‍ പ്രതികരിച്ചത്. കുമ്മനം രാജശേഖരനെയും അല്‍ഫോണ്‍സ് കണ്ണന്താനത്തെയുെ പിന്‍തള്ളിയാണ് മുരളീധരന്‍ കേന്ദ്രമന്തിയാകുന്നത്.
പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് ആദ്യം വിളിച്ചതെന്നും പിന്നീട് ക്യാബിനറ്റ് സെക്രട്ടറിയേറ്റില്‍നിന്നും വിളിച്ചെന്നും വി. മുരളീധരന്‍ പറഞ്ഞു. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമെന്നും, മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന് വിട്ടുനിന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയമാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ പ്രതികരിച്ചു. മന്ത്രിസ്ഥാനം പ്രതീക്ഷിക്കാത്തതിനാല്‍ ഭാര്യയും കുടുംബവും ഡല്‍ഹിയിലെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തലശേരി സ്വദേശിയായ വി. മുരളീധരന്‍ എ.ബി.വി.പി.യിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. എ.ബി.വി.പി.യുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. പിന്നീട് ബി.ജെ.പി.യിലും ആര്‍.എസ്.എസിലും ശക്തമായ സാന്നിധ്യമായി. ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘകാലം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വി. മുരളീധരനും നരേന്ദ്രമോദിയും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. നേരത്തെ നെഹ്റു യുവകേന്ദ്രയുടെ ചെയര്‍മാനായും വി. മുരളീധരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.