തിരുവനന്തപുരം : പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാതെ മുഖ്യമന്ത്രിയുടെ നാവായി പ്രവർത്തിക്കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെന്‍ററികാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. പിണറായി വിജയൻ പാലും പഴവും കൊടുത്ത് വളർത്തുന്ന തത്തയായി പ്രതിപക്ഷ നേതാവ് മാറിയിരിക്കുന്നു. രാജ്യത്തിന്‍റെ പ്രഥമപൗരനെ അവഹേളിച്ച സർക്കാരിനൊപ്പം നിൽക്കുക എന്നതാണോ നയമെന്ന് കോൺഗ്രസ്സിന്‍റെ ദേശീയ നേതൃത്വം വ്യക്തമാക്കണം.
രാഷ്ട്രപതിക്ക് ഡി ലിറ്റ് ശുപാർശ ചെയ്യാൻ ഗവർണർക്ക് എന്ത് അധികാരമെന്നാണ് വി ഡി സതീശൻ ചോദിക്കുന്നത്. രാജ്യത്തെ ഏതു പൗരനുമുള്ള അവകാശം ഗവർണർക്ക് ഇല്ലെന്ന് പറയുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണെന്നും മന്ത്രി ചോദിച്ചു. ഡി- ലിറ്റ് ശുപാർശ ആർക്കും കൊടുക്കാം. പ്രതിപക്ഷനേതാവിന് വിവരം ഇല്ലാത്തത് ഗവർണറുടെ കുറ്റമല്ലെന്നും മന്ത്രി പറഞ്ഞു. വി.ഡി സതീശന് പിണറായി വിജയനെ ഭയമാണ്.
ഈ ഭയത്തെ ക്രിയാത്മക പ്രതിപക്ഷമെന്ന് വിശേഷിപ്പിക്കുന്നു. ഭീരുവായ പ്രതിപക്ഷ നേതാവിനെയല്ല സർക്കാരിന്‍റെ ദുഷ്ചെയ്തികളെ ചോദ്യം ചെയ്യാനുള്ള തന്‍റേടവും ആർജ്ജവവും ഉള്ള പ്രതിപക്ഷ നേതാവിനെയാണ് കേരളത്തിന് ആവശ്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഡി.ലിറ്റ് നിഷേധിക്കാൻ എന്ത് അയോഗ്യതയാണ് രാഷ്ട്രപതിക്ക് ഉള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വി.മുരളീധരൻ ആവശ്യപ്പെട്ടു. ദളിത് കുടുംബത്തിൽ ജനിച്ചുവെന്നതാണ് അയോഗ്യതയെങ്കിൽ അക്കാര്യം മുഖ്യമന്ത്രി തുറന്ന് പറയണം. സിൻഡിക്കേറ്റ് യോഗം പോലും ചേരാതെയാണ് കേരളാ സർവ്വകലാശാല ഡി -ലിറ്റ് നൽകേണ്ടെന്ന തീരുമാനം എടുത്തത്. സ്വയം ഭരണാവകാശമുള്ള സർവ്വകലാശാലയുടെ അധികാരത്തിൽ ചട്ടവിരുദ്ധമായാണ് സർക്കാർ ഇടപ്പെട്ടിട്ടുള്ളത്. ഗവർണറെ നേരിൽ കാണാൻ മുഖ്യമന്ത്രി തയാറാകാത്തത് എന്തെന്നും വി.മുരളീധരൻ ചോദിച്ചു.